Asia Cup 2025: കപ്പിനൊപ്പം കോളടിച്ച് ഇന്ത്യ; ഏഷ്യാ കപ്പ് നേടിയ ടീമിന് 21 കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
Prize Money For Asia Cup Winning Indian Team: ഏഷ്യാ കപ്പ് നേടിയ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 21 കോടി രൂപയാണ് ടീമിനും സപ്പോർട്ട് സ്റ്റാഫിനും ലഭിക്കുക.

ഏഷ്യാ കപ്പ് നേടിയ ടീമിന് 21 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ടീം അംഗങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനുമായാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ദുബായിൽ നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോല്പിച്ച് ഇന്ത്യ കിരീടം ചൂടിയിരുന്നു. (Image Credits- PTI)

ബിസിസിഐ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'മൂന്ന് അടികൾ, 0 തിരിച്ചടികൾ, ഏഷ്യാ കപ്പ് ജേതാക്കൾ, മെസേജ് ഡെലിവർ ആയിരിക്കുന്നു. ടീം അംഗങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും 21 കോടി പാരിതോഷികം പ്രഖ്യാപിക്കുന്നു.'- എക്സ് പ്ലാറ്റ്ഫോമിൽ ബിസിസിഐ കുറിച്ചു.

അവസാന ഓവറിലേക്ക് നീണ്ട ആവേശകരമായ മത്സരത്തിലാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 146 റൺസിന് ഓൾ ഔട്ടായി. 113-1 എന്ന നിലയിൽ നിന്നാണ് പാകിസ്താൻ 149 റൺസിന് ഓൾ ഔട്ടായത്. കുൽദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 20 റൺസെന്ന നിലയിൽ പതറിയ ഇന്ത്യയെ നാലാം വിക്കറ്റിൽ സഞ്ജു സാംസണും തിലക് വർമ്മയും ചേർന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 57 റൺസ് നീണ്ട ഈ കൂട്ടുകെട്ടിൽ സഞ്ജു 24 റൺസ് നേടി പുറത്തായി.

പുറത്താവാതെ 53 പന്തിൽ 69 റൺസ് നേടിയ തിലക് വർമ്മയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ശിവം ദുബെയും (22 പന്തിൽ 33) ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. നേരത്തെ, ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയിരുന്നു.