Varkala: ഇന്ത്യയിലേക്ക് പോകരുതെന്ന് പറഞ്ഞതാണ്, എന്നാൽ ഇവിടം സിനിമപോൽ സുന്ദരം; എമ്മയുടെ വ്ലോഗ് വൈറൽ
Kerala Varkala Tourist Place: ഇന്ത്യയിലേക്ക് പോകരുത്, അവിടം വൃത്തിയില്ലാത്തയിടമെന്നാണ് തന്നോട് പലരും പറഞ്ഞിരുന്നതായും വ്ലോഗിനിടിയിൽ എമ്മ പറയുന്നുണ്ട്. ആ പറഞ്ഞത് ശരിയല്ലെന്ന് കാണിക്കാൻ താനിവിടെ എത്തിയെന്നും ഇവിടുത്തെ കാഴ്ച്ചകൾ അതിമനോഹരമാണെന്നും എമ്മ പറയുന്നു.

Travel Vlogger Emma
ദൈവത്തിൻ്റെ സ്വന്തം നാടിനെ വാനോളം പുകഴ്ത്തി എമ്മ എന്ന വിദേശ സഞ്ചാരി. കേരളത്തിലെ വർക്കലയിൽ എത്തിയ എമ്മ നാടിൻ്റെ ഭംഗിയും അനുഭവവുമാണ് അവരുടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെ പറയുന്നത്. തനിക്ക് ഒരു സിനിമയിലെന്ന പോലത്തെ അനുഭവമാണ് ഈ നാട്ടിൽ നിന്ന് ഉണ്ടായതെന്നാണ് ലോകത്തോട് എമ്മ വിളിച്ചുപറഞ്ഞത്.
ഇന്ത്യയിലേക്ക് പോകരുത്, അവിടം വൃത്തിയില്ലാത്തയിടമെന്നാണ് തന്നോട് പലരും പറഞ്ഞിരുന്നതായും വ്ലോഗിനിടിയിൽ എമ്മ പറയുന്നുണ്ട്. എന്നാൽ, ആ പറഞ്ഞത് ശരിയല്ലെന്ന് കാണിക്കാൻ താനിവിടെ എത്തിയെന്നും ഇവിടുത്തെ കാഴ്ച്ചകൾ അതിമനോഹരമാണെന്നും എമ്മ പറയുന്നു. കേരളത്തിലെ വർക്കല എന്ന സ്ഥലത്താണ് താനെന്നും സിനിമയിൽ നിന്ന് ഇറങ്ങിവന്ന ഒരു സ്ഥലം പോലെയുണ്ട് ഇവിടെമെന്നും എമ്മ വീഡിയോയിൽ വ്യക്തമാക്കുന്നു.
ALSO READ: നിങ്ങൾ കയറുംമുമ്പ് ലഗേജുമായി ട്രെയിൻ പോയോ… ഇനി എന്തു ചെയ്യും; ടെൻഷൻ വേണ്ട വഴിയുണ്ട്
മനോഹരമായ ഒരു കുറിപ്പോട് കൂടെയാണ് വർക്കലയിൽ അനുഭവം വിശദമാക്കികൊണ്ട് എമ്മ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘നിങ്ങൾ ഇക്കാര്യത്തോട് യോജിക്കുന്നുണ്ടോ? ഇന്ത്യയിലേക്ക് പോകരുതെന്ന് ഒരുപാട് പേർ എന്നോട് പറഞ്ഞു. മാലിന്യങ്ങൾ നിറഞ്ഞ, വൃത്തിക്കെട്ട, തട്ടിപ്പുകാരുടെ സ്ഥലമാണ് ഇന്ത്യയെന്നാണ് പലരും തന്നോട് പറഞ്ഞത്. എന്നാൽ അതല്ല ഇന്ത്യയുടെ പൂർണചിത്രം. അത് തെളിയിക്കാനം നിങ്ങളോട് പറയാനും ഞാൻ ഇവിടെക്ക് എത്തിയിരിക്കുകയാണ്. കേരളത്തിലെ വർക്കലയിലാണ് ഞാനിപ്പോൾ. സിനിമയിലേത് പോലൊരു സ്ഥലം നേരിട്ട് കണ്ട അനുഭവമാണ് എനിക്ക്.
ക്ലിഫുകളിൽ നിരനിരയായി നിൽക്കുന്ന പനകൾ, താഴെ ആർത്തുലച്ച് തീരത്തെ തഴുകുന്ന തിരമാലകൾ, ഇന്ത്യയെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കുന്ന എല്ലാ കഥകളും മറക്കാൻ സഹായിക്കുന്ന സൂര്യാസ്തമയങ്ങൾ. കേരളത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് തന്നെ ഇവയെല്ലാം മാറ്റിമറിക്കുന്നു. ബീച്ചുകൾ വളരെ ശാന്തമാണ്. ഇവിടെയുള്ള നാട്ടുകാർ ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സൗഹൃദപരമാണ്. ഇവിടുത്തെ ഭക്ഷണം അതുപോലെ മനോഹരമാണ്.
നിങ്ങൾക്ക് എപ്പോഴെങ്കിലും ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ആരെങ്കിലും പറഞ്ഞു കേട്ട കാര്യങ്ങൾ കേട്ട് മടി തോന്നിയിട്ടുണ്ടെങ്കിൽ, ഇവിടേക്ക് വരു. ഞാനിവിടെ മൂന്നാഴ്ച്ചയായി. ഇപ്പോൾ നാടിനോട് എനിക്ക് പ്രണയമാണ്. കേരളമെന്ന് നാട് ഈ രാജ്യത്തോടുള്ള എല്ലാ തോന്നലുകളും മാറ്റിയെടുക്കും. എമ്മ പറഞ്ഞു.