Sabarimala Women Entry: ശബരിമല യുവതി പ്രവേശനം: വിധി ക്രിസ്തുമസ് അവധിക്ക് മുൻപുണ്ടായേക്കും
Sabarimala Women Entry Case: യുവതി പ്രവേശന കേസിൽ വിശാല ബെഞ്ചിൻറെ വിധി ക്രിസ്തുമസ് അവധിക്ക് മുമ്പ് ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി വി നാഗരത്ന ആണ് ഇക്കാര്യം അറിയിച്ചത്. ക്നാനായ കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ശബരിമല വിശാല ബെഞ്ച് വിധി സംബന്ധിച്ച പരാമർശം ഉണ്ടായത്.
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസിൽ വിശാല ബെഞ്ചിൻറെ വിധിയുമായി ബന്ധപ്പെട്ട് നിർണായക വിവരം പുറത്ത്. യുവതി പ്രവേശന കേസിൽ വിശാല ബെഞ്ചിൻറെ വിധി ക്രിസ്തുമസ് അവധിക്ക് മുമ്പ് ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി വി നാഗരത്ന ആണ് ഇക്കാര്യം അറിയിച്ചത്. ക്നാനായ കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ശബരിമല വിശാല ബെഞ്ച് വിധി സംബന്ധിച്ച പരാമർശം ഉണ്ടായത്.
കേസിലെ വാദത്തിനിടെ യുവതി പ്രവേശനത്തെ ചോദ്യം ചെയ്യുന്ന നിരീക്ഷണങ്ങളാണ് മുൻപ് ജസ്റ്റിസ് നാഗരത്ന നടത്തിയിരുന്നത്. ലക്ഷക്കണക്കിന് ആളുകൾ വർഷങ്ങളായി പാലിച്ചുപോരുന്ന ആചാരങ്ങളെ കോടതിക്ക് എങ്ങനെ തെറ്റാണെന്ന് പറയാൻ സാധിക്കുമെന്ന ചോദ്യം ചീഫ് ജസ്റ്റിസും നേരത്തെ വാദത്തിനിടെ ഉയർത്തിയിരുന്നു. അതേസമയം, ക്നാനായ കത്തോലിക്കാ സമുദായവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് നാഗരത്നയുടെ ബെഞ്ച് ജനുവരിയിലേക്ക് മാറ്റി.
ALSO READ: ഒരു ഭക്തനെയും തിരിച്ചയക്കില്ല; റദ്ദാക്കിയ വിർച്വൽ ക്യൂ സ്ലോട്ടുകൾ
ശബരിമലയിൽ ട്രാൻസ്ജെൻഡറുകളുടെ പ്രവേശനം
അതേസമയം, ശബരിമല ക്ഷേത്രത്തിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ട്രാൻസ്ജെൻഡർ ആയ അനുശ്രീ ആണ് ഇതുമായി ബന്ധപ്പെട്ട ഹർജി നൽകിയത്. തങ്ങൾക്ക് തടസ്സമില്ലാതെ ദർശനം അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന് നിർദേശം നൽകണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. പൊതുതാത്പര്യ ഹർജി ആയി എങ്ങനെ പരിഗണിക്കും എന്നും കോടതി ചോദിച്ചു.
ചീഫ് ജസ്റ്റിസ് എസ് എ ധർമാധികാരി, ജസ്റ്റിസ് ജി അരുൾ മുരുഗൻ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഈ വർഷം താനടക്കം 15 പേർക്ക് പ്രവേശനം നിഷേധിച്ചതായി ട്രാൻസ്ജെൻഡറായ അനുശ്രീ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഹർജി മദ്രാസ് ഹൈക്കോടതിയിൽ എങ്ങനെയാണ് നിലനിൽക്കുമെന്ന് കോടതി ചോദിച്ചു. ഇതൊരു പൊതുതാൽപര്യ ഹർജിയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വ്യക്തിപരമായി ബാധിച്ചുവെന്ന വാദത്തോടെ പൊതുതാൽപര്യ ഹർജിയല്ലാതാകുമെന്നും നിരീക്ഷിച്ചു.
തമിഴ്നാട് ട്രാൻസ്ജെൻഡർ വെൽഫെയർ ബോർഡ് അംഗവും സെൽഫ് കോൺഫിഡൻസ് ട്രാൻസ്ജെൻഡേഴ്സ് സോഷ്യൽ വെൽഫെയർ ട്രസ്റ്റ് സ്ഥാപക ഡയറക്ടറുമാണ് ഇപ്പോൾ ഹർജി സമർപ്പിച്ച അനുശ്രീ. 2022 മുതൽ എല്ലാ വർഷവും താൻ ശബരിമലയിൽ ദർശനത്തിന് എത്താറുണ്ടെന്നാണ് അനുശ്രീ ഹർജിയിൽ വാദിക്കുന്നത്. മുൻ വർഷങ്ങളിൽ രേഖകൾ പരിശോധിച്ച് ദർശനം അനുവദിച്ചിരുന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ ഈ വർഷം മെഡിക്കൽ രേഖകളടക്കം ഉണ്ടായിട്ടും താനടക്കം 15 പേർക്ക് പമ്പ ഗണപതി ക്ഷേത്രത്തിന് സമീപത്തുവെച്ച് ശബരിമലയിലേക്കുള്ള പ്രവേശനം നിഷേധിച്ചതായാണ് അനുശ്രീ ഹർജിയിൽ ചൂണ്ടികാട്ടുന്നു. അതോടൊപ്പം തന്നെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ഹൈക്കോടതിക്ക് മാത്രമേ ഈ വിഷയം പരിഗണിക്കാൻ സാധിക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി.
English Summary:
Sabarimala women entry case latest update, Supreme Court larger bench verdict is likely before the Christmas vacation, Justice BV Nagarathna indicates during a hearing.