Health Tips: കൂടുതൽ സമയം കുട്ടികൾ ഫോൺ കാണുന്നുണ്ടോ? മാതാപിതാക്കൾ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
Protect your child’s vision from Progressive Myopia: കുട്ടികളുടെ കാഴ്ചശക്തി സംരക്ഷിക്കാൻ ഡോക്ടർമാർ പ്രധാനമായും നിർദേശിക്കുന്നത് 20-20-20 നിയമം പാലിക്കാനാണ്. കണ്ണിന്റെ ആയാസം കുറയ്ക്കാൻ ഓരോ 20 മിനിറ്റ് സ്ക്രീൻ ഉപയോഗത്തിന് ശേഷവും, 20 സെക്കൻഡ് ഇടവേളയെടുത്ത് 20 അടി അകലെയുള്ള വസ്തുവിലേക്ക് നോക്കുക എന്നതാണ് ഈ രീതി.

പ്രതീകാത്മക ചിത്രം
കുട്ടികളിൽ അകലെയുള്ള വസ്തുക്കൾ വ്യക്തമായി കാണാനാകാതെ മങ്ങലോടെ കാണുന്ന മയോപിയ എന്ന അവസ്ഥ പ്രതിദിനം വർധിച്ചുവരുന്നതായി ആരോഗ്യരംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സാധാരണയായി 6 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികളിലാണ് ഈ കാഴ്ച വൈകല്യം കൂടുതലായി കണ്ടുവരുന്നത്. ചില കുട്ടികളിൽ കണ്ണടയുടെ പവർ വർഷംതോറും അതിവേഗം വർധിക്കുന്ന ‘പ്രോഗ്രസീവ് മയോപിയ എന്ന അവസ്ഥയും കണ്ടുവരുന്നുണ്ട്.
കണ്ണിന്റെ ആകൃതി സാധാരണയിലും നീളമുള്ളതാകുകയോ കോർണിയയുടെ വളവ് കൂടുകയോ ചെയ്യുമ്പോൾ, പ്രകാശം റെറ്റിനയ്ക്ക് മുന്നിലായി ഫോക്കസ് ചെയ്യുന്നതാണ് മയോപിയയ്ക്ക് കാരണം. ജനിതക കാരണങ്ങൾക്ക് പുറമെ കുട്ടികളിലെ വർധിച്ച സ്ക്രീൻ ടൈമും പുറത്തുപോയി കളിക്കാനുള്ള അവസരങ്ങൾ കുറയുന്നതുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ലക്ഷണങ്ങൾ തിരിച്ചറിയാം
കുട്ടികളിൽ താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം
- ബ്ലാക്ക് ബോർഡിലെ അക്ഷരങ്ങൾ വ്യക്തമായി കാണാൻ കഴിയാത്ത അവസ്ഥ.
- ടെലിവിഷൻ വളരെ അടുത്തിരുന്ന് കാണുക.
- വായിക്കുമ്പോൾ പുസ്തകങ്ങൾ കണ്ണിനോട് വളരെ അടുപ്പിച്ചു പിടിക്കുക.
- ഇടയ്ക്കിടെ കണ്ണുചിമ്മുക, കണ്ണ് വേദനയോ ക്ഷീണമോ പ്രകടിപ്പിക്കുക.
- നിരന്തരമായ തലവേദന, പഠനത്തിൽ ശ്രദ്ധ കുറയുക.
പ്രായത്തിനനുസരിച്ച് സ്ക്രീൻ ടൈം ക്രമീകരിക്കാം
ഓൺലൈൻ പഠനവും വിനോദങ്ങളും കാരണം കുട്ടികളുടെ സ്ക്രീൻ ഉപയോഗം പലപ്പോഴും 6 മണിക്കൂറിലധികം നീളാറുണ്ട്. ഓൾ ഇന്ത്യ ഒഫ്താൽമോളജിക്കൽ സൊസൈറ്റി (AIOS) നിർദേശിക്കുന്ന സ്ക്രീൻ സമയക്രമം ഇപ്രകാരമാണ്:
- 2 വയസ്സിന് താഴെ: സ്ക്രീൻ ഉപയോഗം പൂർണ്ണമായും ഒഴിവാക്കുക.
- 2 മുതൽ 5 വയസ്സ് വരെ: പ്രതിദിനം ഒരു മണിക്കൂറിൽ താഴെ.
- 5 മുതൽ 10 വയസ്സ് വരെ: പഠന ആവശ്യങ്ങൾക്കല്ലാതെ പരമാവധി രണ്ട് മണിക്കൂറിൽ താഴെ.
പ്രതിരോധ മാർഗങ്ങളും ’20-20-20′ നിയമവും
കുട്ടികളുടെ കാഴ്ചശക്തി സംരക്ഷിക്കാൻ ഡോക്ടർമാർ പ്രധാനമായും നിർദേശിക്കുന്നത് 20-20-20 നിയമം പാലിക്കാനാണ്. കണ്ണിന്റെ ആയാസം കുറയ്ക്കാൻ ഓരോ 20 മിനിറ്റ് സ്ക്രീൻ ഉപയോഗത്തിന് ശേഷവും, 20 സെക്കൻഡ് ഇടവേളയെടുത്ത് 20 അടി അകലെയുള്ള വസ്തുവിലേക്ക് നോക്കുക എന്നതാണ് ഈ രീതി.
ALSO READ: മഴക്കാലത്ത് കൊതുക് ശല്യം അകറ്റാം, എളുപ്പ വഴികളിതാ..
കൂടാതെ കുട്ടികളിൽ വാർഷിക നേത്രപരിശോധന നിർബന്ധമാക്കുക, പഠിക്കുമ്പോൾ മുറിയിൽ മതിയായ വെളിച്ചം ഉറപ്പാക്കുക, ദിവസവും കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും കുട്ടികളെ പുറത്തുപോയി കളിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നിവയും ശീലമാക്കണം.
അവഗണിച്ചാൽ ഗുരുതരമായേക്കാം
കണ്ണടയുടെ പവർ വേഗത്തിൽ കൂടുന്ന അവസ്ഥ സാധാരണമാണെന്ന് കരുതി അവഗണിക്കരുത്. ഇത് ‘ഹൈ മയോപിയ’ ആയി മാറിയാൽ ഭാവിയിൽ റെറ്റിനൽ ഡിറ്റാച്ച്മെന്റ്, ഗ്ലോക്കോമ, കാറ്ററാക്ട് (തിമിരം) തുടങ്ങിയ ഗുരുതര നേത്രരോഗങ്ങൾക്കും കാഴ്ച നഷ്ടപ്പെടുന്നതിനും വരെ കാരണമായേക്കാം. സാധാരണ കണ്ണടകൾ, കോൺടാക്റ്റ് ലെൻസുകൾ, മയോപിയ കൺട്രോൾ ലെൻസുകൾ, പ്രത്യേക ഐ ഡ്രോപ്പുകൾ എന്നിവയിലൂടെ ഇത് നിയന്ത്രിക്കാനാകും. മുതിർന്നവരിൽ ലാസിക് (LASIK) ശസ്ത്രക്രിയയും ലഭ്യമാണ്. ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യ വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
English Summary
The rapid rise in childhood myopia, driven by excessive screen time and limited outdoor activity, is causing a significant increase in distance-vision blurring among children aged 6 to 14. To prevent long-term complications like glaucoma or retinal detachment, experts urge parents to schedule annual eye checkups, restrict daily screen time, and adopt the protective “20-20-20” rule.