Bajaj Pulsar 180: തിരിച്ചുവരവ് ക്ലിക്ക് ആയില്ല! പൾസർ 180 യെ പിൻവലിച്ചെന്ന് റിപ്പോർട്ട്
ആറ് മാസം മുമ്പാണ് ബജാജ് തങ്ങളുടെ ലെജൻഡറി ലൈനപ്പിലുള്ള പൾസർ 180 മോഡലിനെ വീണ്ടും വിപണിയിലേക്ക് അവതരിപ്പിക്കന്നത്. പൾസർ 180 വീണ്ടും വിപണിയിലെത്തിച്ച് ആറുമാസം തികയുന്നതിന് മുൻപേ, ബജാജ് ആ വാഹനത്തെ ഇന്ത്യൻ വിപണിയിൽ നിന്ന് രണ്ടാം തവണയും പിൻവലിച്ചതായാണ് ഇപ്പോൾ റിപ്പോർട്ട് വരുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഈ ബൈക്ക് മോഡലിനെ പിൻവലിച്ചതോടെയാണ് ഇക്കാര്യം വലിയ ചർച്ചയായി മാറിയിരിക്കുന്നത്.

എന്നാൽ ഉൽപ്പന്നം പിൻവലിച്ച കാര്യം സ്ഥിരീകരിച്ചുകൊണ്ട് ബജാജ് ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്ത് വിട്ടിട്ടില്ല. 2022-ൽ നിർത്തിയ പൾസർ 180 മോഡലിനെ, 2026 ഏപ്രിലിലാണ് 1.22 ലക്ഷം രൂപ (എക്സ്-ഷോറൂം വില) നിരക്കിൽ വീണ്ടും വിപണിയിൽ എത്തിക്കുന്നത്. വിപണിയിൽ വലിയ ചലനങ്ങൾ ഉണ്ടാകുമെന്നാണ് അപ്പോൾ പലരും പ്രതീക്ഷ പങ്കുവച്ചിരുന്നത്. ( Image Credit Source Bajaj Website)

180cc വിഭാഗത്തിൽ ടിവിഎസ് അപ്പാച്ചെ ആർടിആർ 180-നോട് (TVS Apache RTR 180) നേരിട്ട് മത്സരിക്കാനുള്ള ബജാജിന്റെ ശ്രമമായാണ് ഈ മോഡലിന്റെ റീ ലോഞ്ചിനെ വാഹന ലോകം വിലയിരുത്തിയത്. എന്നാൽ ബജാജ് തങ്ങളുടെ സൈറ്റിൽ വരുത്തിയ ഏറ്റവും പുതിയ മാറ്റങ്ങളിലൂടെ പൾസർ 180-നെ 'ഒറിജിനൽ' (Original) സീരിസിൽ നിന്ന് നിന്ന് നീക്കം ചെയ്തിരിക്കുകയാണ്.

എന്നാൽ പൾസർ 125, 150, 220F എന്നീ മോഡലുകൾ ഈ സീരീസിൽ തുടരുന്നുണ്ട്. പ്രതീക്ഷകൾക്കനുസരിച്ച് വിൽപന വരാത്ത മോഡലുകൾ പിൻവലിക്കുന്ന പതിവ് ബജാജിനുണ്ട്. പൾസർ 180 വീണ്ടും വിപണിയിലെത്തി അധികം വൈകാതെ തന്നെ പിൻവലിച്ചത്, ഈ മോഡലിന് കമ്പനി പ്രതീക്ഷിച്ചത്ര ഡിമാൻഡ് ലഭിച്ചിരുന്നില്ല എന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.

നിലവിലുള്ള പൾസർ 180-ൽ 178.6 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എൻജിനാണ് പൾസർ 180 ൽ കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഈ എൻജിന് 8,500 ആർപിഎമ്മിൽ 17 എച്ച്പി (hp) കരുത്തും, 6,500 ആർപിഎമ്മിൽ 15 എൻഎം (Nm) ടോർക്കും ഉത്പാദിപ്പിക്കുന്നു. ഫെെവ് സ്പീഡ് ഗിയർബോക്സാണ് ഈ മോഡലിൽ നൽകിയിരിക്കുന്നത്.

മുൻഭാഗത്ത് 37mm ടെലിസ്‌കോപിക് ഫോർക്കും പിൻഭാഗത്ത് ട്വിൻ ഷോക്ക് അബ്‌സോർബറുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. ബ്രേക്കിംഗ് ഭാഗത്ത് മുൻവശത്ത് 280mm-ഉം പിൻവശത്ത് 230mm-ഉം വലിപ്പമുള്ള ഡിസ്‌ക് ബ്രേക്കുകളും ABS സംവിധാനവും ഉൾപ്പെടുത്തിയിരുന്നു. LED ലൈറ്റിംഗും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും പുതിയ മോഡലിൽ കമ്പനി ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.