IRCTC Jyotirlinga Yatra: ഭാരത് ഗൗരവ് ട്രെയിനിൽ പഞ്ച ജ്യോതിർലിംഗ യാത്ര; ഒപ്പം ദക്ഷണ ക്ഷേത്രങ്ങളും സന്ദർശിക്കാം
IRCTC Jyotirlinga Dakshin Darshan Yatra: തിരുപ്പതി, രാമേശ്വരം (ജ്യോതിർലിംഗ), മധുര, കന്യാകുമാരി, ശ്രീശൈലം (മല്ലികാർജുന ജ്യോതിർലിംഗ) എന്നിവയാണ് ഈ യാത്രയിൽ ഉൾപ്പെടുന്ന മറ്റ് തീർത്ഥാടന കേന്ദ്രങ്ങൾ. ജ്യോതിർലിംഗ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് ഭക്തർക്ക് മോക്ഷം നൽകുമെന്നും പാപങ്ങളിൽ നിന്ന് മോചിപ്പിക്കുമെന്നുമാണ് വിശ്വസം.
ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി), പ്രത്യേക ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ പഞ്ച ജ്യോതിർലിംഗ യാത്ര സംഘടിപ്പിക്കുന്നു. 11 ദിവസം നീണ്ടു നിൽക്കുന്ന യാത്രയിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പുണ്യസ്ഥലങ്ങളും ഉൾപ്പെടുന്നു. തിരുപ്പതി, രാമേശ്വരം (ജ്യോതിർലിംഗ), മധുര, കന്യാകുമാരി, ശ്രീശൈലം (മല്ലികാർജുന ജ്യോതിർലിംഗ) എന്നിവയാണ് ഈ യാത്രയിൽ ഉൾപ്പെടുന്ന മറ്റ് തീർത്ഥാടന കേന്ദ്രങ്ങൾ.
2025 നവംബർ 25 ന് ഇൻഡോറിൽ നിന്നാണ് “02 ജ്യോതിർലിംഗ ദക്ഷിണ ദർശന യാത്ര” ആരംഭിക്കുന്നത്. സ്വന്തം നാട് കാണാനും ഭംഗി ആസ്വദിക്കാനും വേണ്ടി ഇന്ത്യൻ റെയിൽവേയുടെ പുതിയ സംരംഭത്തിന്റെ ഭാഗമാണ് ഐആർസിടിസി നടത്തുന്ന ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ. യാത്രക്കാർക്ക് താങ്ങാനാകുന്ന ബജറ്റിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ഇക്കണോമി ക്ലാസ് (SL) – ഒരാൾക്ക് 20,000 രൂപ, സ്റ്റാൻഡേർഡ് ക്ലാസ് (3AC) – ഒരാൾക്ക് 32,800 രൂപ, കംഫർട്ട് ക്ലാസ് (2AC) – ഒരാൾക്ക് 43,300 രൂപ എന്നിങ്ങനെയാണ് ഈ യാത്രയിൽ ഈടാക്കുന്നത്.
Also Read: നിങ്ങൾ കണ്ടിട്ടുണ്ടോ കൊളുക്കുമലയിലെ സൂര്യോദയം?; കാണാത്തവർ വേഗം വിട്ടോ
ഇൻഡോർ, ഉജ്ജൈൻ, ഷുജൽപൂർ, സെഹോർ, റാണി കമലപതി, ഇറ്റാർസി, ബേതുൽ, നാഗ്പൂർ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്റ്റോപുണ്ടാകും. ജ്യോതിർലിംഗ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് ഭക്തർക്ക് മോക്ഷം നൽകുമെന്നും പാപങ്ങളിൽ നിന്ന് മോചിപ്പിക്കുമെന്നുമാണ് വിശ്വസം. ശിവപുരാണം അനുസരിച്ച്, ഇന്ത്യയിൽ ആകെ 12 പ്രധാന ജ്യോതിർലിംഗങ്ങളാണുള്ളത്. ശിവ ഭഗവാൻ പ്രകാശരൂപത്തിൽ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളെയാണ് ജ്യോതിർലിംഗ ക്ഷേത്രങ്ങൾ എന്ന് പേരിൽ അറിയപ്പെടുന്നത്.
ഭക്ഷണരീതിയും മറ്റ് വിവരങ്ങളും
സസ്യാഹാരം മാത്രമാകും (പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം) യാത്രയിൽ ലഭിക്കുക.
എസി ഇല്ലാത്ത ബസുകളിലാണ് ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുക.
ട്രെയിനിൽ ടൂർ എസ്കോർട്ടും സുരക്ഷാ ജീവനക്കാരുമുണ്ടാകും
ഒരു യാത്രക്കാരന് പ്രതിദിനം 1 ലിറ്റർ കുപ്പിവെള്ളം ലഭിക്കും
എല്ലാ യാത്രക്കാർക്കും യാത്രാ ഇൻഷുറൻസും ഇതോടൊപ്പം ഉൾപ്പെടുന്നു