IPL 2025: ധരംശാലയിൽ ശക്തമായ മഴ; കളി നടന്നില്ലെങ്കിൽ നഷ്ടം ഡൽഹി ക്യാപിറ്റൽസിന്
Heavy Rain In Dharamshala Stadium: ധരംശാലയിലെ മഴ ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടി ആയേക്കും. മഴ കാരണം പഞ്ചാബ് കിംഗ്സിനെതിരായ മത്സരം ഉപേക്ഷിച്ചാൽ അത് അവരുടെ പ്ലേ ഓഫ് പ്രതീക്ഷകളെ ബാധിക്കും.

ഐപിഎലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസും പഞ്ചാബ് കിംഗ്സും തമ്മിലാണ് മത്സരം. പോയിൻ്റ് പട്ടികയിൽ പഞ്ചാബ് കിംഗ്സ് മൂന്നാമതും ഡൽഹി ക്യാപിറ്റൽസ് അഞ്ചാമതുമാണ്. 11 മത്സരങ്ങളിൽ നിന്ന് യഥാക്രമം 15, 13 പോയിൻ്റുകളാണ് ടീമുകൾക്ക് ഉള്ളത്. എന്നാൽ, മത്സരം നടക്കുന്ന ധരംശാലയിൽ കനത്ത മഴ പെയ്യുകയാണെന്നതാണ് നിലവിലെ അപ്ഡേറ്റ്. (Image Credits - PTI)

പഞ്ചാബിൻ്റെ രണ്ടാം ഹോം ഗ്രൗണ്ടായ ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മഴ കാരണം കളി മുടങ്ങിയാൽ ഇരു ടീമുകൾക്കും തിരിച്ചടിയാണെങ്കിലും ഇത് ഏറ്റവുമധികം ബാധിക്കുന്ന ഡൽഹിയെ ആവും. പഞ്ചാൻ കിംഗ്സ് ഏറെക്കുറെ സേഫാണ്.

11 മത്സരങ്ങളിൽ നിന്ന് ഏഴ് ജയമുള്ള പഞ്ചാബ് കിംഗ്സിന് 15 പോയിൻ്റുണ്ട്. ഈ കളി ഉപേക്ഷിച്ചാൽ പഞ്ചാബിന് 12 മത്സരങ്ങളിൽ 16 പോയിൻ്റാവും. ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ഗുജറാത്ത് ടൈറ്റൻസിനും ആർസിബിയ്ക്കും 11 മത്സരങ്ങളിൽ നിന്നുള്ളത് 16. ഈ കളി ജയിച്ചാൽ 17 പോയിൻ്റുമായി പഞ്ചാബ് പട്ടികയിൽ ഒന്നാമതെത്തും.

11 മത്സരങ്ങളിൽ നിന്ന് ആറ് ജയം സഹിതം ഡൽഹിയ്ക്കുള്ളത് 13 പോയിൻ്റ്. 12 മത്സരം കളിച്ച മുംബൈക്ക് 14 പോയിൻ്റുണ്ട്. ഇന്നത്തെ കളി ഉപേക്ഷിച്ചാൽ ഡൽഹിയ്ക്കും ഇതേ പോയിൻ്റാവും. എന്നാൽ, മുംബൈയ്ക്ക് മികച്ച നെറ്റ് റൺ റേറ്റുണ്ട്. മത്സരം ജയിച്ചാൽ ഡൽഹിയ്ക്ക് 15 പോയിൻ്റാവും. അതോടെ ഡൽഹി നാലാം സ്ഥാനത്തേക്ക് മുന്നേറുകയും ചെയ്യും.

നിലവിൽ മഴ കുറഞ്ഞെന്നാണ് വിവരം. ഗ്രൗണ്ടിലെ കവർ മാറ്റി സൂപ്പർ സോപ്പർമാർ വെള്ളം നീക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. താരങ്ങൾ വാം അപ്പിനിറങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാൽ, മത്സരത്തിനിടെയും മഴ പെയ്യാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. മത്സരത്തിൻ്റെ ടോസ് പോലും ഇതുവരെ ഇട്ടിട്ടില്ല.