Water Metro Mattancherry Service: വാട്ടർ മെട്രോയിലൂടെ മട്ടാഞ്ചേരിയിലേക്ക്; ഓണം കൊച്ചിയിൽ ആഘോഷിക്കാം
Kochi Water Metro Mattancherry Service: സംസ്ഥാന ജലഗതാഗത വകുപ്പ് (എസ്ഡബ്ല്യുടിഡി) മട്ടാഞ്ചേരിക്കും എറണാകുളം ജെട്ടിക്കും ഇടയിൽ ബോട്ട് സർവീസ് നടത്തുന്നുണ്ട്. കൊച്ചി വാട്ടർ മെട്രോ ഇവിടേക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്കിടയിൽ ഏറ്റവും മനോഹരമായ ഒരു യാത്രാനുഭവമാണ് തുറന്നുനൽകുന്നത്.

Kochi Water Metro
ഇത്തവണത്തെ ഓണം പൊടിപൊടിക്കാൻ കൊച്ചിയിലേക്ക് പോന്നോളൂ. കാണാൻ കാഴ്ച്ചകളും ആസ്വദിക്കാൻ നിരവധി വിനോദ പരിപാടികളുമായി ഇക്കൊല്ലത്തെ ഓണം വൈബാക്കാൻ കൊച്ചി തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ സഞ്ചാരികൾക്ക് ഓണസമ്മാനമായി എത്തിയിരിക്കുകയാണ് നമ്മുടെ സ്വന്തം വാട്ടർ മെട്രോ. സെപ്റ്റംബർ ആദ്യവാരം മുതൽ പുതിയ റൂട്ടിൽ സർവീസ് നടത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഓണം കളറാക്കാനും സഞ്ചാരികളെ ആകർഷിക്കാനും വേണ്ടിയാണ് ഇങ്ങനൊരു സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഹൈക്കോടതി ടെർമിനലിനെ വില്ലിംഗ്ഡൺ ഐലൻഡുമായും മട്ടാഞ്ചേരിയുമായും ബന്ധിപ്പിക്കുന്ന പുതിയ റൂട്ടാണ് വാട്ടർ മെട്രോ അവതരിപ്പിച്ചിരിക്കുന്നത്. വില്ലിംഗ്ഡൺ ഐലൻഡ് ടെർമിനലിൽ ബോട്ട് അടുപ്പിക്കാനുള്ള സജ്ജീകരണം സ്ഥാപിച്ചുകഴിഞ്ഞാൽ ഉടൻ തന്നെ സേവനങ്ങൾ ആരംഭിക്കുമെന്ന് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (കെഡബ്ല്യുഎംഎൽ) അറിയിച്ചു.
പുതിയ സർവീസ് ഹൈക്കോടതി ടെർമിനലിൽ നിന്ന് വില്ലിംഗ്ഡൺ ഐലൻഡിലേക്കും തുടർന്ന് മട്ടാഞ്ചേരിയിലേക്കും സർവീസ് നടത്തുന്നതാണ്. യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യത്തിനാണ് ഇപ്പോൾ പച്ചകൊടി ഉയർന്നിരിക്കുന്നത്. പ്രാദേശിക യാത്ര സുഗമമാക്കുന്നതിനൊപ്പം ടൂറിസം മേഖലയ്ക്ക് വേണ്ട പിന്തുണ നൽകുന്നതിന് കൂടിയാണ് ഇത്തരമൊരു നീക്കം. ഓണത്തിന് മുമ്പ് ഈ റൂട്ടിൽ സർവീസുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കെഡബ്ല്യുഎംഎല്ലിന്റെ സിഒഒ സാജൻ പി ജോൺ പറഞ്ഞു.
നിലവിൽ, സംസ്ഥാന ജലഗതാഗത വകുപ്പ് (എസ്ഡബ്ല്യുടിഡി) മട്ടാഞ്ചേരിക്കും എറണാകുളം ജെട്ടിക്കും ഇടയിൽ ബോട്ട് സർവീസ് നടത്തുന്നുണ്ട്. കൊച്ചി വാട്ടർ മെട്രോ ഇവിടേക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്കിടയിൽ ഏറ്റവും മനോഹരമായ ഒരു യാത്രാനുഭവമാണ് തുറന്നുനൽകുന്നത്. ഇതിനോടകം നിരവധി ആരാധകരാണ് കൊച്ചി വാട്ടർ മെട്രോയ്ക്കുള്ളത്. സർവീസുകളുടെ സമയം നീട്ടുന്നതിനുള്ള ആവശ്യങ്ങളും ഉയരുന്നുണ്ട്.
നിലവിൽ, വാട്ടർ മെട്രോ സർവീസുകൾ രാവിലെ എട്ട് മണിക്കാണ് ആരംഭിക്കുന്നത്. ഇത് സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും പ്രയോജനപ്രതമാകുന്നവിധം രാവിലെ 6 മണി മുതൽ തുടങ്ങണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. രാത്രി 9 മണി സർവീസ് തുടരണമെന്നും ആവശ്യമുണ്ട്. അതേസമയം, മുളവുകാട് നോർത്ത്, കുമ്പളം, കടമക്കുടി, പാലിയംതുരുത്ത് എന്നിവിടങ്ങളിലെ ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. അടുത്ത ഘട്ടത്തിൽ കടമക്കുടി ദ്വീപിലേക്കുള്ള റൂട്ട് തുറക്കുമെന്നാണ് സൂചന.