Asia Cup 2025: പന്തും ധോണിയും പിന്നിലാവും; നമ്മുടെ സ്വന്തം സഞ്ജുവിനെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
Sanju Samson Record In The Final: ഏഷ്യ കപ്പ് ഫൈനലിൽ ഋഷഭ് പന്തിനെയും എംഎസ് ധോണിയെയും മറികടക്കാൻ സഞ്ജുവിന് അവസരം. ഒരു തകർപ്പൻ റെക്കോർഡാണ് താരത്തെ കാത്തിരിക്കുന്നത്.

ഏഷ്യാ കപ്പ് ഫൈനലിൽ മലയാളി താരം സഞ്ജു സാംസണെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്. മുൻ ക്യാപ്റ്റൻ എംഎസ് ധോണിയെയും വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെയും മറികടക്കാനുള്ള സുവർണാവസരമാണ് പാകിസ്താനെതിരായ ഫൈനലിൽ താരത്തെ കാത്തിരിക്കുന്നത്. (Image Credits- PTI)

ഒരു ബഹുരാഷ്ട്ര ടൂർണമെൻ്റിൽ ഏറ്റവുമധികം റൺസ് നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന റെക്കോർഡിലേക്കാണ് സഞ്ജു ബാറ്റ് വീശുക. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഋഷഭ് പന്തും രണ്ടാം സ്ഥാനത്ത് ധോണിയുമാണ്. ഇന്ന് 64 റൺസ് നേടിയാൽ രണ്ട് പേരെയും സഞ്ജുവിന് മറികടക്കാനാവും.

2024 ടി20 ലോകകപ്പിലാണ് ഋഷഭ് പന്ത് ഈ നേട്ടം തൻ്റെ പേരിൽ കുറിച്ചത്. എട്ട് ഇന്നിംഗ്സുകളിൽ നിന്ന് 24.42 ശരാശരിയിൽ, 127.61 സ്ട്രൈക്ക് റേറ്റിൽ പന്ത് ആകെ 171 റൺസ് ആണ് നേടിയത്. 42 ആയിരുന്നു ടോപ്പ് സ്കോർ. ടീമിൽ സഞ്ജു ഉണ്ടായിരുന്നെങ്കിലും ഒരു കളി പോലും കളിച്ചില്ല.

രണ്ടാം സ്ഥാനത്തുള്ള ധോണി 2007 ടി20 ലോകകപ്പിലാണ് നേട്ടം കുറിച്ചത്. ആറ് ഇന്നിംഗ്സിൽ നിന്ന് 30.80 ശരാശരിയിൽ, 128.33 സ്ട്രൈക്ക് റേറ്റിൽ ധോണി നേടിയത് 154 റൺസ്. 45 ആയിരുന്നു ടോപ്പ് സ്കോർ. ഈ ടൂർണമെൻ്റിൽ ഇന്ത്യ പാകിസ്താനെ വീഴ്ത്തി കിരീടം ചൂടിയിരുന്നു.

ഏഷ്യാ കപ്പിൽ ഇതുവരെ സഞ്ജു നേടിയത് മൂന്ന് ഇന്നിംഗ്സിൽ നിന്ന് 108 റൺസ്. ശരാശരി 36, സ്ട്രൈക്ക് റേറ്റ് 127. ഒരു അർദ്ധസെഞ്ചുറി. പാകിസ്താനെതിരെ 47 റൺസ് നേടാൻ സാധിച്ചാൽ സഞ്ജു ധോണിയെ മറികടക്കും. 64 റൺസ് നേടിയാൽ പന്തിനെ മറികടന്ന് ഒന്നാമതും എത്തും.