Kumbhavurutty Waterfalls Reopened: കുംഭാവുരുട്ടി വെള്ളച്ചാട്ടം വീണ്ടും തുറന്നു; പുതിയ നിയമങ്ങൾ ഇങ്ങനെ
Kumbhavurutty Waterfalls Reopened Updates: സമീപത്തെ മണലാർ, പാലരുവി വെള്ളച്ചാട്ടങ്ങൾ നേരത്തെ തന്നെ തുറന്നുകൊടുത്തിരുന്നു. എന്നാൽ സന്ദർശകരുടെ സുരക്ഷ മുൻനിർത്തി പ്രവേശനത്തിന് കൃത്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു മണിക്കൂറിൽ പരമാവധി 100 പേർക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നത്. പ്രകൃതിഭംഗി അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ നിയന്ത്രണങ്ങൾ കൂടുതൽ ശാന്തവും മനോഹരവുമായ ഒരു യാത്രാനുഭവം സമ്മാനിക്കും.
കൊല്ലം ജില്ലയുടെ വിനോദ സഞ്ചാര മേഖലയിലെ പ്രധാന ആകർഷണങ്ങളിലൊന്നായ കുംഭാവുരുട്ടി വെള്ളച്ചാട്ടം സഞ്ചാരികൾക്കായി വീണ്ടും ഒരുങ്ങിയിരിക്കുകയാണ്. സമീപത്തെ മണലാർ, പാലരുവി വെള്ളച്ചാട്ടങ്ങൾ നേരത്തെ തന്നെ തുറന്നുകൊടുത്തിരുന്നു. എന്നാൽ സന്ദർശകരുടെ സുരക്ഷ മുൻനിർത്തി പ്രവേശനത്തിന് കൃത്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു മണിക്കൂറിൽ പരമാവധി 100 പേർക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നത്. പ്രകൃതിഭംഗി അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ നിയന്ത്രണങ്ങൾ കൂടുതൽ ശാന്തവും മനോഹരവുമായ ഒരു യാത്രാനുഭവം സമ്മാനിക്കും.
ALSO READ: പൈതൽമലയിലേക്ക് ഇപ്പോൾ പോകേണ്ട; സഞ്ചാരികൾക്ക് താൽക്കാലിക വിലക്ക്, കാരണം ഇത്
നിർദ്ദേശങ്ങളും സുരക്ഷാ മുന്നറിയിപ്പുകളും
ചെങ്കോട്ട – അച്ചൻകോവിൽ റോഡിൽ നിന്ന് ആരംഭിച്ച്, ഇടതൂർന്ന വനത്തിലൂടെയുള്ള യാത്രയ്ക്കൊടുവിലാണ് മനോഹരമായ ഈ വെള്ളച്ചാട്ടത്തിൽ എത്തിച്ചേരുക. ഏതാണ്ട് 250 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം, അച്ചൻകോവിൽ നദിയുടെയും ചെറു അരുവികളുടെയും സംഗമസ്ഥാനമാണ്. പ്രകൃതിസ്നേഹികൾക്ക് ഒരപൂർവ്വ ദൃശ്യവിരുന്നാണ് കുംഭാവുരുട്ടി സമ്മാനിക്കുന്നത്. വനയാത്രയിലും വെള്ളച്ചാട്ടത്തിനടുത്തും സഹായിക്കാൻ പരിശീലനം ലഭിച്ച ഗൈഡുകളുടെ സേവനം ലഭ്യമാണ്. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ സിവിൽ ഡിഫൻസ് അംഗങ്ങളുടെയും ആംബുലൻസ് സർവീസ് ജീവനക്കാരുടെയും സേവനം മേഖലയിൽ സജ്ജമാക്കിയിട്ടുണ്ട്.
വെള്ളച്ചാട്ടത്തിന് സമീപം വഴുക്കലുള്ള പാറക്കെട്ടുകളും ശക്തമായ അടിയൊഴുക്കുമുള്ള പ്രദേശമാണ്. അതിനാൽ സന്ദർശകർ വനംവകുപ്പിൻ്റെ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും അതീവ ജാഗ്രത പുലർത്തുകയും വേണം. സന്ദർശകരുടെ പ്രവേശനത്തിന് നിയന്ത്രണമുള്ളതിനാൽ കുംഭാവുരുട്ടി സന്ദർശിക്കാനുള്ള ടിക്കറ്റുകൾ ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് നിരക്ക് ഈടാക്കുന്നത്.
ക്രമീകരണങ്ങളില്ലെന്ന് പരാതി
തുറന്നു നൽകിയിട്ടും വെള്ളച്ചാട്ടത്തിന് സമീപം ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാത്തത് വ്യാപകമായ പരാതികൾക്കിടയാക്കുന്നുണ്ട്. കുംഭാവുരുട്ടിയിലെ അപകടങ്ങൾ ഒഴിവാക്കുന്നതിനായുള്ള സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെറുകിട ജലസേചന വകുപ്പിന് വനം വകുപ്പ് 20 ലക്ഷം രൂപ കൈമാറിയിരുന്നു. എന്നാൽ മൺസൂൺ സീസൺ തുടങ്ങുന്നതിന് മുൻപ് ഈ ജോലികൾ ആരംഭിക്കാൻ അധികൃതർ തയ്യാറാകാത്തത് കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
കുംഭാവുരുട്ടി വെള്ളച്ചാട്ടം
കൊല്ലം ജില്ലയിലെ ഏറെ അറിയപ്പെടുന്ന വെള്ളച്ചാട്ടങ്ങളിലൊന്നാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം. ഉൾക്കാടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇത് ട്രക്കിങ്ങ് പ്രേമികളുടെയും സാഹസിക സഞ്ചാരികളുടെയും ഇഷ്ട കേന്ദ്രമാണ്. ചെങ്കോട്ട-അച്ചൻകോവിൽ പാതയിൽ നിന്നും നാല് കിലോമീറ്റർ ഉൾക്കാട്ടിലൂടെ നടന്ന് വേണം കുംഭാവുരുട്ടിയിൽ എത്താൻ. കോന്നി കാടുകളോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇടമായതിനാൽ ഇവിടേക്കുള്ള യാത്രയിൽ വന്യമൃഗങ്ങളെ കാണാനും സാധിക്കും. വെള്ളച്ചാട്ടം കൂടാതെ ഇവിടെ നിന്നും ട്രക്കിങ്ങിനു പോകുവാനും സൗകര്യമുണ്ട്. കനത്ത ഉൾക്കാട്ടിലൂടെ നടത്തുന്ന ട്രക്കിങ്ങ് വ്യത്യസ്തമായ ഒരു അനുഭവമാണ് സമ്മാനിക്കുന്നത്. വനം വകുപ്പിൻ്റെ അനുമതി ആവശ്യമാണ്.
മനലാർ-കുംഭാവുരുട്ടി വനസംരക്ഷണ സമിതിയുടെ പൂർണ്ണ നിയന്ത്രണത്തിലാണ് ഇവിടമുള്ളത്. കേരളത്തിലെ സഞ്ചാരികളേക്കാൾ അധികം തമിഴ്നാട്ടിൽ നിന്നുള്ളവരാണ് ഇവിടെ എത്തുന്നത്. സർക്കാരിന്റെ കീഴിൽ ഇവിടെ ഇക്കോ കോൺടാക്ട് സെൻറർ ആരംഭിച്ചിട്ടുണ്ട്. കൂടാതെ നാച്ചുറൽ ഇൻററാക്ടഷൻ സെന്ററും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾക്കു കളിക്കുവാനായി ഏറുമാടങ്ങളും മറ്റും ഇവിടെ കാണാം.
English Summary:
Tourists can now relish the raw beauty of the enchanting Kumbhavurutty waterfall, which is one of the prominent spots on the tourism map of Kollam district. The number of visitors to the Kumbhavurutty falls has been capped at 100 per hour.