Malampuzha Tourism : കറങ്ങാൻ ഇനി മലമ്പുഴയിലേക്ക് പോകേണ്ട; ഉദ്യാനവും ഡാം പരിസരവും അനിശ്ചിതക്കാലത്തേക്ക് അടച്ചു
Malampuzha Dam Closed : നവീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായിട്ടാണ് മലമ്പുഴ ഡാമും അതിനോട് ചേർന്ന് കിടക്കുന്ന ഉദ്യാനവും അടിച്ചിട്ടിരിക്കുന്നത്. അനിശ്ചിതക്കാലത്തേക്കാണ് പാലക്കാട്ടെ പ്രധാന ടൂറിസം കേന്ദ്രം അടച്ചിട്ടിരിക്കുന്നത്
പാലക്കാട് : പ്രമുഖ ടൂറിസം കേന്ദ്രമായ പാലക്കാട് ജില്ലയിലെ മലമ്പുഴ അണക്കെട്ടും അതിനോട് ചേർന്നുള്ള ഉദ്യാനവും അനിശ്ചിതക്കാലത്തേക്ക് അടച്ചിട്ടു. ഡാമിനോട് ചേർന്നുള്ള ഉദ്യാനത്തിൻ്റെ നവീകരണ പ്രവർത്തികൾക്ക് വേണ്ടിയാണ് ടൂറിസം കേന്ദ്രം അടച്ചിട്ടിരിക്കുന്നത്. നവീകരണ പ്രവർത്തികൾ പൂർത്തിയായി ആറ് മാസത്തിന് ശേഷം മലമ്പുഴ ഡാമു ഉദ്യാനവും സഞ്ചാരികൾക്കായി തുറന്ന് നൽകും.
കേന്ദ്ര സർക്കാരിൻ്റെ സ്വദേശ് ദർശൻ 2.0 സ്കീമിൽ ഉൾപ്പെടുത്തിയാണ് മലമ്പുഴയിൽ നവീകരണ പ്രവർത്തികൾ നടക്കുന്നതെന്നാണ് ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിപ്പ് നൽകിയിരിക്കുന്നത്. 11-ാം തീയതി വ്യാഴാഴ്ച മുതലാണ് ഉദ്യാനം അടിച്ചിട്ടിരിക്കുന്നത്. അതേസമയം സഞ്ചാരികൾക്കായി ഡാമും ഉദ്യാനവും എന്ന് തുറന്ന് നൽകുമെന്ന് അറിയിപ്പിൽ വ്യക്തത നൽകിട്ടില്ല. എന്നാൽ ടൂറിസം കേന്ദ്രത്തിന് സമീപത്ത് പ്രവർത്തിക്കുന്ന കച്ചവടക്കാരോട് ആറ് മാസത്തേക്ക് ഡാമും ഉദ്യാനവും അടച്ചിടുമെന്നാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.
ALSO READ : Wayanad Trip: ഒറ്റ ദിവസം മതി വയനാട്ടിലെ ഈ സ്ഥലങ്ങൾ കണ്ടുതീർക്കാൻ; യാത്രയിൽ മിസ്സാക്കരുതേ
ഓണാവധിക്ക് മികച്ച വരുമാനം നേടിയെടുത്തതിന് ശേഷം മലമ്പുഴയിലെ ടൂറിസം കേന്ദ്രം അനിശ്ചിതക്കാലത്തേക്ക് അടച്ചിടാനുള്ള തീരുമാനം അറിയിച്ചിരിക്കുന്നത്. ഓണം നാളുകളിൽ മാത്രമായി 11 ലക്ഷം രൂപയിൽ അധികം വരുമാനം മലമ്പുഴയിൽ നിന്നും ടൂറിസം വകുപ്പിന് ലഭിച്ചത്. കണക്കുകൾ പ്രകാരം 45,000ത്തോളം പേർ ഈ കലയളവിൽ മലമ്പുഴ സന്ദർശിക്കുകയും ചെയ്തു. അതേസമയം ടൂറിസം കേന്ദ്രം പെട്ടെന്ന് അടച്ചിടാനുള്ള തീരുമാനം ഡാമിന് പരിസരത്ത് കച്ചവടം നടത്തുന്നവർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
ഡാമിന് ഉദ്യാനത്തിനും പുറമെ ഫിഷറീസ് വകുപ്പിൻ്റെ മറൈൻ അക്വേറിയം, ഡിടിപിസിയുടെ റോക്ക് ഗാർഡൻ, വനംവകുപ്പിൻ്റെ കീഴിലുള്ള പാമ്പ് വളർത്തൽ കേന്ദ്രം, റേപ്പ് വേ എന്നിവയും മലമ്പുഴ ഡാമിനും ഉദ്യാനത്തിനോടും ചേർന്നും പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യ ആമ്യൂസ്മെൻ്റ് പാർക്കായ ഫാൻ്റസി പാർക്കും മലമ്പുഴ ഡാമിന് സമീപമായി പ്രവർത്തിക്കുന്നുണ്ട്.