KCL 2025: കേരളത്തിൻ്റെ രോഹൻ കുന്നുമ്മൽ; ഐപിഎൽ ടീമുകൾ നഷ്ടപ്പെടുത്തുന്ന വെടിക്കെട്ട് ഓപ്പണർ
Rohan Kunnummal In KCL 2025: കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിൻ്റെ ക്യാപ്റ്റനാണ് രോഹൻ കുന്നുമ്മൽ. ഒരു തകർപ്പൻ സീസണിലൂടെ ഐപിഎലിൽ എത്തേണ്ട താരമാണ് രോഹൻ.

നേരത്തെ തന്നെ ഐപിഎൽ കളിക്കേണ്ട താരമാണ് രോഹൻ കുന്നുമ്മൽ. ഇൻ്റൻ്റ് എന്ന പദത്തിന് കേരള ക്രിക്കറ്റ് ടീമിൽ കണ്ടെത്താവുന്ന ചുരുക്കം പേരുകളിലൊന്ന്. ഓപ്പണർ, കിടിലൻ ഫീൽഡർ. പക്ഷേ, രോഹനോളം മികവില്ലാത്ത പലരും ഐപിഎൽ കളിച്ചെങ്കിലും രോഹൻ ഇനിയും പുറത്താണ്. (KCA Website)

2021-22 സീസണിലെ ബ്ലോക്ക്ബസ്റ്റർ ആഭ്യന്തര സീസണ് ശേഷം തന്നെ രോഹന് ഐപിഎലിൽ അവസരം ലഭിക്കേണ്ടതായിരുന്നു. രഞ്ജിയിൽ 81 സ്ട്രൈക്ക് റേറ്റിൽ വൻ സ്കോറുകൾ, ദുലീപ് ട്രോഫി, ഇന്ത്യ എ, വിജയ് ഹസാരെ, സയ്യിദ് മുഷ്താഖ് അലി ട്രോഫി. എല്ലാ ടൂർണമെൻ്റിലും ഗംഭീര പ്രകടനങ്ങൾ.

ലിസ്റ്റ് എയിൽ 105 ആയിരുന്നു രോഹൻ്റെ സ്ട്രൈക്ക് റേറ്റ്. ആ തവണ രോഹൻ ഐപിഎൽ കളിക്കുമെന്ന് തന്നെ പല ദേശീയമാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. എന്നാൽ, ലേലത്തിൽ ഒരാളും രോഹനെ തിരിഞ്ഞുനോക്കിയില്ല. ഇതോടെ രോഹൻ്റെ ഫോം ഗുരുതരമായ രീതിയിൽ മോശമായി. മെൻ്റൽ ബ്ലോക്കാവാം.

അതിന് ശേഷം രോഹൻ കഴിഞ്ഞ സീസണിലാണ് ഫോമിലേക്ക് തിരികെയെത്തിയത്. കെസിഎൽ കഴിഞ്ഞ സീസണിൽ ഒരു സെഞ്ചുറിയടക്കം 371 റൺസ് നേടിയ രോഹൻ്റെ സ്ട്രൈക്ക് റേറ്റ് 164 ആയിരുന്നു. ഫിയർലസ് ബാറ്ററായ രോഹൻ ഈ സീസണിലും നല്ല പ്രകടനം തുടരുമെന്ന പ്രതീക്ഷയുണ്ട്.

കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെ കഴിഞ്ഞ സീസണിൽ ഫൈനലിലെത്തിച്ച രോഹൻ്റെ കെസിഎൽ മുന്നൊരുക്കങ്ങൾ കാണുമ്പോൾ താരം ഫോമിലാണെന്ന പ്രതീക്ഷയാണ് നൽകുന്നത്. ഒരു ബ്രേക്കൗട്ട് സീസണിലൂടെ ഐപിഎൽ റഡാറിലെത്തുന്ന അടുത്ത പേര് രോഹൻ്റേതാവട്ടെ.