Apple Foldable : മടക്കാവുന്ന ഫോണുകളിലേക്ക് ആപ്പിളും; 2026ഓടെ രണ്ട് ഡിവൈസുകൾ പുറത്തിറക്കിയേക്കുമെന്ന് റിപ്പോർട്ട്
Apple Foldable Phones And Macbook : ആപ്പിളിൻ്റെ ഫോൾഡബിൾ ഡിവൈസുകൾ 2026ഓടെ പുറത്തിറങ്ങിയേക്കുമെന്ന് റിപ്പോർട്ട്. ഐപാഡിൻ്റെയും മാക്ബുക്കിൻ്റെയും ഹൈബ്രിഡ് രൂപമാവും ആദ്യം വിപണിയിലെത്തുക. ഇതേ വർഷം രണ്ടാം പകുതിയിൽ ഫോൾഡബിൾ ഐഫോണും പുറത്തിറങ്ങും.

മടക്കാവുന്ന ഡിവൈസുകളിലേക്ക് ആപ്പിളും കടക്കുന്നതായി റിപ്പോർട്ട്. 2026ഓടെ ആപ്പിൾ രണ്ട് ഫോൾഡബിൾ ഡിവൈസുകൾ പുറത്തിറക്കിയേക്കുമെന്നാണ് വിവരം. ഹായ്തോങ് ഇൻ്റർനാഷണൽ സെക്യൂരിറ്റീസ് ഗ്രൂപ്പിലെ ഒരു അനലിസ്റ്റ് ആണ് ഈ വിവരം പുറത്തുവിട്ടത്. ഈ വിവരം ആപ്പിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഐഫോണും ഐപാഡും അടക്കമുള്ളവ ഫോൾഡബിൾ ഡിവൈസുകളായി എത്തുമെന്നാണ് വിവരം. ഇതിൽ ഒരെണ്ണം ഐപാഡിൻ്റെയും മാക്ബുക്കിൻ്റെയും ഹൈബ്രിഡ് രൂപമാവും. മടക്ക് നിവർത്തുമ്പോൾ 18.8 ഇഞ്ച് വിസ്തീർണമാവും ഇതിൻ്റെ ഡിസ്പ്ലേയ്ക്ക് ഉണ്ടാവുക എന്നും അനലിസ്റ്റ് അവകാശപ്പെടുന്നു.

2026ലെ ആദ്യ മൂന്ന് മാസത്തിനുള്ളിൽ തന്നെ ഈ ഹൈബ്രിഡ് ഡിവൈസ് വിപണിയിലെത്തും. ഇതാവും ആപ്പിളിൻ്റെ ആദ്യ ഫോൾഡബിൾ ഡിവൈസ്. അടുത്ത വർഷത്തോടെ ആപ്പിൾ വൻ തോതിൽ ഫോൾഡബിൾ ഡിവൈസ് നിർമാണം ആരംഭിക്കുമെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും അനലിസ്റ്റ് പറയുന്നു.

ഫോൾഡബിൾ ഐഫോണും 2026ൽ പുറത്തിറങ്ങും. ഐഫോൺ 18 സീരീസിലാവും ഈ ഫോൺ പുറത്തിറങ്ങുക. സാംസങ് ഗ്യാലക്ഷി സെഡ് ഫ്ലിപ് 6 മോഡലുകളിലേതുപോലുള്ള ക്ലാംഷെൽ ഡിസൈനാവും ഈ ഫോണിനുണ്ടാവുക. വർഷത്തിൻ്റെ രണ്ടാം പകുതിയാവും ഫോൺ പുറത്തിറങ്ങുക എന്നതാണ് റിപ്പോർട്ട്.

7.9 അല്ലെങ്കിൽ 8.3 ഇഞ്ച് ഡിസ്പ്ലേ ആവും ഫോണിന് ഉണ്ടാവുക എന്നതാണ് സൂചന. സാംസങ് ആവും സ്ക്രീനുകൾ നൽകുക. രണ്ട് ഫോൾഡബിൾ ഫോണുകളാണ് ആപ്പിൾ നിലവിൽ നിർമിക്കുന്നതെന്നും ചില റിപ്പോർട്ടുകളുണ്ട്. വലിപ്പം തീരെ കുറഞ്ഞ ഫോണുകൾ നിർമിക്കാനായിരുന്നു ആദ്യം ശ്രമിച്ചതെങ്കിലും ഇത് ഇതുവരെ വിജയം കണ്ടിട്ടില്ലെന്നും സൂചനകളുണ്ട്.