KSRTC Smart Card: എന്താണ് കെഎസ്ആർടിസി സ്മാർട്ട് കാർഡ്?; യാത്രകാർക്ക് ഗുണകരമാകുന്നത് എങ്ങനെ
KSRTC Smart Card Benefits: സ്മാർട്ട് കാർഡ് ഉപയോഗിച്ച് നിങ്ങൾ എത്രത്തോളം യാത്ര ചെയ്യുന്നോ അതിനനുസരിച്ച് അതിലുള്ള ബാലൻസ് കുറയുന്നതാണ്. ബസിലെ കണ്ടക്ടറെ സമീപിച്ചാൽ കാർഡ് റീ ചാർജ് ചെയ്യാനുള്ള സജ്ജീകരണമുണ്ടാകും. ചലോ ആപ് വഴിയും നിങ്ങൾക്ക് റീ ചാർജ് ചെയ്യാവുന്നതാണ്.

Ksrtc
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ റീ ചാർജ് ചെയ്യാവുന്ന ഡിജിറ്റൽ ട്രാവൽ കാർഡിന് പിന്നാലെയാണ് ഇപ്പോൾ യാത്രക്കാർ. ചില്ലറ നൽകാനില്ല എന്ന പരാതി ഇതോടുകൂടി ഇല്ലാതാകും എന്നതാണ് ഇതിൻ്റെ പ്രത്യേകത. 100 രൂപയാണ് കെഎസ്ആർടിസിയുടെ ഈ കാർഡിൻ്റെ വില. എന്നാൽ ഇതിൽ 50 രൂപ മുതൽ 3,000 രൂപയ്ക്ക് വരെ റീചാർജ് ചെയ്യാനാകും. കൂടാതെ ഈ കാർഡ് നിങ്ങളുടെ കുടുംബത്തിനോ സുഹൃത്തുക്കൾക്കോ കൈമാറുകയും അവർക്ക് ഉപയോഗിക്കുകയും ചെയ്യാം.
സ്മാർട്ട് കാർഡ് ഉപയോഗിച്ച് നിങ്ങൾ എത്രത്തോളം യാത്ര ചെയ്യുന്നോ അതിനനുസരിച്ച് അതിലുള്ള ബാലൻസ് കുറയുന്നതാണ്. ബസിലെ കണ്ടക്ടറെ സമീപിച്ചാൽ കാർഡ് റീ ചാർജ് ചെയ്യാനുള്ള സജ്ജീകരണമുണ്ടാകും. ചലോ ആപ് വഴിയും നിങ്ങൾക്ക് റീ ചാർജ് ചെയ്യാവുന്നതാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ആദ്യ ഘട്ടത്തിൽ കെഎസ്ആർടിസിയുടെ സ്മാർട്ട് കാർഡ് അവതരിപ്പിച്ചത്. ഇപ്പോൾ ഇതാ മറ്റ് ജില്ലകളിലേക്കും ഈ സൗകര്യം വ്യാപിച്ചു വരുന്നുണ്ട്.
ഈ ട്രാവൽ കാർഡ് ഉപയോഗിച്ച് കെഎസ്ആർടിസിയുടെ ഏത് ബസുകളിലും നിങ്ങൾക്ക് യാത്ര ചെയ്യാനാകും. കണ്ടക്ടർമാർ, അംഗീകൃത ഏജന്റുമാർ എന്നിവർ വഴിയും കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ആവശ്യക്കാർക്ക് കാർഡുകൾ ലഭ്യമാകും. ഇതിൽ ചാർജ് ചെയ്യേണ്ട ഏറ്റവും കുറഞ്ഞ തുക 50 രൂപയാണ്.
ഏറ്റവും കൂടുയ തുകയായി 3000 രൂപ വരെയും ചാർജ് ചെയ്യാം. കാർഡിന്റെ ഉടമസ്ഥാവകാശം ആർക്കാണോ അയാളുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവർക്കും കാർഡ് ഉപയോഗിക്കാവുന്നതാണ്. ബസിൽ കയറുമ്പോൾ കണ്ടക്ടറുടെ ടിക്കറ്റ് മെഷീനിൽ കാർഡ് സൈ്വപ്പ് ചെയ്താൽ യാത്രാക്കൂലി അതിൽ നിന്ന് പിടിച്ചെടുക്കും. യാത്ര ചെയ്യുന്നതിന് അനുസരിച്ച് കാർഡിലെ തുക കുറഞ്ഞുവരും. ടിക്കറ്റ് മെഷീനിലൂടെ കാർഡിന്റെ ബാലൻസ് എത്രയാണെന്നും നിങ്ങൾക്ക് അറിയാൻ സാധിക്കും.
അതേസമയം യാത്രാ കാർഡിൽ ഏതെങ്കിലും തരത്തിൽ കൃത്രിമം കാട്ടിയാൽ നിയമ നടപടിയെടുക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. കാർഡു പൊട്ടുകയോ, ഒടിയുകയോ ചെയ്താൽ മാറ്റി നൽകുകയില്ല. നിശ്ചിത തുകയ്ക്ക് പുതിയ കാർഡ് വാങ്ങുക മാത്രമാണ് വഴി. പഴയ കാർഡിലെ തുക പുതിയ കാർഡിലേക്ക് മാറ്റി നൽകുന്നതിനും സൗകര്യമുണ്ട്. എന്നാൽ കാർഡ് നഷ്ടപ്പെട്ടാൽ മാറ്റി നൽകുകയില്ല.