AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Chithira Day: വീടും പരിസരവും വൃത്തിയാക്കിയോ? മോടിപിടിപ്പിക്കൽ വേ​ഗന്നാകട്ടെ; ചിത്തിര ദിവസത്തിൻ്റെ പ്രത്യേകതകൾ അറിയാം

Onam Chithira Day 2025: പൊതുവെ തിരക്കിട്ട ജീവിതമായതിനാൽ പലരും ഇന്ന് ഇത്തരം ആചാരങ്ങളും ആഘോഷങ്ങളും തിരവോണ ദിവസം മാത്രമായി ചുരുക്കിയിരിക്കുകയാണ്. എങ്കിലും നാട്ടിൻപുറങ്ങളിലും ചില പ്രദേശങ്ങളിലും ഇന്നും ഈ പത്ത് ദിവസം വലിയ പ്രാധാന്യത്തോടെയാണ് അനുഷ്ടിക്കുന്നത്.

Onam Chithira Day: വീടും പരിസരവും വൃത്തിയാക്കിയോ? മോടിപിടിപ്പിക്കൽ വേ​ഗന്നാകട്ടെ; ചിത്തിര ദിവസത്തിൻ്റെ പ്രത്യേകതകൾ അറിയാം
Onam Chithira DayImage Credit source: Gettyimages
neethu-vijayan
Neethu Vijayan | Published: 26 Aug 2025 16:02 PM

ഓണമെന്ന് കേട്ടാൽ മലയാളികളിൽ ആവേശവും അതിലുപരി സന്തോഷവുമാണ്. അത്തം പിറന്നതോടെ ഇനി തിരുവോണത്തിനുള്ള കാത്തിരിപ്പിലാണ് മലയാളികൾ. ഓണത്തിനുള്ള ഒരുക്കങ്ങൾ കേരളമാകെ സജ്ജമായിക്കഴിഞ്ഞു. ഓണവിപണികളിൽ വ്യാപാരം പൊടിപൊടിക്കുകയാണ്. എവിടെ നോക്കിയാലും ഓണപ്പാട്ടും, ഓണാരവങ്ങളും പൂക്കളും മാവേലിയും മാത്രം. അത്തം മുതലുള്ള പത്ത് ദിവസമാണ് സാധാരണയായി മലയാളികൾ കൊണ്ടാടുന്നത്. പണ്ടുമുതൽക്കെ ഉള്ള ആചാരമാണിത്.

അത്തം മുതലെന്ന് പറയുമ്പോൾ ഓരോ ദിവസത്തിനും അതിൻ്റേതായ പ്രത്യകതകളുണ്ട്. അതറിഞ്ഞ് വേണം ആ ദിവസം കൊണ്ടാടാൻ. പൊതുവെ തിരക്കിട്ട ജീവിതമായതിനാൽ പലരും ഇന്ന് ഇത്തരം ആചാരങ്ങളും ആഘോഷങ്ങളും തിരവോണ ദിവസം മാത്രമായി ചുരുക്കിയിരിക്കുകയാണ്. എങ്കിലും നാട്ടിൻപുറങ്ങളിലും ചില പ്രദേശങ്ങളിലും ഇന്നും ഈ പത്ത് ദിവസം വലിയ പ്രാധാന്യത്തോടെയാണ് അനുഷ്ടിക്കുന്നത്. അത്തം മുതൽ 10 ദിവസം ചില ചിട്ടവട്ടങ്ങളോടെ പൂക്കളമിടലും സദ്യവട്ടങ്ങളും തുടങ്ങി ജീവിത രീതികളിൽ വരെ കൃത്യമായ മാറ്റങ്ങളോടെ അത് അനുഷ്ടിക്കുന്നവർ ഇന്നുമുണ്ട്. അത്തരത്തിൽ ചിത്തിര ദിവസത്തിൻ്റെ പ്രധാന്യം എന്താണെന്ന് നമുക്ക് നോക്കാം.

മഹാബലി തമ്പുരാനെ വരവേൽക്കാനുള്ള പരക്കംപാച്ചിലിലാണ് മലയാളികൾ. ഓണപാച്ചിലിൽ മലയാളികൾക്ക് വീടും പരിസരവും വൃത്തിയാക്കാനായി ഒരു ദിവസം. അതാണ് ചിത്തിര ദിവസത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത. മഹാബലിയെ വീട്ടിലേക്ക് സ്വാ​ഗതം ചെയ്യുന്നതിൻ്റെ ഭാ​ഗമായി വീട് പരിസരവും മോടിപിടിപ്പിക്കാൻ വേണ്ടി ഈ ദിവസം മാറ്റിവയ്ക്കുന്നു. ഓണമിങ്ങെത്തിയാൽ പൊതുവെ നമ്മൾ കണ്ടുവരുന്ന ഒന്നാണ് വീടും പരസരവും ചെത്തി വൃത്തിയാക്കുക എന്നത്. മാവേലി തമ്പുരാൻ എഴിന്നെള്ളുമ്പോൾ കടന്നുവരുന്ന വഴിയിൽ ഒരു പുല്ലുപോലും ഉണ്ടാകാൻ പാടില്ലെന്നുള്ള വിശ്വാസമാണ് ഇതിൻ്റെ പിന്നിൽ.

വീടും പരിസരവും വൃത്തിയാക്കാതെ ഇട്ടിരുന്നാൽ മാവേലി തമ്പുരാൻ ആ വീട്ടിലേക്ക് കയറാതെ പോകുമെന്നാണ് ഐതിഹ്യം. അതുകൊണ്ട് തന്നെ മറ്റ് ആഘോഷത്തോടൊപ്പം മലയാളികൾ വളരെ പ്രാധാന്യത്തോടെ തന്നെ ചിത്തിര ദിവസം വീടും പറമ്പും വൃത്തിയാക്കുന്നു. ഇതെല്ലാം കൂടാതെ മറ്റൊരു പ്രത്യേകത കൂടിയുണ്ട് കേട്ടോ. ഓണത്തിൻ്റെ പ്രധാന ആകർഷണമായ പലഹാരങ്ങൾ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങുന്ന ദിവസമാണ് ചിത്തിര.

അതിൻ്റെ ഭാ​ഗമായി വീട്ടിലുള്ള വലിയ പാത്രങ്ങളും തട്ടിൻ പുറത്തെ കുട്ടകളുമടക്കം എടുത്ത് വൃത്തിയാക്കുകയും വെയിലത്തുവയ്ക്കുകയും ചെയ്യുക എന്നത് ഈ ദിവസത്തെ പ്രധാന ജോലികളിൽ ഒന്നാണ്. ഇതോട് കൂടി തിരവോണ ദിവസത്തേക്കുള്ള ഓട്ടപ്പാച്ചിലിൻ്റെ വേ​ഗത കൂടുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ വളരെ ധൃതിയോടെയാണ് പലതും ചെയ്തു തീർക്കേണ്ടത്.

ചിത്തിര ദിവസത്തെ പൂക്കളം ഇങ്ങനെ

അത്തം മുതൽ പത്തുദിവസം പൂക്കളം ഒരുക്കുന്നതിനും ചില രീതികളുണ്ട്. പ്രാദേശികമായി ഇതിനെല്ലാം അതിൻ്റേതായ മാറ്റങ്ങളും ഉണ്ട്. ചിത്തിര ദിവസത്തിൽ പൂക്കളത്തിൻ്റെ നിര കൂടും. നിലവിളക്കു കൊളുത്തി ഗണപതിക്കു വെച്ച് ചാണകം മെഴുകിയ തറയിൽ പൂക്കളം ഇടും. ആദ്യ രണ്ടു ദിവസം തുമ്പപ്പൂവും തുളസിയും മാത്രം ഇടുന്നത് ചില സ്ഥലങ്ങളിലെ രീതിയാണ്. കേരളത്തിലെ രീതിയനുസരിച്ച്, അത്തത്തിന് ഒരു കളം പൂവും ചിത്തിരക്ക് രണ്ട് കളം പൂവുമാണ് ഒരുക്കുന്നത്. മൺമറഞ്ഞു പോയ കാഴ്ച്ചകളാണ് ഇന്ന് ഇവയെല്ലാം.