Asia Cup 2025: എസിസി യോഗത്തിൽ നഖ്‌വി ഉരുണ്ടുകളിച്ചു; ഇന്ത്യയെ അഭിനന്ദിക്കാൻ പോലും തയ്യാറായില്ലെന്ന് റിപ്പോർട്ട്
BCCI Against Mohsin Naqvi: മൊഹ്സിൻ നഖ്‌വിക്കെതിരെ ആരോപണവുമായി ബിസിസിഐ. എസിസി യോഗത്തിലെ നഖ്‌വിയുടെ പെരുമാറ്റത്തിലാണ് ബിസിസിഐയുടെ ആരോപണം.

പാകിസ്താൻ ക്രിക്കറ്റ് ബോർഡ്, ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനായ മൊഹ്സിൻ നഖ്‌വിക്കെതിരെ ബിസിസിഐ. എസിസി യോഗത്തിൽ നഖ്‌വി ഉരുണ്ടുകളിച്ചെന്നും ട്രോഫി നേടിയ ഇന്ത്യയെ അഭിനന്ദിക്കാൻ പോലും തയ്യാറായില്ലെന്നും ബിസിസിഐ ആരോപിച്ചു. (Image Credits- PTI)

ഹിന്ദുസ്ഥാൻ ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഏഷ്യാ കപ്പ് അവസാനിച്ച് ദിവസങ്ങൾക്കുശേഷം ദുബായിൽ നടന്ന മീറ്റിംഗിനിടെ മൊഹ്സിൻ നഖ്‌വി സ്വീകരിച്ച നിലപാട് അംഗീകരിക്കാൻ കഴിയാത്തതാണെന്ന് ബിസിസിഐ വൃത്തങ്ങൾ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

"ഒരു എസിസി ചെയർമാൻ സ്വീകരിക്കേണ്ട നിലപാടല്ല എസിസി യോഗത്തിൽ നഖ്‌വി സ്വീകരിച്ചത്. സ്വാഗതപ്രസംഗത്തിൽ ഏഷ്യാ കപ്പ് നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിക്കാൻ അദ്ദേഹം തയ്യാറായില്ല. ആശിഷ് ഷെലാർ പലതവണ ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്."

"ഇന്ത്യയുടെ വിജയത്തെപ്പറ്റിയോ ട്രോഫിയെപ്പറ്റിയോ അദ്ദേഹം ഒന്നും പറഞ്ഞില്ല. ട്രോഫി നാട്ടിലെത്തിക്കുന്ന കാര്യം ബിസിസിഐ നോക്കാമെന്നും മെഡലുകളും ട്രോഫിയും എസിസി ഹെഡ്‌ക്വാർട്ടേഴ്സിൽ എത്തിച്ചാൽ മതിയെന്നും പറഞ്ഞെങ്കിലും നഖ്‌വി ഉരുണ്ടുകളിച്ചു."- റിപ്പോർട്ടിൽ പറയുന്നു.

ഫൈനലിൽ പാകിസ്താനെ അഞ്ച് വിക്കറ്റിന് കീഴടക്കിയ ഇന്ത്യ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. ഇതോടെ ജേതാക്കൾക്കുള്ള ട്രോഫി നഖ്‌വി കൊണ്ടുപോയി. ഇതിനെതിരെയാണ് ബിസിസിഐ രംഗത്തുവന്നത്.