White Or Brown Eggs: വെള്ള മുട്ടയോ തവിട്ട് മുട്ടയോ, ഏതാണ് കൂടുതൽ ആരോഗ്യകരം?
White Eggs vs Brown Eggs: തവിട്ട് മുട്ടയ്ക്ക് പലപ്പോഴും വില കൂടുതലായതിനാൽ അവയ്ക്ക് പോഷകഗുണം കൂടുതലാണെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാൽ ഇതിന്റെ പിന്നിലെ സത്യാവസ്ഥ അറിയാമോ?

പ്രതീകാത്മക ചിത്രം
മുട്ട വാങ്ങാൻ കടയിൽ പോകുമ്പോൾ പലരെയും അലട്ടുന്ന ഒരു സംശയമാണ് വെള്ള മുട്ടയാണോ തവിട്ട് മുട്ടയാണോ കൂടുതൽ നല്ലത് എന്നത്. തവിട്ട് മുട്ടയ്ക്ക് പലപ്പോഴും വില കൂടുതലായതിനാൽ അവയ്ക്ക് പോഷകഗുണം കൂടുതലാണെന്ന് വിശ്വസിക്കുന്നവരും കുറവല്ല. എന്നാൽ ഇതിന്റെ പിന്നിലെ സത്യാവസ്ഥ അറിയാമോ?
മുട്ടകൾക്ക് നിറവ്യത്യാസം ഉണ്ടാകുന്നത് എന്തുകൊണ്ട്?
മുട്ടയുടെ നിറം തീരുമാനിക്കുന്നത് കോഴിയുടെ വർഗ്ഗമാണ്. സാധാരണയായി വെളുത്ത തൂവലുകളും വെളുത്ത ചെവിത്തടങ്ങളുമുള്ള കോഴികൾ വെള്ള മുട്ടയിടുന്നു. തവിട്ട് നിറമോ ചുവപ്പോ തൂവലുകളും ചുവന്ന ചെവിത്തടങ്ങളുമുള്ള കോഴികൾ തവിട്ട് മുട്ടകളും ഇടുന്നു. അതായത്, മുട്ടയുടെ നിറം വെറും ജനിതകപരമായ ഒരു പ്രത്യേകത മാത്രമാണ്.
പോഷകഗുണത്തിൽ വ്യത്യാസമുണ്ടോ?
ഗവേഷണങ്ങൾ പ്രകാരം വെള്ള മുട്ടയും തവിട്ട് മുട്ടയും തമ്മിൽ പോഷകഗുണത്തിൽ വലിയ വ്യത്യാസമൊന്നുമില്ല. രണ്ടിലും ഒരേ അളവിൽ പ്രോട്ടീൻ, വിറ്റാമിനുകൾ, മിനറലുകൾ എന്നിവ അടങ്ങിയിരിക്കുന്നു.
കോഴിയുടെ ഇനവും അത് എങ്ങനെ ജീവിക്കുന്നു എന്നതും കൂടുതൽ പ്രധാനമായേക്കാം. ഉദാഹരണത്തിന്, സ്വതന്ത്രമായി വളരുന്ന കോഴികൾക്ക് കൂടുതൽ സൂര്യപ്രകാശം ലഭിക്കും. അത് അവയുടെ മുട്ടകളിലെ വിറ്റാമിൻ ഡി അളവ് വർദ്ധിപ്പിക്കും.
കോഴികൾക്ക് നൽകുന്ന തീറ്റ മുട്ടയുടെ ഗുണത്തെ ബാധിക്കാം. ഉദാഹരണത്തിന്, ഒമേഗ-3 സമ്പുഷ്ടമായ തീറ്റ നൽകുന്ന കോഴികളുടെ മുട്ടയിൽ പോഷകങ്ങൾ കൂടുതലായിരിക്കും.
ALSO READ: വിറ്റാമിൻ സി ശരീരത്തിന് കിട്ടുന്നില്ലേ? കഴിക്കേണ്ട രീതി അറിഞ്ഞാൽ മാറ്റം ഉറപ്പ്
തവിട്ട് മുട്ടയ്ക്ക് വില കൂടാൻ കാരണം?
തവിട്ട് മുട്ടയിടുന്ന കോഴികൾക്ക് വെള്ള കോഴികളെ അപേക്ഷിച്ച് വലിപ്പം കൂടുതലായിരിക്കും. അതിനാൽ അവയ്ക്ക് കൂടുതൽ തീറ്റ ആവശ്യമാണ്. ഈ അധിക ചിലവാണ് വിപണിയിൽ തവിട്ട് മുട്ടയുടെ വില വർദ്ധിക്കാൻ പ്രധാന കാരണം. അല്ലാതെ പോഷകക്കൂടുതൽ കൊണ്ടല്ല.
രുചിയിൽ മാറ്റമുണ്ടോ?
ഭൂരിഭാഗം ആളുകൾക്കും രുചിയിൽ വലിയ വ്യത്യാസം അനുഭവപ്പെടാറില്ല. എന്നിരുന്നാലും, കോഴിയുടെ ഭക്ഷണക്രമം രുചിയെ നേരിയ രീതിയിൽ സ്വാധീനിച്ചേക്കാം. വീട്ടുമുറ്റത്ത് വളരുന്ന കോഴികളുടെ മുട്ടയ്ക്ക് ഫാമുകളിൽ വളരുന്നവയേക്കാൾ രുചിയും മഞ്ഞക്കരുവിന് കടുപ്പവും തോന്നാറുണ്ട്.
മുട്ടയുടെ പുറംതോടിന്റെ നിറം നോക്കിയല്ല അതിന്റെ ഗുണം നിശ്ചയിക്കേണ്ടത്. മുട്ട എത്രത്തോളം ഫ്രഷ് ആണ് എന്നതാണ് പ്രധാനം. ആന്റിബയോട്ടിക്കുകൾ നൽകാതെ പ്രകൃതിദത്തമായ സാഹചര്യത്തിൽ വളരുന്ന കോഴികളുടെ മുട്ടയാണ് ഏറ്റവും ഉത്തമം.