5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Congo Fever: കോംഗോ പനി ബാധിച്ച് മരണം; എന്താണ് കോംഗോ പനി? ലക്ഷണങ്ങൾ എന്തെല്ലാം?

What is Congo Fever: കോംഗോ പനി എന്താണെന്നും, അവയുടെ ലക്ഷണങ്ങൾ എന്തെല്ലാമെന്നും, ഇത് മനുഷ്യരിലേക്ക് പടരുന്നത് എങ്ങനെയെന്നും നോക്കാം.

Congo Fever: കോംഗോ പനി ബാധിച്ച് മരണം; എന്താണ് കോംഗോ പനി? ലക്ഷണങ്ങൾ എന്തെല്ലാം?
Representational ImageImage Credit source: TV9 Hindi
nandha-das
Nandha Das | Updated On: 30 Jan 2025 16:38 PM

ഗുജറാത്ത്: കോംഗോ പനി ബാധിച്ച് ഒരാൾ മരിച്ചു. ഗുജറാത്തിലെ ജാംനഗർ നിവാസിയായ മോഹൻഭായ് എന്ന 51 കാരനാണ് പനി ബാധിച്ച് മരിച്ചത്. ജലദോഷവും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് ജനുവരി 21ന് അദ്ദേഹത്തെ ജാംനഗർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ജനുവരി 27നാണ് മോഹൻഭായ് മരിച്ചത്. സാധാരണയായി വളർത്തുമൃഗങ്ങൾക്കിടയിലാണ് ഈ വൈറസ് പടരുന്നത്. അവിടെ നിന്നുമാണ് ഇവ മനുഷ്യ ശരീരത്തിലേക്ക് എത്തുന്നത്. മരിച്ചയാളുടെ രക്തസാമ്പിൾ പൂനെയിലെ ലാബിലേക്ക് പരിശോധനയ്ക്കയച്ചതോടെ ആണ് കോംഗോ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതോടെ ജാംനഗറിലെ മരിച്ചയാളുടെ വീടിന് ചുറ്റും നിരീക്ഷണം ശക്തമാക്കി. വൈറസ് ബാധ മറ്റുള്ളവരിലേക്ക് പടരാൻ സാധ്യത ഉള്ളത് കൊണ്ട് തന്നെ ഈ പ്രദേശത്തേക്ക് കൂടുതൽ ആളുകൾ വരരുതെന്ന് നിർദേശവും നൽകിയിട്ടുണ്ട്. ഈ വൈറസ് ബാധിച്ച് ഒരാൾ മരിച്ചതോടെ കോംഗോ പനിയെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സജീവമാണ്. അതിനാൽ, കോംഗോ പനി എന്താണെന്നും, അവയുടെ ലക്ഷണങ്ങൾ എന്തെല്ലാമെന്നും, ഇത് മനുഷ്യരിലേക്ക് പടരുന്നത് എങ്ങനെയെന്നും നോക്കാം.

കോംഗോ വൈറസ്

ഇന്ത്യയിൽ ആദ്യമായി കോംഗോ പനി റിപ്പോർട്ട് ചെയ്തത് 2011 ജനുവരിയിൽ ഗുജറാത്തിലാണ്. നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് 7 കേസുകൾ അന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഏഴ് പേരിൽ രണ്ടു പേർ രോഗ ബാധയെ തുടർന്ന് മരിച്ചിരുന്നു. ഇതിന് പിന്നാലെ ഉത്തർപ്രദേശ്, രാജസ്ഥാൻ, കേരളം എന്നിവിടങ്ങളിലും നിരവധി പേർക്ക് കോംഗോ രോഗം ബാധിച്ചു.

ALSO READ: ചൂടുകാലം വന്നെത്തി; ആശ്വാസമായി തണ്ണിമത്തൻ; ഗുണങ്ങളറിയാം

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ ക്രിമിയൻ-കോംഗോ ഹെമറേജിക് ഫീവർ വൈറസ് മാരകമായ പനിയായി കണക്കാക്കപ്പെടുന്നു. ഇതിന് ചികിത്സയില്ല എന്നതുകൊണ്ട് തന്നെ പ്രതിരോധമാണ് ഏറ്റവും നല്ല പരിഹാരം. കന്നുകാലികളുമായി അടുത്തിടപഴകുന്ന ആളുകളിലാണ് ഈ രോഗം വരാനുള്ള സാധ്യത കൂടുതൽ. മൃഗങ്ങളുടെ രക്തം വഴിയാണ് ഈ വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. കോംഗോ വൈറസ് പരത്തുന്നത് ഒരു തരം ചെള്ളാണ്. ഇവയിലൂടെ മൃഗങ്ങളിലെ രക്തം, ശ്രവം, കോശം എന്നിവയിലേക്ക് അണുക്കൾ പകരുന്നു. അവരിലൂടെ മനുഷ്യരിലേക്കും. രക്തസാംപിൾ പരിശോധിക്കുന്നതിലൂടെ രോഗബാധ സ്ഥിരീകരിക്കാൻ സാധിക്കും.

കോംഗോ പനിയുടെ ലക്ഷണങ്ങൾ

സാധാരണയായി 3 മുതൽ 9 ദിവസങ്ങൾക്കകം കോംഗോ പനിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. പനി, തലവേദന, പേശി വേദന, തലകറക്കം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഇതുകൂടാതെ ചിലർക്ക് ഉറക്കക്കുറവ്, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെട്ടേക്കാം. രോഗം പുരോഗമിക്കുമ്പോൾ രോഗ ലക്ഷണങ്ങളും ഗുരുതരമാകും. അത്തരം സാഹചര്യങ്ങളിൽ ഓക്കാനം, ഛർദ്ദി, വയറിളക്കം, മറവി എന്നിവ ഉണ്ടായേക്കും. പേശിവേദന, തൊണ്ടവേദന, കണ്ണുകളിൽ അസ്വസ്ഥത എന്നിവയും അനുഭവപ്പെട്ടേക്കും. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക.