India vs West Indies: ജസ്പ്രീത് ബുംറ കളിച്ചേക്കില്ല; ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റ് ഇന്ന്
Ind vs WI First Test Today: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിന് ഇന്ന് അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തുടക്കം. ഇന്ത്യക്കായി ജസ്പ്രീത് ബുംറ കളിക്കുമോ എന്ന് സംശയമാണ്.

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ഇന്ന് ആരംഭിക്കും. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാവിലെ 9.30നാണ് മത്സരം. ഇന്ത്യൻ നിരയിൽ ജസ്പ്രീത് ബുംറ കളിക്കുമോ എന്നത് സംശയമാണ്. സാഹചര്യം നോക്കി തീരുമാനിക്കുമെന്നാണ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ പറഞ്ഞത്. (Image Credits- PTI)

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2025-27 കാലഘട്ടത്തിൽ ഇന്ത്യയുടെ രണ്ടാമത്തെ പരമ്പരയാണിത്. ഇംഗ്ലണ്ടിനെതിരായ ആദ്യ പരമ്പരയിൽ ഇന്ത്യ വിജയത്തിന് സമാനമായ എവേ സമനില നേടിയിരുന്നു. ഇതിൻ്റെ ആത്മവിശ്വാസത്തിലാണ് അത്ര കരുത്തരല്ലാത്ത വിൻഡീസിനെ ഇന്ത്യ നേരിടുക.

കരുൺ നായർ ടീമിൽ നിന്ന് പുറത്തായ സാഹചര്യത്തിൽ ഓൾറൗണ്ടർ എന്നതുകൂടി പരിഗണിച്ച് നിതീഷ് കുമാർ റെഡ്ഡി കളിച്ചേക്കും. അതുകൊണ്ട് തന്നെ അക്സർ പട്ടേലിനെക്കാൾ കുൽദീപ് യാദവിനാവും സാധ്യത. ബുംറ പുറത്തിരുന്നാൽ മുഹമ്മദ് സിറാജിനൊപ്പം പ്രസിദ്ധ് കൃഷ്ണയാവും കളിക്കുക.

സായ് സുദർശൻ മൂന്നാം നമ്പറിൽ തുടരും. കരുൺ നായർക്ക് പകരമെത്തിയ ദേവ്ദത്ത് പടിക്കലിനെ ടീമിലേക്ക് പരിഗണിച്ചാൽ നിതീഷ് കുമാർ റെഡ്ഡിക്ക് പകരം അക്സർ പട്ടേൽ ഇടം നേടും. അങ്ങനെയെങ്കിൽ കുൽദീപ് യാദവ് പുറത്തിരിക്കേണ്ടിവരും. ഇതിന് സാധ്യത കുറവാണ്.

രണ്ട് ടെസ്റ്റുകളാണ് പരമ്പരയിൽ ഉള്ളത്. രണ്ടാം ടെസ്റ്റ് ഈ മാസം 10ന് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വച്ച് നടക്കും. പരമ്പര തൂത്തുവാരി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്തുകയാവും ഇന്ത്യയുടെ ലക്ഷ്യം.