Asia Cup 2025: ‘അവർക്ക് സംസാരിക്കാൻ മാത്രമേ അറിയാവൂ’; പാകിസ്താനെ പരിഹസിച്ച് അമിത് മിശ്ര
Amit Mishra Against Pakistan: പാകിസ്താൻ ക്രിക്കറ്റ് ടീമിനെതിരെ ഇന്ത്യയുടെ മുൻ താരം അമിത് മിശ്ര. പാകിസ്താൻ ഇന്ത്യയെക്കാൾ പിന്നിലാണെന്ന് മിശ്ര പറഞ്ഞു.

പാകിസ്താൻ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച് ഇന്ത്യയുടെ മുൻ സ്പിന്നർ അമിത് മിശ്ര. അവർക്ക് സംസാരിക്കാൻ മാത്രമേ അറിയാവൂ എന്നും ടീമിന് ക്വാളിറ്റിയില്ലെന്നും മിശ്ര പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് മിശ്രയുടെ പ്രതികരണം. (Image Courtesy- Social Media)

"ടീമിന് ക്വാളിറ്റിയില്ല. ഇന്ത്യക്കെതിരെ ജയിക്കാൻ അവർ കുറേ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. സമ്മർദ്ദം കൈകാര്യം ചെയ്യാൻ അവർക്ക് സാധിക്കും. ഇന്ത്യക്ക് ഫീൽഡിങ് മെച്ചപ്പെടുത്തണം. ഓരോ കളിയിലും മൂന്നോ നാലോ ക്യാച്ചുകൾ വീതം നഷ്ടപ്പെടുത്തുന്നത് ശരിയല്ല."- മിശ്ര അറിയിച്ചു.

"റൗഫിനും ഷഹീനും എതിരെ അഭിഷേക് ബാറ്റ് ചെയ്യുമ്പോൾ അവർക്ക് നന്നായി പന്തെറിയാമായിരുന്നു. അവർക്ക് സംസാരിക്കാൻ മാത്രമേ അറിയാവൂ. ചിന്താശേഷിയിലും ബാറ്റിംഗിലും ബൗളിംഗിലുമൊക്കെ അവർക്ക് മെച്ചപ്പെടാനുണ്ട്. അതിലൊന്നും അവർക്ക് മറുപടിയില്ല."- അദ്ദേഹം കൂട്ടിച്ചേർത്തു.

"ഇന്ത്യൻ ടീമിൻ്റെ കരുത്ത് ടീമായി കളിക്കുന്നു എന്നതാണ്. ഇന്ത്യൻ ടീം ഒരു കളിക്കാരനിൽ മാത്രം കേന്ദ്രീകരിച്ചതല്ല. അഭിഷേക് നല്ല ഫോമിലാണ്. ഗിൽ അവനെ പിന്തുണയ്ക്കുന്നു. സഞ്ജു ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ ഫിഫ്റ്റിയടിച്ചു."- മിശ്ര വിശദീകരിച്ചു.

ഏഷ്യാ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും പാകിസ്താനെ ഇന്ത്യ കീഴടക്കിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഏഴ് വിക്കറ്റിനും സൂപ്പർ ഫോറിൽ ആറ് വിക്കറ്റിനുമാണ് ഇന്ത്യ വിജയിച്ചത്. ഈ മാസം 28ന് നടക്കുന്ന ഫൈനലിലും ഇന്ത്യ പാകിസ്താനെയാണ് നേരിടുക.