IPL 2025: ധോണി അടുത്ത സീസൺ കളിക്കുമോ?; വമ്പൻ വെളിപ്പെടുത്തലുമായി സുരേഷ് റെയ്ന
Suresh Raina - MS Dhoni: 2026 ഐപിഎൽ സീസണിൽ എംഎസ് ധോണി കളിക്കുമോ ഇല്ലയോ എന്ന് വെളിപ്പെടുത്തി സുരേഷ് റെയ്ന. 9 മത്സരങ്ങളിൽ നിന്ന് കേവലം നാല് പോയിൻ്റുമായി ചെന്നൈ നിലവിൽ അവസാന സ്ഥാനത്താണ്.

ധോണി ഐപിഎൽ 2026 സീസൺ കളിക്കുമോ എന്നതിൽ വൻ വെളിപ്പെടുത്തലുമായി മുൻ ചെന്നൈ സൂപ്പർ കിംഗ്സ്, ഇന്ത്യൻ താരം സുരേഷ് റെയ്ന. കമൻ്റേറ്ററും അവതാരകനുമായ ജതിൻ സപ്രുവിൻ്റെ യൂട്യൂബ് ചാനലിനോടാണ് റെയ്നയുടെ പ്രതികരണം. സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ് അവസാന സ്ഥാനത്താണ്. (Image Courtesy - Social Media)

"അടുത്ത സീസണിൽ കുറച്ചുകൂടി നല്ല രീതിയിൽ പ്ലാൻ ചെയ്ത് ചെന്നൈ എത്തുമെന്ന് വിചാരിക്കുകയാണ്. ധോണിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഉറപ്പായും ഒരു സീസൺ കൂടി കളിക്കും. തീരുമാനം എപ്പോഴും ധോണിക്ക് വിടുകയാണ് മാനേജ്മെൻ്റ് ചെയ്യാറുള്ളത്. പക്ഷേ, അദ്ദേഹം ഒരു സീസൺ കൂടി കളിക്കുമെന്ന് തോന്നുന്നു."- റെയ്ന പ്രതികരിച്ചു.

"സത്യം പറഞ്ഞാൽ, ഞാൻ ഒരു ലേലത്തിലും പങ്കെടുത്തിട്ടില്ല. ആരെ എടുക്കണം എന്ന ചർച്ചകളിലൊന്നും ഞാൻ ഉണ്ടായിട്ടില്ല. ആരെ നിലനിർത്തണമെന്ന ചർച്ചകളിൽ മാത്രമാണ് ഞാൻ പങ്കെടുത്തിട്ടുള്ളത്. ഇന്ന താരത്തിനെ പരിഗണിക്കണോ വേണ്ടയോ എന്ന് ധോണിയെ വിളിച്ച് ചോദിക്കാറുണ്ടാവും. പക്ഷേ, അദ്ദേഹവും ലേലത്തിൽ അത്ര സജീവമല്ല."- റെയ്ന തുടർന്നു.

"അദ്ദേഹം ഇപ്പോൾ കളിക്കുന്നത് ആ ബ്രാൻഡിന് വേണ്ടിയാണ്. അദ്ദേഹത്തിൻ്റെ ആരാധകർക്ക് വേണ്ടിയാണ്. 43ആം വയസിലും അദ്ദേഹം എഫർട്ടിടുന്നു. വിക്കറ്റ് കീപ്പിംഗ് ചെയ്യുന്നു. ക്യാപ്റ്റൻസി ചുമതലകൾ നിർവഹിക്കുന്നു. ടീമിനെ മുഴുവൻ തൻ്റെ ചുമലുകളിൽ താങ്ങിനിർത്തുന്നു. പക്ഷേ, ബാക്കി 11 പേർ എന്താണ് ചെയ്യുന്നത്."- റെയ്ന ചോദിച്ചു.

സീസണിൽ 9 മത്സരങ്ങൾ കളിച്ച ചെന്നൈ ആകെ രണ്ട് മത്സരങ്ങളിൽ മാത്രമാണ് വിജയിച്ചത്. കേവലം നാല് പോയിൻ്റ് മാത്രമുള്ള ചെന്നൈ പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. പ്ലേ ഓഫിൽ നിന്ന് ചെന്നൈ പുറത്തായിക്കഴിഞ്ഞു. ഈ മാസം 30ന് പഞ്ചാബ് കിംഗ്സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.