Nyla Usha: ‘സിനിമയിൽ നിന്ന് വിളിച്ചുചോദിക്കുന്ന ഏക സുഹൃത്ത്, ജയസൂര്യയുമായുള്ള സൗഹൃദവും ‘മായൻ’ സെറ്റിലെ വിശേഷങ്ങളും പങ്കുവെച്ച് നൈല ഉഷ
Nyla Usha Opens Up on Reuniting With Jayasurya in 'Mayan': 'പുണ്യാളൻ അഗർബത്തീസ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വർഷങ്ങൾക്കിപ്പുറം നടൻ ജയസൂര്യക്കൊപ്പം വീണ്ടും ഒന്നിക്കുന്നതിൻ്റെ സന്തോഷം പങ്കുവെച്ച് നടി നൈല ഉഷ. ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന 'മായൻ: ചാപ്റ്റർ വൺ' എന്ന പുതിയ ചിത്രത്തിൻ്റെ ഭാഗമായി റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്. ജയസൂര്യയുമായുള്ള സൗഹൃദവും സെറ്റിലെ രസകരമായ അനുഭവങ്ങളും പങ്കുവയ്ക്കുകയാണ് ഇപ്പോൾ താരം

സിനിമാ മേഖലയിൽ നിന്ന് തൻ്റെ വിവരങ്ങൾ എപ്പോഴും തിരക്കുന്ന ഏറ്റവും അടുത്ത സുഹൃത്താണ് ജയസൂര്യയെന്ന് നൈല ഉഷ പറയുന്നു. ദുബായിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ ഉണ്ടായപ്പോൾ വിളിച്ച് സുരക്ഷിതയാണോ എന്ന് അന്വേഷിച്ച സിനിമാരംഗത്തെ ഏക വ്യക്തി അദ്ദേഹമായിരുന്നു. തൻ്റെ ആദ്യ ചിത്രം മമ്മൂട്ടിക്കൊപ്പമായിരുന്നെങ്കിലും, ഒരു സഹതാരം എന്ന നിലയിൽ വലിയ സൗഹൃദമുണ്ടായ ആദ്യ നടൻ ജയസൂര്യയാണെന്നും നൈല ഉഷ പറയുന്നു. (Image Credit Source Social Media)

'പുണ്യാളൻ' ചെയ്യുന്ന സമയത്ത് ജയസൂര്യ വലിയ ആവേശത്തിലായിരുന്നുവെന്നും തൻ്റെ ഡയലോഗുകൾ പോലും അദ്ദേഹം പറയുന്നതായി അന്ന് തോന്നിയിരുന്നുവെന്നും നൈല തമാശയായി പറയുന്നു. പിന്നീട് ഇരുവരും വ്യത്യസ്ത സിനിമകളുടെ തിരക്കിലായെങ്കിലും, നേരിൽ കാണുമ്പോഴെല്ലാം വീണ്ടും ഒരുമിച്ച് ഒരു സിനിമ ചെയ്യണ്ടേ എന്ന് ചോദിക്കാറുണ്ടായിരുന്നു. ഒടുവിൽ 'മായനി'ലേക്ക് വിളി വന്നപ്പോൾ 'അവസാനം നമ്മൾ വീണ്ടും ഒരുമിച്ചു' എന്ന് ജയസൂര്യയ്ക്ക് മെസേജ് അയച്ചിരുന്നു എന്നും നൈല ഉഷ പറയുന്നു.

'മായൻ' ഷൂട്ടിംഗ് സെറ്റിൽ തനിക്ക് അടുത്ത പരിചയമുണ്ടായിരുന്ന ഏക വ്യക്തി ജയസൂര്യ മാത്രമായിരുന്നു. ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ അദ്ദേഹം ഇല്ലാതിരുന്നതിനാൽ വലിയ ബുദ്ധിമുട്ട് തോന്നി. മറ്റുള്ളവർ തന്നെക്കുറിച്ച് എന്ത് കരുതുമെന്ന തോന്നൽ ഉണ്ടായിരുന്നു. എന്നാൽ ജയസൂര്യ എത്തിയതോടെ ആദ്യ സിനിമയിലേത് പോലെ തന്നെ സൗഹൃദം തുടരാനായെന്നും, ഏറെ സന്തോഷത്തോടെയാണ് ഇരുവരും ഒന്നിച്ചഭിനയിച്ചതെന്നും നൈല ഉഷ കൂട്ടിച്ചേർത്തു.

സിനിമയുടെ പ്രമേയം ഗൗരവമേറിയതാണെങ്കിലും ഷൂട്ടിംഗ് സെറ്റ് രസകരമായ അന്തരീക്ഷത്തിലായിരുന്നുവെന്നും നൈല വ്യക്തമാക്കി. സംവിധായകൻ ജിതിൻ കെ. ജോസും സഹസംവിധായകരും തമ്മിലുള്ള അടുത്ത സൗഹൃദം ഒരു കോളേജ് ക്യാമ്പസ് വൈബാണ് സെറ്റിൽ സൃഷ്ടിച്ചത്. ഷോട്ടുകൾക്കിടയിൽ തമാശകൾ പറഞ്ഞും പലഹാരങ്ങളെക്കുറിച്ച് ചർച്ച ചെയ്തുമാണ് സമയം ചെലവഴിച്ചിരുന്നതെന്നും താരം പറഞ്ഞു

ജയസൂര്യയുടെ അഭിനയശൈലിയിൽ തന്നെ ഏറെ അത്ഭുതപ്പെടുത്തിയ കാര്യവും നൈല അഭിമുഖത്തിൽ പങ്കുവെച്ചു. ജയസൂര്യ അങ്ങണെ ഒരുപാട് സിനിമകൾ കാണുന്ന ആളല്ല, മറ്റുള്ളവരെ കണ്ടുപഠിക്കുകയോ അനുകരിക്കുകയോ ചെയ്യാതെ, കഥാപാത്രത്തിൻ്റെ ഭാവങ്ങളെല്ലാം അദ്ദേഹത്തിൻ്റെ ഉള്ളിൽ നിന്ന് സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും നൈല വ്യക്തമാക്കി. ഡിസംബർ മൂന്നിനാണ് 'മായൻ' തിയേറ്ററുകളിലെത്തുന്നത്.