Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Kerala-Style Pidiyum Kozhiyum Recipe: കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ വിവാഹങ്ങളിലും മതപരമായ ചടങ്ങുകളിലും ഉണ്ടാക്കുന്ന വിഭവമായ പിടിയും കോഴിയും തന്നെ വിളമ്പാം.

ക്രിസ്മസ് ഇതാ എത്താറായി. ഇനിയുള്ള നാളുകൾ ആഘോഷങ്ങളുടേതാണ്. വീട്ടിലെത്തുന്ന അതിഥികൾക്ക് എന്ത് ഉണ്ടാക്കി നൽകുമെന്ന കൺഫ്യൂഷനാണ് പലർക്കും. എന്നാൽ ഇനി അത് വേണ്ട. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ വിവാഹങ്ങളിലും മതപരമായ ചടങ്ങുകളിലും ഉണ്ടാക്കുന്ന വിഭവമായ പിടിയും കോഴിയും തന്നെ വിളമ്പാം. ചേര രാജാവ് സെന്‍റ് തോമസിന് വിളമ്പിയെന്ന് കരുതപ്പെടുന്ന ഈ വിഭവത്തിന് ഒരു സാംസ്‌കാരിക പ്രധാന്യം കൂടിയുണ്ട്. (Image Credits: Instagram)

പിടി തയ്യാറാക്കാനായി അരിപ്പൊടിയും തേങ്ങാപ്പീരയും ചേർത്തു വറുക്കുക. നിറം മാറുന്നതിനു മുൻപ് വാങ്ങിവയ്‌ക്കണം. ശേഷം അരച്ചെടുത്ത വെളുത്തുള്ളി, ജീരകം എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം തിളപ്പിക്കുക. തുടർന്ന് വറുത്ത പൊടിയിലേക്ക് വെള്ളം ഒഴിച്ച് കുഴച്ചെടുക്കണം. 10 മിനിറ്റെങ്കിലും കുഴക്കണം.

തുടർന്ന്, അരിപ്പൊടി മിശ്രിതം ചൂടോടെ കൈവെള്ളയിൽവച്ചു ചെറിയ ഉരുളകളാക്കണം. വെളുത്തുള്ളിയും ജീരകവും അരച്ചുചേർത്ത വെള്ളം ബാക്കിയുണ്ടെങ്കിൽ അതിലേക്ക് ഒന്നര കപ്പ് വെള്ളംകൂടി ചേർത്തു വീണ്ടും തിളപ്പിക്കുക. തിളച്ചുവരുമ്പോൾ പിടികൾ അതിലേക്ക് ഇടണം. നന്നായി ഇളക്കിവറ്റിച്ച്, കുറുക്കു പരുവത്തിലാക്കിയ ശേഷം വാങ്ങിവയ്‌ക്കുക.

കോഴിക്കറി തയ്യാറാക്കാനായി ഗ്രാമ്പൂ, കറുവാപ്പട്ട, ഏലയ്‌ക്ക, തക്കോലം എന്നിവ ചതച്ചുചേർത്തു കോഴിയിറച്ചി വേവിക്കുക. പാതിവെന്താൽ മതി. ശേഷം ഒരു പാനിലേക്ക് സവാള, വേപ്പില, വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ കൂടി ചേർത്തു വഴറ്റുക.

പെട്ടെന്ന് തന്നെ ഇതിലേക്ക് നേരത്തെ വേവിച്ച ചിക്കൻ ചേർക്കാം. തുടർന്ന് രണ്ടാം തേങ്ങ പാൽ ആദ്യം ഒഴിക്കണം. ഇറച്ചി വെന്തു പാകമായ ശേഷം ഒരു നുള്ളു ഗരംമസാല ചേർക്കാം. കറി തിളച്ചു വരുമ്പോൾ ഒന്നാംപാൽ ചേർത്ത്, ഉടൻ വാങ്ങിവയ്‌ക്കണം.