Gardening Tips: ഒരു തരി വിത്ത് മതി; വീട്ടിലെ ചട്ടിയിൽ ക്യാപ്‌സിക്കം വിളയിച്ചെടുക്കാം
How to Grow Capsicum at Home: അടുക്കളത്തോട്ടത്തിൽ പച്ചക്കറികൾ വളർത്താൻ ആഗ്രഹിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ തുടങ്ങാൻ കഴിയുന്ന ഒന്നാണ് ക്യാപ്‌സിക്കം കൃഷി. ഗുണനിലവാരമുള്ള ക്യാപ്‌സിക്കം വിത്തുകൾ വാങ്ങി നനവുള്ള മണ്ണിൽ പാകുക. മണ്ണ് എപ്പോഴും ഈർപ്പമുള്ളതായിരിക്കണം, എന്നാൽ അമിതമായി വെള്ളം ഒഴിക്കരുത്.

അടുക്കളത്തോട്ടത്തിൽ പച്ചക്കറികൾ വളർത്താൻ ആഗ്രഹിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ തുടങ്ങാൻ കഴിയുന്ന ഒന്നാണ് ക്യാപ്‌സിക്കം കൃഷി. വലിയ പറമ്പുകളോ സ്ഥലസൗകര്യമോ ഇല്ലാത്തവർക്കും വീടിന്റെ ബാൽക്കണിയിലോ ടെറസിലോ ചട്ടികൾ ഉപയോഗിച്ച് ക്യാപ്‌സിക്കം സമൃദ്ധമായി വളർത്തിയെടുക്കാൻ സാധിക്കും. എങ്ങനെയെന്നല്ലേ? (Image Credit source: Unsplash)

കുറഞ്ഞത് 10–12 ഇഞ്ച് ആഴമുള്ള ഗ്രോ ബാഗുകളോ ചട്ടികളോ തിരഞ്ഞെടുക്കുക. വെള്ളം കെട്ടിക്കിടക്കാതെ വാർന്നുപോകാൻ അടിയിൽ ദ്വാരങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുക. ചാണകപ്പൊടിയോ കമ്പോസ്റ്റോ മേൽമണ്ണുമായി സമമായി കലർത്തി പോട്ടിംഗ് മിക്സ് തയ്യാറാക്കാം.

ഗുണനിലവാരമുള്ള ക്യാപ്‌സിക്കം വിത്തുകൾ വാങ്ങി നനവുള്ള മണ്ണിൽ പാകുക. വിത്തുകൾ മുളച്ചുവരാൻ 7 മുതൽ 14 ദിവസം വരെ സമയമെടുക്കും. തൈകൾക്ക് 4–5 ഇലകൾ വരുമ്പോൾ മാറ്റി നടാം. ക്യാപ്‌സിക്കം ചെടികൾക്ക് ദിവസവും 6 മുതൽ 8 മണിക്കൂർ വരെ നേരിട്ട് സൂര്യപ്രകാശം ലഭിക്കണം.

മണ്ണ് എപ്പോഴും ഈർപ്പമുള്ളതായിരിക്കണം, എന്നാൽ അമിതമായി വെള്ളം ഒഴിക്കരുത്. ചെടി വളരുന്ന ഘട്ടത്തിൽ രണ്ടാഴ്ചയിലൊരിക്കൽ ജൈവവളങ്ങളോ കമ്പോസ്റ്റോ നൽകുന്നത് സമൃദ്ധമായ വിളവിന് സഹായിക്കും. ചെടിയുടെ തണ്ടുകൾ ഒടിഞ്ഞുപോകാതിരിക്കാൻ ചെറിയ കമ്പുകൾ കുത്തി പിന്തുണ നൽകാം.

ചെടിയുടെ ചുവട്ടിൽ മാത്രം വെള്ളം ഒഴിക്കുക. ഇലകളിലും പൂക്കളിലും വെള്ളം അമിതമായി വീണാൽ പൂക്കൾ കൊഴിഞ്ഞുപോകാൻ ഇടയാകും. ക്യാപ്സിക്കത്തിൽ സാധാരണയായി കാണുന്ന ഒന്നാണ് ഇലകൾ ചുരുണ്ടുപോകുന്നത്. ഇത് തടയാൻ 10 ദിവസത്തിലൊരിക്കൽ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം അല്ലെങ്കിൽ സോപ്പ് ലായനി തളിച്ചുകൊടുക്കാം.