CEER Exobot EV: 670 കിലോ മീറ്റർ റേഞ്ച്! ഫ്യൂച്ചറിസ്റ്റിക് സെഡാനും എസ്.യു.വിയും, ഇത് സൗദിയുടെ വിസ്മയം
CEER Exobot EVs Launched: സൗദി അറേബ്യയുടെ ദേശീയ വാഹന നിർമ്മാണ കമ്പനിയായ 'സീർ' (CEER), തങ്ങളുടെ ഫ്ലാഗ് ഷിപ്പ് ഇലക്ട്രിക് വാഹനങ്ങളായ എക്സോബോട്ട് (Exobot) സെഡാനും എക്സോബോട്ട് എസ്‌യുവി (SUV)-യും പുറത്തിറക്കിയിരിക്കുകയാണ്. സൗദിയിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലെ സീർ കമ്പനിയുടെ നിർമ്മാണ കേന്ദ്രത്തിൽ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ ആണ് ഈ മോഡലുകൾ പുറത്തിറക്കിയത്.

തീർത്തും ഫ്യൂച്ചറിസ്റ്റിക് രൂപകൽപനയിൽ എത്തിയിരിക്കുന്ന വാഹനങ്ങളുടെ പ്രത്യേകതകതകൾ നോക്കാം. സൗദിയിലെ ഭൂപ്രകൃതിയിൽ നിന്നും പൈതൃകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൂടി ഒരുക്കിയ ഈ സെഡാനും എസ്.യു.വിയും ഒറ്റ നോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കും. എക്സോബോട്ട് സെഡാൻ മോഡലിന് 5260 mm നീളവും 2100 mm വീതിയും 1430 mm ഉയരവുമാണ് ഉള്ളത്. ( Image Credit Source CEER Website)

എക്സോബോട്ട് SUV-ക്ക് 5020 mm നീളവും 2100 mm വീതിയും 1690 mm ഉയരവും ഉണ്ട്. രണ്ട് മോഡലുകളിലും ഏകദേശം മൂന്ന് മീറ്റർ നീളമുള്ള വിംഗ് ഡോറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. 60 സെന്റീമീറ്റർ ആർക്കിൽ (arc) സുഗമമായി തുറക്കുന്ന രീതിയിലാണ് ഡോറുകൾ ക്രമീകരിച്ചിരിക്കുന്നത്.

എക്സോബോട്ട് മോഡലുകളുടെ പവർ പെർഫോമൻസ് നോക്കിയാൽ 1,111 hp കരുത്തും 1,500 Nm ടോർക്കും ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ട്രൈ-മോട്ടോർ, ഓൾ-വീൽ-ഡ്രൈവ് ഇലക്ട്രിക് സംവിധാനത്തിലാണ് രൂപകൽപ്പന. സെഡാൻ മോഡലിന് 0-ൽ നിന്ന് 100 kmph വേഗത കൈവരിക്കാൻ 2.1 സെക്കൻഡ് മാത്രം മതി, പരമാവധി വേഗത 250 kmph ആണ്.

എക്സോബോട്ട് SUV മോഡലിന് 2.4 സെക്കൻഡിൽ 100 kmph വേഗത കൈവരിക്കാൻ കഴിയും. അതേസമയം പരമാവധി 210 kmph വേഗതയുമാണ്. NEDC മാനദണ്ഡപ്രകാരം സെഡാന് 670 കിലോമീറ്റർ വരെയും എസ്‌യുവിക്ക് 560 കിലോമീറ്റർ വരെയും ഫുൾ ചാർജിൽ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

48 ഇഞ്ച് ഡിജിറ്റൽ ഹൊറൈസൺ കർവ്ഡ് ഡിസ്‌പ്ലേ, 10.4 ഇഞ്ച് സെൻട്രൽ കൺട്രോൾ സ്‌ക്രീൻ, പിൻനിരയിലേക്ക് 8 ഇഞ്ച് ഡിസ്‌പ്ലേ എന്നിവ ഇന്റീരിയറിന്റെ സവിശേഷതകളാണ്. സെൽ-ടു-പാക്ക് രീതിയുള്ള ബാറ്ററി ഘടന, ഹാൻഡ്‌സ്-ഫ്രീ ഡ്രൈവിംഗ്, ഓട്ടോമേറ്റഡ് ലെയ്ൻ മാറ്റങ്ങൾ, ഹൈവേകളിലെ പോയിന്റ്-ടു-പോയിന്റ് നാവിഗേഷൻ തുടങ്ങിയ നിരവധി സുരക്ഷാ ക്രമീകരണങ്ങളും വാഹനങ്ങളിലുണ്ട്.