Onam 2025 : ഓണവും തുമ്പിയും: എന്താണ് ഈ ബന്ധം?
Onathumbi And Onam: തിളങ്ങുന്ന പച്ച നിറമാണ് മുഖ ഭാഗങ്ങളും ഇരുണ്ട തവിട്ട് നിറത്തിലുള്ള കണ്ണുകളുമാണ് ഇവയ്ക്ക്. ഉരസ്സിന് ഇരുണ്ട പച്ച നിറമാണ്.
ഓണക്കാലം വരുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ചില ദൃശ്യങ്ങളുണ്ട്- പൂക്കളും, ഓണസദ്യയും, ഊഞ്ഞാലും. ഈ കൂട്ടത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് ഓണത്തുമ്പി. ഓഗസ്റ്റ് മുതൽ ഡിസംബർ വരെ കേരളത്തിൽ സാധാരണയായി കാണുന്ന ഒരുതരം തുമ്പിയാണിത്. ഓണക്കാലത്ത് ഇവ കൂട്ടമായി പ്രത്യക്ഷപ്പെടുന്നതുകൊണ്ടാണ് ഇവയ്ക്ക് ഓണത്തുമ്പി എന്ന പേര് ലഭിച്ചത്.
ഓണത്തുമ്പിയുടെ പ്രത്യേകതകൾ
ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽപ്പെട്ട ഒരു കല്ലൻ തുമ്പിയാണ് ഓണത്തുമ്പി. ഇന്ത്യയുൾപ്പെടെ തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് ഇവയെ കൂടുതലായി കാണുന്നത്. നെൽപ്പാടങ്ങളും കുളങ്ങളും തോടുകളും പോലെയുള്ള ജലാശയങ്ങൾക്ക് സമീപമാണ് ഇവ മുട്ടയിട്ട് പെരുകുന്നത്.
കാഴ്ചയിൽ തിളങ്ങുന്ന പച്ചനിറമുള്ള മുഖവും കറുപ്പ് നിറമുള്ള ഉദരവും കാലുകളുമാണ് ഇവയ്ക്കുള്ളത്. കണ്ണുകൾക്ക് ഇരുണ്ട തവിട്ട് നിറമാണ്. ആൺതുമ്പികൾക്കും പെൺതുമ്പികൾക്കും കാഴ്ചയിൽ വലിയ വ്യത്യാസമില്ല. വെയിൽ ഉള്ള സമയത്ത് മുറ്റങ്ങളിലും തുറന്ന സ്ഥലങ്ങളിലും ഇവ കൂട്ടമായി വട്ടമിട്ട് പറക്കുന്നത് കാണാം.
ഓണക്കാലത്തിന്റെ വരവറിയിക്കുന്ന ഈ തുമ്പികൾ നമ്മുടെ നാടൻ കലാരൂപങ്ങളിലും പാട്ടുകളിലുമെല്ലാം ഒരുപോലെ ഇടംപിടിച്ചിട്ടുണ്ട്. ‘ഓണത്തുമ്പീ പാടൂ…ഓരോ രാഗം നീ…’ എന്ന ഗാനം തന്നെ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. ഓണക്കാലത്തിന്റെ സന്തോഷവും സമൃദ്ധിയും വിളിച്ചോതുന്ന ഒരു പ്രതീകമായിട്ടാണ് മലയാളികൾ ഓണത്തുമ്പിയെ കാണുന്നത്.