Thyroid health: അത്ര നിസ്സാരമല്ല തൈറോയ്ഡിന്റെ കാരണങ്ങൾ, ഈ ശീലങ്ങൾ ഒന്നു മാറ്റി നോക്കൂ
Habits that damage thyroid health: ഭാരം കുറയ്ക്കാനായി പ്രഭാതഭക്ഷണമോ ഉച്ചഭക്ഷണമോ ഒഴിവാക്കുന്ന ശീലം തൈറോയ്ഡ് രോഗികൾക്ക് അപകടകരമാണ്. കലോറി കുറഞ്ഞ ഡയറ്റുകൾ സ്വീകരിക്കുമ്പോൾ ഊർജ്ജം ലാഭിക്കാനായി ശരീരം മെറ്റബോളിസം കുറയ്ക്കും.
ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയും മെറ്റബോളിസവും നിയന്ത്രിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥി. എന്നാൽ നമ്മുടെ നിത്യജീവിതത്തിലെ ചില തെറ്റായ ശീലങ്ങൾ ഈ ഗ്രന്ഥിയുടെ പ്രവർത്തനത്തെ തകിടം മറിച്ചേക്കാം. തൈറോയ്ഡ് ആരോഗ്യം സംരക്ഷിക്കാൻ ഒഴിവാക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് നോക്കാം.
7 മണിക്കൂറിൽ താഴെയുള്ള ഉറക്കം
നാം ഉറങ്ങുമ്പോഴാണ് ശരീരത്തിലെ ഹോർമോണുകൾ പുനരുജ്ജീവിപ്പിക്കപ്പെടുന്നത്. ദിവസവും ഏഴ് മണിക്കൂറിൽ കുറവ് ഉറങ്ങുന്നത് തൈറോയ്ഡ് ഹോർമോൺ ഉത്പാദനത്തെ ദോഷകരമായി ബാധിക്കും. കിടക്കുന്നതിന് മുൻപുള്ള ഫോൺ ഉപയോഗം കുറച്ച് കൃത്യമായ ഉറക്കക്രമം പാലിക്കുന്നത് ഹോർമോൺ നില മെച്ചപ്പെടുത്താൻ സഹായിക്കും.
വിട്ടുമാറാത്ത മാനസിക സമ്മർദം
അമിതമായ സ്ട്രെസ് തൈറോയ്ഡ് പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. സ്ട്രെസ് വർധിക്കുമ്പോൾ ശരീരം നൽകുന്ന സിഗ്നലുകളിൽ വ്യതിയാനം സംഭവിക്കുകയും ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ സ്വാഭാവിക പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
ഭക്ഷണം ഒഴിവാക്കൽ
ഭാരം കുറയ്ക്കാനായി പ്രഭാതഭക്ഷണമോ ഉച്ചഭക്ഷണമോ ഒഴിവാക്കുന്ന ശീലം തൈറോയ്ഡ് രോഗികൾക്ക് അപകടകരമാണ്. കലോറി കുറഞ്ഞ ഡയറ്റുകൾ സ്വീകരിക്കുമ്പോൾ ഊർജ്ജം ലാഭിക്കാനായി ശരീരം മെറ്റബോളിസം കുറയ്ക്കും. ഇത് ഗ്രന്ഥിയുടെ പ്രവർത്തനവേഗത കുറയ്ക്കാൻ കാരണമാകും. സംസ്കരിച്ച ഭക്ഷണങ്ങളും അമിത മധുരവും പൂർണ്ണമായും ഒഴിവാക്കണം.
Also read – മദ്യത്തിന് സുരക്ഷിതമായ അളവുണ്ടോ? മാസത്തിലൊന്നും വല്ലപ്പോഴും മദ്യപിക്കുന്നവർ ശ്രദ്ധിക്കുക
ഡോക്ടറുടെ നിർദേശമില്ലാതെയുള്ള സപ്ലിമെന്റുകൾ
തടി കുറയ്ക്കാനോ ഉന്മേഷം വർദ്ധിപ്പിക്കാനോ വേണ്ടി പലരും ഡോക്ടറുടെ നിർദ്ദേശമില്ലാതെ സപ്ലിമെന്റുകൾ ഉപയോഗിക്കാറുണ്ട്. കൃത്യമായ വൈദ്യപരിശോധനയില്ലാതെ കഴിക്കുന്ന ഇത്തരം മരുന്നുകൾ ഹോർമോൺ നില തകിടം മറിക്കാനേ സഹായിക്കൂ.
വ്യായാമമില്ലായ്മ
ശാരീരിക അധ്വാനം കുറയുന്നത് ശരീരത്തിൽ വീക്കം (Inflammation) ഉണ്ടാകാനും മെറ്റബോളിസം മന്ദഗതിയിലാകാനും കാരണമാകും. ഇത് പരോക്ഷമായി തൈറോയ്ഡ് ആരോഗ്യത്തെ നശിപ്പിക്കുന്നു. നിത്യവും ലളിതമായ വ്യായാമങ്ങളെങ്കിലും ശീലമാക്കുന്നത് ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താൻ അത്യാവശ്യമാണ്.