IPL 2025: ‘അത് വൈഭവിൻ്റെ ഭാഗ്യദിനം’; ശുഭ്മൻ ഗില്ലിൻ്റെ പ്രസ്താവനയ്ക്കെതിരെ വിമർശനം
Shubman Gill Being Criticized: തങ്ങൾക്കെതിരെ സെഞ്ചുറി നേടിയത് വൈഭവ് സൂര്യവൻശിയുടെ ഭാഗ്യദിനമാണെന്ന ശുഭ്മൻ ഗില്ലിൻ്റെ പ്രസ്താവനയ്ക്കെതിരെ വിമർശനം. അജയ് ജഡേജയാണ് വിമർശനം ഉന്നയിച്ചത്.

രാജസ്ഥാൻ റോയൽസ് കൗമാര താരം വൈഭവ് സൂര്യവൻശിയുടെ ബാറ്റിംഗ് പ്രകടനത്തെപ്പറ്റി ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ നടത്തിയ പ്രസ്താവനയ്ക്കെതിരെ വിമർശനം ശക്തം. തങ്ങൾക്കെതിരെ സെഞ്ചുറി നേടിയത് വൈഭവിൻ്റെ ഭാഗ്യദിനമായിരുന്നു എന്ന പ്രസ്താവനയ്ക്കെതിരെയാണ് വിമർശനം ഉയരുന്നത്. (Social Media)

മത്സരത്തിന് ശേഷം ബ്രോഡ്കാസ്റ്ററോട് സംസാരിക്കുന്നതിനിടെയായിരുന്നു ഗില്ലിൻ്റെ നിരീക്ഷണം. "അതവൻ്റെ ഭാഗ്യ ദിനമായിരുന്നു. നന്നായി കളിച്ചു. ഭാഗ്യദിനം അവൻ നന്നായി ഉപയോഗിച്ചു."- ഗിൽ പറഞ്ഞു. എന്നാൽ, ഈ പ്രസ്താവനയ്ക്കെതിരെ മുൻ ഇന്ത്യൻ താരം അജയ് ജഡേജ ജിയോഹോട്ട്സ്റ്റാറിൻ്റെ ചർച്ചയിൽ രംഗത്തുവന്നു.

"ഒരു 14 വയസുകാരൻ അവനിൽ വിശ്വസിക്കുന്നു. അവന് ഇവിടെവരെ എത്താൻ കഴിഞ്ഞെങ്കിൽ, അതിപ്പോ ടിവിയിൽ ഒരു കളിക്കാരൻ ഇപ്പോൾ പറഞ്ഞതുപോലെ 'അതവൻ്റെ ഭാഗ്യദിനമാണ്' എങ്കിലും അപാരമാണ്. ജഡേജ സംസാരിച്ചുകൊണ്ടിരിക്കെ പ്രസൻ്റേഷൻ സെറിമണിയ്ക്കായി ബ്രോഡ്കാസ്റ്റർ ഇത് പാതിയിൽ മുറിയ്ക്കുകയായിരുന്നു.

ഗുജറാത്തിനെതിരായ മത്സരത്തിൽ 38 പന്തുകൾ നേരിട്ട വൈഭവ് സൂര്യവൻശി 101 റൺസ് നേടിയാണ് പുറത്തായത്. 35 പന്തുകളിൽ സെഞ്ചുറി നേടിയ താരം ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയൻ, ഐപിഎലിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറി എന്നീ റെക്കോർഡുകളും നേടി.

വൈഭവിൻ്റെ റെക്കോർഡ് പ്രകടനത്തിൻ്റെ മികവിൽ തുടർച്ചയായ അഞ്ച് തോൽവിയ്ക്ക് ശേഷം രാജസ്ഥാൻ കളി ജയിച്ചിരുന്നു. 210 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ കേവലം 16ആം ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് വിജയിച്ചത്. വൈഭവിനൊപ്പം 40 പന്തിൽ 70 റൺസ് നേടി പുറത്താവാതെ നിന്ന ജയ്സ്വാളും തിളങ്ങി.