Egg Roll: ബാക്കി വന്ന ചപ്പാത്തിയുണ്ടോ? എങ്കില്‍ മുട്ടയും ചേര്‍ത്ത് കിടിലന്‍ എഗ്ഗ് റോള്‍ ഉണ്ടാക്കിയാലോ?
Egg Roll Recipe: ഭക്ഷണം പാഴാക്കുന്നത് എങ്ങനെയാണല്ലേ. ഭക്ഷണം കഴിക്കാതെ കളയുന്നതിനോട് ആര്‍ക്കും യോജിപ്പുണ്ടാകില്ല. എന്നാല്‍ അത് കഴിച്ച് തീര്‍ക്കാനും പലപ്പോഴും സാധിക്കാതെ വരും. എന്നാല്‍ ബാക്കി വന്ന ഭക്ഷണങ്ങള്‍ കൊണ്ട് മറ്റൊരു വിഭവം ഉണ്ടാക്കി പരീക്ഷിച്ച് നോക്കിയാലോ?

എഗ്ഗ് റോള്‍ കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ അത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന കാര്യത്തിലായിരിക്കും സംശയം ഉണ്ടാവുക. പക്ഷെ പേടിക്കേണ്ട, ബാക്കി വന്ന ചപ്പാത്തിയുണ്ടെങ്കില്‍ ഈസിയായി എഗ്ഗ് റോള്‍ ഉണ്ടാക്കാവുന്നതാണ്. (Image Credits: Unsplash)

എഗ്ഗ് റോള്‍ ഉണ്ടാക്കുന്നതിനാവശ്യമായ ചേരുവകള്‍ എന്തെല്ലാമാണെന്ന് നോക്കാം. ചപ്പാത്തി മൂന്നെണ്ണം, സവാള 1, കാരറ്റ് ആവശ്യത്തിന്, കാപ്‌സിക്കം ആവശ്യത്തിന്, വെള്ളരി ആവശ്യത്തിന്, പച്ചമുളക് 1, മല്ലിയില അരകപ്പ്, നാരങ്ങാ നീര് അര ടീസ്പൂണ്‍, ഉപ്പ് അര ടീസ്പൂണ്‍, കുരുമുളകുപൊടി കാല്‍ ടീസ്പൂണ്‍, മുട്ട മൂന്നെണ്ണം, എണ്ണ ഒന്നര ടേബിള്‍ സ്പൂണ്‍, തക്കാളി സോസ് 2 ടേബിള്‍ സ്പൂണ്‍, മയോണൈസ് 2 ടേബിള്‍ സ്പൂണ്‍. (Image Credits: Freepik)

എഗ്ഗ് റോള്‍ തയാറാക്കുന്നതിനായി ആദ്യം സവാള, കാപ്‌സിക്കം, പച്ചമുളക് എന്നിവ അരിഞ്ഞെടുത്ത് അതിലേക്ക് മല്ലിയില, കുരുമുളക് പൊടി, നാരങ്ങാ നീര് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. ശേഷം ഒരു ബൗളിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിക്കാം, ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കി കൊടുക്കാം. (Image Credits: Freepik)

എന്നിട്ട് ഒരു പാന്‍ അടുപ്പില്‍ വെച്ച് ചൂടാക്കി അല്‍പം എണ്ണ പുരട്ടി അതിലേക്ക് കുറച്ച് മുട്ട ഒഴിച്ച് ഇരുവശങ്ങളും വേവിച്ചെടുക്കാം. എന്നിട്ട് ഇതിന് മുകളിലായി ഒരു ചപ്പാത്തി വെച്ചുകൊടുക്കുക. എന്നിട്ട് അടുപ്പണച്ച് ചപ്പാത്തിയുടെ മുകളില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ മയോണൈസ് പുരട്ടാം. (Image Credits: Freepik)

ശേഷം അരിഞ്ഞെടുത്ത പച്ചക്കറികള്‍ മുകളിലായി വെക്കാം. അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ തക്കാളി സോസും ചേര്‍ത്ത് മടക്കിയെടുത്ത് കഴിക്കാം. ബാക്കിയുള്ള മുട്ടയും ചപ്പാത്തിയും വെച്ച് ഇതുപോലെ ചെയ്യുക. (Image Credits: Freepik)