5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

World AIDS Day 2024: എച്ച്ഐവി ബാധിതർ ഗർഭിണി ആയാൽ കുഞ്ഞുങ്ങളെ ബാധിക്കുമോ? അറിയേണ്ടതെല്ലാം

HIV Affected Women Becomes Pregnant: എച്ച്ഐവി ബാധിതയായ ഒരു സ്ത്രീ ഗർഭിണി ആകുമ്പോൾ, ഗർഭാവസ്ഥയിലും, പ്രസവസമയത്തും, മുലയൂട്ടുന്ന സമയത്തും നവജാത ശിശുവിനെ വൈറസ് ബാധിക്കാനുള്ള സാധ്യതയുണ്ട്.

World AIDS Day 2024: എച്ച്ഐവി ബാധിതർ ഗർഭിണി ആയാൽ കുഞ്ഞുങ്ങളെ  ബാധിക്കുമോ? അറിയേണ്ടതെല്ലാം
Representational Image (Image Credits: ImagesBazaar/ Getty Images Creative)
nandha-das
Nandha Das | Updated On: 29 Nov 2024 21:12 PM

എച്ച്ഐവി ബാധിതരായ ഗർഭിണികൾ അവരുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം, എച്ച്ഐവി വൈറസ് നവജാതശിശുവിനെ ബാധിക്കാൻ സാധ്യതകൾ കൂടുതലാണ്. നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ തന്നെ ദുർബലപ്പെടുത്താൻ ശക്തിയുള്ള വൈറസ് ആണ് എച്ച്ഐവി. അതിനാൽ, എച്ച്ഐവി ബാധിതർക്ക് അണുബാധകൾക്കെതിരെ പോരാടാനുള്ള ശക്തി താരതമ്യേന കുറവാണ്.

2023-ലെ ഇന്ത്യ എച്ച്ഐവി എസ്റ്റിമേഷൻസ് റിപ്പോർട്ട് അനുസരിച്ച്, രാജ്യത്ത് 2.5 ദശലക്ഷത്തിലധികം ആളുകൾ എച്ച്ഐവി ബാധിതരാണ്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളാണ്. എച്ച്ഐവി ബാധിതരായ സ്ത്രീകൾക്ക് സമയ ബന്ധിതമായ ഇടപെടൽ, നൂതന ചികിത്സകൾ, ശരിയായ പരിചരണം എന്നിവയിലൂടെ ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്.

എച്ച്ഐവി ബാധിതയായ സ്ത്രീ ഗർഭിണി ആയാൽ

എച്ച്ഐവി ബാധിതയായ ഒരു സ്ത്രീ ഗർഭിണി ആകുമ്പോൾ, ഗർഭാവസ്ഥയിലും, പ്രസവസമയത്തും, മുലയൂട്ടുന്ന സമയത്തും നവജാത ശിശുവിനെ വൈറസ് ബാധിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ, അമ്മയിൽ നിന്നും കുഞ്ഞിലേക്ക് രോഗം പകരുന്നത് തടയാൻ ഏറ്റവും ഫലപ്രദമായ ചികിത്സയാണ് ആന്റി റിട്രോവൈറൽ തെറാപ്പി (ART). നേരത്തെ തന്നെ എച്ച്ഐവി ബാധ കണ്ടെത്തുകയാണെങ്കിൽ സുരക്ഷിതമായ ഗർഭധാരണം ഉറപ്പാക്കാനും, ഇത്തരം അപകട സാധ്യത കുറയ്ക്കാനും കഴിയും.

അതുപോലെ, എച്ച്ഐവി ബാധിതരായ ഗർഭിണികൾ മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇത് കുഞ്ഞിന്റെ ഭാരക്കുറവ്, വളർച്ച കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമായേക്കും. വേഗത്തിൽ വിദഗ്ധോപദേശം തേടുന്നതും, വൈദ്യ പരിചരണം ഉറപ്പാകുന്നതിലൂടെയും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം സംരക്ഷിക്കാൻ സാധിക്കും.

നവജാത ശിശുവിനെ എങ്ങനെ ബാധിക്കും?

എച്ച്ഐവിക്ക് പ്ലാസന്റയിലൂടെ കടന്നുപോകാനും ഗർഭപിണ്ഡത്തെ നേരിട്ട് ബാധിക്കാനുള്ള കഴിവ് ഉണ്ട്. ഇത് പീഡിയാട്രിക് എച്ച്ഐവിയിലേക്ക് നയിക്കുന്നു. ഇങ്ങനെ സംഭവിക്കുമ്പോൾ കുട്ടികൾ പിന്നീട് ആജീവനാന്തം വൈദ്യ സഹായവും ചികിത്സയും തേടേണ്ടി വരും. എച്ച്ഐവി ബാധിതരായ അമ്മമാർ ജന്മം നൽകുന്ന കുഞ്ഞുങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ:

ഭാരം കുറവ്: കുഞ്ഞുങ്ങളുടെ വളർച്ചയെയും വികാസത്തെയും ഇത് ബാധിക്കും.
വികസന കാലതാമസം: എച്ച്ഐവി കുട്ടികളുടെ ന്യൂറോളജിക്കൽ വളർച്ചയെ ബാധിക്കും.
പ്രതിരോധശേഷിയുടെ കുറവ്: രോഗബാധിതരായ കുഞ്ഞുങ്ങളിൽ പ്രതിരോധശേഷി കുറവായിരിക്കും. അതിനാൽ, രോഗങ്ങൾ പെട്ടെന്ന് പിടിപെടും.

കുഞ്ഞിന് രോഗം ബാധിച്ചാൽ, അവർ ആജീവനാന്തം ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കും. അതുകൊണ്ടാണ്, സമയോചിതമായ ഇടപെടൽ വളരെ നിർണായകമാകുന്നത്. എന്നാൽ എച്ച്ഐവി ചികിത്സയിൽ നമ്മൾ കൈവരിച്ചിട്ടുള്ള പുരോഗതി, ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കാൻ എച്ച്ഐവി ബാധിതരായ അമ്മമാരെ അനുവദിക്കുന്നു. ആന്റി റിട്രോവൈറൽ തെറാപ്പി അമ്മയിൽ നിന്നും കുഞ്ഞിലേക്ക് രോഗം പകരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

പരിപാലനം എങ്ങനെ?

നവജാത ശിശുക്കൾക്ക് ജനനശേഷം എത്രയും പെട്ടെന്ന് തന്നെ ആന്റി റിട്രോവൈറൽ തെറാപ്പി നൽകണം. അവരുടെ ആരോഗ്യം എന്നും നിരീക്ഷിക്കേണ്ടത് അനിവാര്യമാണ്. അതിനാൽ പതിവ് പരിശോധനകൾ, എച്ച്ഐവി പരിശോധന എന്നിവ കൃത്യമായ ഇടവേളകളിൽ നടത്തണം. എന്നാൽ മുലയൂട്ടലിലൂടെ എച്ച്ഐവി പകരാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട്, ഫോർമുല ഫീഡിങ് പോലുള്ള ഇതര മാർങ്ങങ്ങൾ പരീക്ഷിക്കാവുന്നതാണ്. അതുപോലെ ഭക്ഷണ കാര്യത്തിലും നല്ലപോലെ ശ്രദ്ധ കേന്ദ്രീകരിക്കണം. അതിനായി ന്യൂട്രീഷ്യന്മാരുടെ അഭിപ്രായങ്ങൾ തേടാം. കുട്ടികളുടെ ആരോഗ്യം മാത്രമല്ല, അമ്മയുടെ ആരോഗ്യവും പ്രധാനമാണ്. അതുകൊണ്ട് തന്നെ, ആന്റി റിട്രോവൈറൽ തെറാപ്പി, ആരോഗ്യ നിരീക്ഷണം, മാനസികാരോഗ്യ പിന്തുണ എന്നിവ അവർക്കും ഉറപ്പുവരുത്തണം.

Latest News