Amrit Bharat Express: അമൃത് ഭാരത് തിരൂരില്‍ നിര്‍ത്തും; സ്റ്റോപ്പ് ലഭിച്ചത് ഈ ട്രെയിനിന്
Amrit Bharat Express Tirur Stop: നാഗര്‍കോവിലില്‍ നിന്ന് ചൊവ്വാഴ്ചകളിലാണ് ട്രെയിന്‍ പുറപ്പെടുക. രാവിലെ 11.40ന് ആരംഭിക്കുന്ന യാത്ര, ബുധനാഴ്ച രാവിലെ 5 മണിയോടെ മംഗളൂരുവില്‍ അവസാനിപ്പിക്കും.

അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചപ്പോള്‍ മലബാറിലെ യാത്രക്കാര്‍ അത്ര സന്തോഷവാന്മാരായിരുന്നില്ല, പ്രത്യേകിച്ച് മലപ്പുറം ജില്ലക്കാര്‍. ഒരു സ്‌റ്റോപ്പ് പോലും ജില്ലയില്‍ ഈ ട്രെയിനിന് അനുവദിച്ചില്ല എന്നതാണ് അതൃപ്തിക്ക് കാരണം. എന്നാല്‍ ആ പരാതിക്ക് പരിഹാരം കണ്ടിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. (Image Credits: PTI)

നാഗര്‍കോവില്‍-മംഗളൂരു അമൃത് ഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. ആഴ്ചയില്‍ രണ്ട് ദിവസമാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ട്രെയിന്‍ നമ്പര്‍ 16329 നാഗര്‍കോവില്‍-മംഗളൂരു എക്‌സ്പ്രസും, ട്രെയിന്‍ നമ്പര്‍ 16330 മംഗളൂരു-നാഗര്‍കോവില്‍ എക്‌സ്പ്രസും മലബാറിലെ യാത്രാദുരിതം പരിഹരിക്കുമെന്നാണ് യാത്രക്കാര്‍ പറയുന്നത്.

നാഗര്‍കോവിലില്‍ നിന്ന് ചൊവ്വാഴ്ചകളിലാണ് ട്രെയിന്‍ പുറപ്പെടുക. രാവിലെ 11.40ന് ആരംഭിക്കുന്ന യാത്ര, ബുധനാഴ്ച രാവിലെ 5 മണിയോടെ മംഗളൂരുവില്‍ അവസാനിപ്പിക്കും. പിറ്റേദിവസം രാവിലെ 8 മണിക്ക് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 10.5ന് നാഗര്‍കോവിലില്‍ എത്തിച്ചേരുന്നതാണ്.

എസി കോച്ചുകളില്ലാത്ത ട്രെയിനുകളാണ് അമൃത് ഭാരത് എക്‌സ്പ്രസുകള്‍. ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് ഒരുക്കിയ ട്രെയിനില്‍ സ്ലീപ്പര്‍ കോച്ചുകള്‍ ലഭ്യമാണ്. ആകെ 22 കോച്ചുകളുള്ള ട്രെയിനില്‍ 12 സ്ലീപ്പര്‍ കോച്ചുകളും എട്ട് കോച്ചുകളും, രണ്ട് ലഗേജ് വാനുകളുമുണ്ട്.

അതേസമയം, ശനി, ഞായര്‍ ദിവസങ്ങളില്‍ അമൃത് ഭാരത് സര്‍വീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കാരണം നാട്ടിലേക്ക് വരുന്നവര്‍ക്കും തിരികെ പോകുന്നവര്‍ക്കും ഈ സര്‍വീസുകള്‍ പ്രയോജനപ്പെടും.