AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Migraine: ചെറുപ്പക്കാരിലെ മൈഗ്രേന് പിന്നിൽ ഇക്കാരണം; ന്യൂറോളജിസ്റ്റ്

Migraine Reasons In Young Adults: പണ്ട് മുതിർന്നവരിൽ മാത്രം കണ്ടുവന്നിരുന്ന ഒന്നായിരുന്നു മൈഗ്രെയ്ൻ. എന്നാൽ ഇന്ന് ഇത് ഏറ്റവും കൂടുതൽ കാണപ്പെടുന്നത് 20നും 30നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരിലാണ്. മൈഗ്രെയ്ൻ ഉള്ള ചെറുപ്പക്കാരിൽ 70 ശതമാനത്തിലധികം പേർക്കും സമ്മർദ്ദമാണ് പ്രധാന കാരണം.

Migraine: ചെറുപ്പക്കാരിലെ മൈഗ്രേന് പിന്നിൽ ഇക്കാരണം; ന്യൂറോളജിസ്റ്റ്
Migraine Image Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 31 Aug 2025 11:57 AM

ഒരിക്കൽപോലും തലവേദന വരാത്തവരായി ആരും ഉണ്ടാകില്ല. ചിലപ്പോൾ അതികഠിനമായ അവസ്ഥയിലേക്ക് മാറിയേക്കാം. ഈ സാഹചര്യത്തിൽ സ്വന്തം കാര്യങ്ങൾ പോലും ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ എല്ലാ തലവേദനകളും അപകടകരമാവണമെന്നില്ല. ശരിയായ രീതിയിൽ ചികിത്സിച്ചാൽ എളുപ്പത്തിൽ മാറ്റം വരുത്താൻ സാധിക്കും. പക്ഷേ മൈഗ്രെയ്ൻ ഉള്ളവരുടെ കാര്യം മറ്റുള്ളവരെ അപേക്ഷിച്ച് വ്യത്യസ്തമാണ്. ഓർക്കുമ്പോൾ തന്നെ പലരുടെയും ഉറക്കം പോകുന്ന ഒരു രോ​ഗാവസ്ഥയാണ് മൈഗ്രെയ്ൻ.

പണ്ട് മുതിർന്നവരിൽ മാത്രം കണ്ടുവന്നിരുന്ന ഒന്നായിരുന്നു മൈഗ്രെയ്ൻ. എന്നാൽ ഇന്ന് ഇത് ഏറ്റവും കൂടുതൽ കാണപ്പെടുന്നത് 20നും 30നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരിലാണ്. ന്യൂറോളജി സീനിയർ കൺസൾട്ടന്റും എപ്പിലെപ്‌സി സർവീസസ് മേധാവിയുമായ ഡോ. കെനി രവീഷ് രാജീവ് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ, ചെറുപ്പക്കാരിലെ മൈഗ്രെയ്ൻ്റെ യഥാർത്ഥ കാരണത്തെപ്പറ്റി വിശദീകരിക്കുന്നു. ജീവിതരീതികളും മറ്റ് പല കാര്യങ്ങളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു.

അമിതമായ സമ്മർദ്ദം

മൈഗ്രെയ്ൻ ഉള്ള ചെറുപ്പക്കാരിൽ 70 ശതമാനത്തിലധികം പേർക്കും സമ്മർദ്ദമാണ് പ്രധാന കാരണം. ജോലി സ്ഥലത്തെ അമിതഭാരം, സമയപരിധി, സാമ്പത്തിക അരക്ഷിതാവസ്ഥ, തിരക്ക് പിടിച്ച ജീവിതം എന്നിവ കോർട്ടിസോളിന്റെ അളവ് ഉയർത്തുന്നു. ഇത് സമ്മർദ്ദത്തിന് കാരണമാവുകയും തലവേദന ഉണ്ടാക്കുകയും ചെയ്യുന്നു. കാലക്രമേണ ഇത് മൈഗ്രെയ്ൻ എന്ന അവസ്ഥയിലേക്ക് മാറുന്നു.

ഡിജിറ്റൽ സ്‌ക്രീനിൻ്റെ അമിത ഉപയോഗം

ഇപ്പോഴത്തെ തലമുറ ദിവസവും കുറഞ്ഞത് ഒമ്പത് മണിക്കൂർ വരെ സ്‌ക്രീനുകൾക്ക് മുമ്പിൽ സമയം ചിലവഴിക്കുന്നവരാണ്. എന്നാൽ 18 മുതൽ 34 വയസുവരെ പ്രായമുള്ളവർ ഒരു ദിവസം ആറ് മണിക്കൂറിൽ കൂടുതൽ സ്ക്രീനുകൾ നോക്കിയാൽ അവർക്ക് മൈഗ്രെയ്ൻ വരാനുള്ള സാധ്യത 30 ശതമാനത്തിൽ കൂടുതലാണ്.

ഉറക്കവുമായി ബന്ധപ്പെട്ട രീതികൾ

ക്രമരഹിതമായ ഉറക്കം മൈഗ്രെയ്ൻ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാക്കുന്ന ഘടകമാണ്. രാത്രി വൈകിയുള്ള ജോലിസ്ഥലത്തെ ഷിഫ്റ്റുകൾ, അമിതമായി സ്ക്രീൻ ഉപയോ​ഗം, സോഷ്യൽ മീഡിയകളിൽ റീലുകൾ നോക്കി ഉറങ്ങാൻ വൈകുക എന്നിവ ഉറക്കത്തിൻ്റെ ​ഗുണനിലവാരം ഇല്ലാതാക്കുന്നു. ഇതുമൂലം രാവിലെ എഴുന്നേൽക്കുമ്പോൾ തലവേദന ഉണ്ടായേക്കാം. ഈ ശീലം കാലക്രമേണ നിങ്ങളെ മൈഗ്രെയ്ന് അടിമകളാക്കുന്നു.

ഭക്ഷണക്രമം

കഫീൻ അടങ്ങിയ വസ്തുക്കളുടെ ഉയർന്ന ഉപഭോഗം, ഭക്ഷണം കഴിക്കാതിരിക്കുക, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ സാധാരണമായി മൈഗ്രെയ്ൻ ഉണ്ടാകാനുള്ള കാരണങ്ങളാണ്. ഐടി പ്രൊഫഷണലുകൾക്കിടയിലെ എനർജി ഡ്രിങ്കുകളുടെ വർദ്ധിച്ചുവരുന്ന ഉപയോ​ഗവും മൈഗ്രെയ്ൻ രോ​ഗികളുടെ എണ്ണം വർദ്ധിക്കാൻ കാരണമായതായി ഡോ. കെനി രവീഷ് രാജീവ് പറയുന്നു.

മൈഗ്രെയ്നിൽ നിന്ന് രക്ഷനേടാം

  • 20-20-20 വ്യായാമം: ഓരോ 20 മിനിറ്റിലും കണ്ണുകൾക്ക് വിശ്രമം നൽകുക. സ്ക്രീനുകളിൽ നിന്ന് 20 മിനിറ്റ് കൂടുമ്പോൾ 20 അടി അകലെയുള്ള എന്തെങ്കിലും വസ്തുക്കളിലേക്ക് കുറഞ്ഞത് 20 സെക്കൻഡ് സമയം നോക്കുക. ഇത് നിങ്ങൾക്ക് വളരെയധികം ​ഗുണം ചെയ്യുന്ന ഒരു രീതിയാണ്.
  • ഒരു ദിവസം 200 മില്ലിഗ്രാമിൽ താഴെ മാത്രം കഫീൻ അടങ്ങിയ കാപ്പി, ചായ തുടങ്ങിയവ കുടിക്കുക.
  • സമ്മർദ്ദ ഹോർമോണുകളെ മറികടക്കാൻ ശ്വസന വ്യായാമം/യോഗ എന്നിവ ശീലമാക്കുക.