Cheteshwar Pujara: ജന്മദിനത്തില്‍ പുകഴ്ത്തിയ അതേ ആള്‍ ടീമില്‍ നിന്ന് പുറത്താക്കാനും ശ്രമിച്ചു; പൂജാരയെ ചതിച്ചതാര്?
The Diary Of A Cricketer's Wife: പൂജാരയുടെ ഭാര്യ പൂജ എഴുതിയ 'ദി ഡയറി ഓഫ് എ ക്രിക്കറ്റേഴ്‌സ് വൈഫ്' എന്ന പുസ്തകത്തില്‍ നടത്തിയ ചില വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്

രാഹുല്‍ ദ്രാവിഡിന് ശേഷം ടെസ്റ്റില്‍ ഇന്ത്യയുടെ വന്‍മതിലായത് ചേതേശ്വര പൂജാരയായിരുന്നു. എന്നാല്‍ 2023ന് ശേഷം അദ്ദേഹത്തിന് ദേശീയ ടീമിനായി കളിക്കാന്‍ സാധിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിലും എടുത്തുപറയത്തക്ക പ്രകടനം കാഴ്ചവയ്ക്കുന്നില്ല. ഈ 37കാരന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് ഇനി സാധ്യത കുറവെന്ന് ആരാധകരും തിരിച്ചറിയുന്നു (Image Credits: Social Media)

പൂജാരയുടെ ഭാര്യ പൂജ എഴുതിയ 'ദി ഡയറി ഓഫ് എ ക്രിക്കറ്റേഴ്‌സ് വൈഫ്' എന്ന പുസ്തകത്തില്‍ നടത്തിയ ചില വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്. 2018-19ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ പൂജാരയെ ടീമില്‍ നിന്ന് പുറത്താക്കാന്‍ ഒരാള്‍ നടത്തിയ സംഭാഷണത്തെക്കുറിച്ചാണ് വെളിപ്പെടുത്തല്‍.

പെര്‍ത്ത് ടെസ്റ്റില്‍ പൂജാര 28 റണ്‍സ് മാത്രമാണെടുത്തത്. താരത്തിന് ഹാംസ്ട്രിംഗിന് നേരിയ പരിക്കേറ്റിരുന്നു. ആ സമയം പൂജാരയുടെ പിതാവ് ചികിത്സയിലുമായിരുന്നു. മൂന്ന് ദിവസം കൊണ്ട് പരിക്കില്‍ നിന്ന് മോചിതനാകാന്‍ പൂജാര ശ്രമിച്ചു. മുറിയില്‍ നിന്ന് പോലും പുറത്തിറങ്ങിയില്ല.

ഇതിനിടെ പൂജാര അവിചാരിതമായി ഒരു ഫോണ്‍ സംഭാഷണം കേട്ടു. തനിക്ക് ഫിറ്റ്‌നസ് ഇല്ലെന്നും, അടുത്ത മത്സരത്തില്‍ തന്നെ കളിപ്പിക്കരുതെന്നുമായിരുന്നു ആ ഫോണ്‍ സംഭാഷണത്തില്‍. അപ്പോള്‍ ആ സംഭവം പൂജാര ആരോടും പറഞ്ഞില്ല. പിതാവിന്റെ അസുഖവിവരം പൂജാരയെ അറിയിച്ചിരുന്നില്ലെന്നും പൂജ പുസ്തകത്തില്‍ കുറിച്ചു.

പിന്നീട് പൂജാരയുടെ ജന്മദിനമെത്തി. സോഷ്യല്‍ മീഡിയയില്‍ നോക്കുമ്പോഴാണ് ഹൃദയസ്പര്‍ശിയായ ഒരു ആശംസാസന്ദേശം ശ്രദ്ധയില്‍പെട്ടത്. അത് വായിച്ചുകേള്‍പ്പിച്ചപ്പോള്‍ വിചിത്രമായിരുന്നു പൂജാരയുടെ ഭാവമെന്നും ഭാര്യ പറഞ്ഞു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ പൂജാര ഒന്നും പറഞ്ഞില്ല. പിന്നീട് പൂജാര വെളിപ്പെടുത്തി. നിങ്ങള്‍ ഈ പുകഴ്ത്തുന്ന വ്യക്തി ഫിറ്റ്‌നസ് പ്രശ്‌നം കാരണം തന്നെ ടീമില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചുവെന്ന് പൂജാര പറഞ്ഞുവെന്നും പൂജ എഴുതി.