Kitchen Tips: സോഫ്റ്റ് പുട്ട് ഇനി ആർക്കും ഉണ്ടാക്കാം! പൊടി നനയ്ക്കുന്നത് മുതൽ വേവിക്കുന്നത് വരെ ശ്രദ്ധിക്കണം
How To Make Soft Puttu: പുട്ടിന് പൊടി നനയ്ക്കുന്നത് മുതൽ വേവിക്കുന്നത് വരെ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. എളുപ്പമെന്ന് കരുതിയാരും പുട്ട് ഉണ്ടാക്കാൻ നിൽക്കണ്ട. ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പുട്ട് ഉണ്ടാക്കുന്നത് അത്ര എളുപ്പമല്ലാതെയാകും.
മലയാളികളുടെ ഇഷ്ട ഭക്ഷണമാണ് പുട്ട്. രാവിലത്തെ ഭക്ഷണത്തിൽ പുട്ടും കടല കറിക്കും ഒരു പ്രത്യേക സ്ഥാനമുണ്ട്. എന്നാൽ ചിലർ എപ്പോഴും പരാതിപ്പെടുന്ന കാര്യമാണ് എങ്ങനെ നോക്കിയിട്ടും പുട്ട് സോഫ്റ്റാകുന്നില്ല എന്നത്. രാവിലെ ഉണ്ടാക്കിയ പുട്ട് ആവി വിട്ടുമാറുമ്പോൾ കല്ലുപോലെയാകുന്നു എന്നതാണ് പലരും നേരിടുന്ന പ്രശ്നം. അതുകൊണ്ട് തന്നെ പ്രാതലിന് നല്ല പഞ്ഞിപോലെയുള്ള പുട്ട് ഏതൊരു മലയാളിയുടെയും സ്വപ്നമാണ്.
പുട്ടിന് പൊടി നനയ്ക്കുന്നത് മുതൽ വേവിക്കുന്നത് വരെ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. എളുപ്പമെന്ന് കരുതിയാരും പുട്ട് ഉണ്ടാക്കാൻ നിൽക്കണ്ട. ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പുട്ട് ഉണ്ടാക്കുന്നത് അത്ര എളുപ്പമല്ലാതെയാകും. പുട്ട് സോഫ്റ്റാകാൻ റെസിപ്പിയിൽ മാത്രം കാര്യമില്ല, അത് തയ്യാറാക്കുന്ന രീതിയിലും ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്.
പൊടി നനയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
ചെറുചൂടുവെള്ളം: സാധാരണയായി പുട്ടിന് നനയ്ക്കുമ്പോൾ മിക്കവരും പച്ചവെള്ളമാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇനി മുതൽ കൈ പൊള്ളാത്ത പാകത്തിലുള്ള ചെറുചൂടുവെള്ളം ഉപയോഗിച്ച് പൊടി നനയ്ക്കുക. ഇത് അരിപ്പൊടിയെ കൂടുതൽ സോഫ്റ്റാക്കും. കൂടാതെ അതിലേക്ക് അല്പം നെയ്യ് കൂടി ചേർത്താൽ രുചിയും വർദ്ധിക്കും.
ഉപ്പ് വെള്ളം: വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം മാത്രം പൊടിയിലേക്ക് തളിക്കുക.
പാകം കണ്ടെത്താം: പൊടി നന്നായി നനഞ്ഞോ എന്ന് കണ്ടെത്തുന്നതിനായി, കുറച്ച് പൊടി കൈയ്യിലെടുത്ത് അമർത്തി ഉരുട്ടി പിടിക്കുക. അത് ഉടയാതെ ഇരിക്കുകയും എന്നാൽ വിരൽ കൊണ്ട് തൊടുമ്പോൾ പൊടിഞ്ഞു പോവുകയും ചെയ്യുന്ന പാകത്തിനായാൽ പുട്ടു പൊടി നന്നായി കുഴഞ്ഞെന്നത് മനസ്സിലാക്കാം.
മിക്സി ട്രിക്ക് ഉപയോഗിക്കാം
പൊടി നനച്ചു കഴിഞ്ഞാൽ അതിൽ ചെറിയ കട്ടകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഈ കട്ടകൾ പൊടിക്കാൻ കൈകൊണ്ട് തിരുമ്മുന്നതിന് പകരം നനച്ച പൊടി മിക്സിയിലിട്ട് ഒരു സെക്കൻഡ് മാത്രം ഒന്ന് ‘പൾസ്’ ചെയ്തെടുക്കുക അതായത് തിരിച്ച് കറക്കുക. പുട്ട് നല്ല തരിതരിപ്പുള്ളതാകാൻ ഈ ഒരൊറ്റ മാർഗം നിങ്ങളെ സഹായിക്കും.
അതുപോലെ തന്നെ പൊടി നനച്ച ഉടനെ പുട്ട് ഉണ്ടാക്കാൻ നിൽക്കരുത്. കുറഞ്ഞത് 20 മുതൽ 30 മിനിറ്റ് വരെ എങ്കിലും പാത്രം അടച്ചു വെക്കുക. ഈ സമയം കൊണ്ട് അരിപ്പൊടി വെള്ളം നന്നായി വലിച്ചെടുത്ത് മൃദുവാക്കുകയും പുട്ട് നല്ല സോഫ്റ്റായി ഇരിക്കുകയും ചെയ്യും.
കുറ്റിയിൽ നിറയ്ക്കുമ്പോൾ ശ്രദ്ധിക്കണേ
പുട്ടുക്കുറ്റിയിൽ പൊടി നിറയ്ക്കുമ്പോൾ ഒരിക്കലും കുത്തിനിറയ്ക്കരുത്. അതായത് കൈകൊണ്ടോ സ്പൂൺ കൊണ്ടോ അമർത്തരുത്. പൊടി ലൂസായി വേണം ഇടാൻ. അമർത്തിയാൽ ആവി ശരിക്ക് കയറാതെ പുട്ട് കട്ടിയാകുന്നു. ഓരോ ലെയറിലും തേങ്ങ ചേർക്കുന്നത് പുട്ടിന് കൂടുതൽ ഈർപ്പം നൽകുകയും സോഫ്റ്റാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ പുട്ടുകുടത്തിലെ വെള്ളം നന്നായി തിളച്ച ശേഷം മാത്രം കുറ്റി മുകളിൽ വെയ്ക്കുക. കുറ്റിയുടെ മുകളിൽ നിന്ന് നന്നായി ആവി വരാൻ തുടങ്ങിയാൽ തീ കുറച്ച് വെച്ച് 2-3 മിനിറ്റ് കൂടി ഒന്നുകൂടി വേവിക്കുക.