Landslide And Mudslide : ഇനി മാറിപ്പോകരുത്… മണ്ണിടിച്ചിലും ഉരുൾ പൊട്ടലും തമ്മിലുള്ള വ്യത്യാസവും സാമ്യതയും….
Landslides and Mudslides in Monsoon: ഉരുൾപൊട്ടൽ എന്നത് മണ്ണിടിച്ചിലിന്റെ ഭീകര രൂപമാണ്. ഇവിടെ മണ്ണ്, പാറക്കഷണങ്ങൾ, ചെടികളുടെ അവശിഷ്ടങ്ങൾ എന്നിവ വെള്ളവുമായി കലർന്ന് ഒരു ദ്രാവക രൂപത്തിൽ വളരെ വേഗത്തിൽ മലഞ്ചെരിവുകളിലൂടെ താഴേക്ക് ഒഴുകി വരുന്നതാണ്.

വയനാട്: മണ്ണിടിച്ചിലും ഉരുൾപൊട്ടലും മഴക്കാലത്ത് ഏറ്റവും അധികം കേൾക്കുന്ന രണ്ടു പ്രകൃതിദുരന്തങ്ങളാണ്. ഇവ തമ്മിൽ പലപ്പോഴും മാറിപ്പോകാറുണ്ട്. ഇവ തമ്മിൽ ഏറെ സാമ്യതകളും വ്യത്യാസങ്ങളുമുണ്ട്. ഇവയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുന്നത് ദുരന്തങ്ങളെ നേരിടാൻ സഹായിക്കും. പല സ്ഥലങ്ങളിലും റോഡിലേക്ക് മണ്ണും പാറകളും വീണ് വഴി അടയുന്നത് നാം കാണാറില്ലേ അതിനെ മണ്ണിടിച്ചിൽ എന്നു വിളിക്കാം. വയനാട്ടിൽ സംഭവിച്ച ദുരന്തം ഉരുൾ പൊട്ടലാണ്.
എന്താണ് മണ്ണിടിച്ചിൽ
മണ്ണിടിച്ചിൽ എന്നത്, പാറകളോ, മണ്ണോ, അല്ലെങ്കിൽ സസ്യജാലങ്ങളോ അടങ്ങുന്ന ഒരു വലിയ കൂട്ടം ഒരു ചരിഞ്ഞ പ്രതലത്തിലൂടെ ഗുരുത്വാകർഷണബലം കാരണം താഴേക്ക് നീങ്ങുന്ന പ്രതിഭാസമാണ്. ഇതിൽ മണ്ണ് മാത്രമല്ല, പാറക്കഷണങ്ങളും മരങ്ങളും ഉൾപ്പെടാം. ഇത് വേഗത്തിലോ സാവധാനത്തിലോ സംഭവിക്കാം. ഉരുൾപൊട്ടലിനെ അപേക്ഷിച്ച് നാശനഷ്ടം കുറവായിരിക്കാം, എന്നാൽ ഇത് പ്രദേശത്തെ ആശ്രയിച്ചിരിക്കും.
ഉരുൾപൊട്ടൽ
ഉരുൾപൊട്ടൽ എന്നത് മണ്ണിടിച്ചിലിന്റെ ഭീകര രൂപമാണ്. ഇവിടെ മണ്ണ്, പാറക്കഷണങ്ങൾ, ചെടികളുടെ അവശിഷ്ടങ്ങൾ എന്നിവ വെള്ളവുമായി കലർന്ന് ഒരു ദ്രാവക രൂപത്തിൽ വളരെ വേഗത്തിൽ മലഞ്ചെരിവുകളിലൂടെ താഴേക്ക് ഒഴുകി വരുന്നതാണ്. ഇത് ഒരു നദിയിലേതു പോലെ ശക്തമായ കുത്തൊഴുക്കായിരിക്കും. സാധാരണ മണ്ണിടിച്ചിലിനേക്കാൾ വലിയ തോതിലുള്ള നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും ഇത് വഴിവെക്കാറുണ്ട്. ചെളി നിറഞ്ഞ വെള്ളപ്പാച്ചിലാണിത്. ഒഴുകി എത്തുന്ന വഴിയിലുള്ള എല്ലാറ്റിനെയും ഒഴുക്കി മാറ്റാൻ ഇതിനു കഴിയും.
സാമ്യതകൾ
- രണ്ടും സംഭവിക്കുന്നത് മലഞ്ചെരിവുകളിലും കുത്തനെയുള്ള പ്രദേശങ്ങളിലുമാണ്.
- രണ്ടിനും പ്രധാന കാരണം കനത്ത മഴയാണ്. മണ്ണിൽ വെള്ളം കെട്ടിനിൽക്കുകയും, മണ്ണ് ദുർബലമാവുകയും ചെയ്യുമ്പോൾ ഇവ സംഭവിക്കാം.
- അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ, ഖനനം, സ്വാഭാവിക നീർച്ചാലുകൾ തടസ്സപ്പെടുത്തുന്നത്, വനനശീകരണം എന്നിവ രണ്ടിനും കാരണമാവാം.
- രണ്ടും വലിയ തോതിലുള്ള ഭൗതിക നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും വഴിവെക്കാറുണ്ട്.
- ഭൂമിയുടെ ഗുരുത്വാകർഷണബലമാണ് ഈ ചലനങ്ങൾക്ക് പിന്നിലെ അടിസ്ഥാന ശക്തി.
- രണ്ടും കൃത്യമായി എപ്പോൾ സംഭവിക്കുമെന്ന് പ്രവചിക്കാൻ ബുദ്ധിമുട്ടാണ്, എന്നാൽ ചില സൂചനകൾ ലഭിക്കാറുണ്ട്.