Olympics 2024 : ഹോക്കി വെങ്കലപ്പോര്, ജാവലിൻ ത്രോ, ഗുസ്തി സെമി; ഇന്ന് ഇന്ത്യയുടെ പ്രതീക്ഷകൾ ഇങ്ങനെ
Olympics 2024 India Today : ഒളിമ്പിക്സിൽ ഇന്ത്യക്ക് ഇന്ന് മെഡൽ പ്രതീക്ഷയുള്ള മത്സരങ്ങൾ. പുരുഷ ഹോക്കിയിൽ വെങ്കല മത്സരവും ജാവലിൻ ത്രോയിൽ ഫൈനലും ഇന്നാണ്. പുരുഷന്മാരുടെ 57 കിലോഗ്രാം സെമി മത്സരവും ഇന്നാണ്.

ഒളിമ്പിക്സിൽ ഇന്ത്യക്ക് ഇന്ന് പ്രതീക്ഷകളുടെ ദിനം. പുരുഷ ഹോക്കിയിൽ വെങ്കല മത്സരവും ജാവലിൻ ത്രോയിൽ ഫൈനലും ഇന്നാണ്. ഇതിൽ ഹോക്കിയിലും ജാവലിനിലും ഇന്ത്യക്ക് മെഡൽ പ്രതീക്ഷയുണ്ട്. ഇന്ന് നടന്ന പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യൻ താരം അമൻ സെഹ്‌രാവത് സെമിയിൽ കടന്നത് ഇന്ത്യയുടെ ഇന്നത്തെ സന്തോഷമായി.

പുരുഷ ഹോക്കി സെമിയിൽ നിർഭാഗ്യകരമായി ജർമ്മനിയോട് പരാജയപ്പെട്ടത് വെള്ളി, സ്വർണ മെഡലുകളുടെ സാധ്യത ഇല്ലാതാക്കിയെങ്കിലും വെങ്കല മെഡൽ പോരിൽ പ്രതീക്ഷയുണ്ട്. വൈകുന്നേരം 5.30ന് നടക്കുന്ന മത്സരത്തിൽ സ്പെയിൻ ആണ് ഇന്ത്യയുടെ എതിരാളികൾ. ഈ മത്സരത്തോടെ കേരള താരവും ഗോൾ കീപ്പറുമായി പിആർ ശ്രീജേഷ് ഹോക്കിയിൽ നിന്ന് വിരമിക്കും.

ഇന്ത്യയുടെ സ്വർണമെഡൽ പ്രതീക്ഷയാണ് നീരജ് ചോപ്ര. യോഗ്യതാഘട്ടത്തിൽ ഏറ്റവുമധിക ദൂരം ജാവലിനെറിഞ്ഞ നീരജ് തകർപ്പൻ ഫോമിലാണെന്നത് ഇന്ത്യക്ക് വലിയ പ്രതീക്ഷ നൽകുന്നു. ഇന്ന് രാത്രി 11.55ന് നീരജ് ഫൈനലിനിറങ്ങും. കഴിഞ്ഞ ഒളിമ്പിക്സിലെ സ്വർണമെഡൽ ജേതാവാണ് നീരജ്.

ഫൈനൽ വരെ ഐതിഹാസികമായി മുന്നേറിയ വിനേഷ് ഫോഗട്ട് 100 ഗ്രാം ഭാരക്കൂടുതലിൻ്റെ പേരിൽ അയോഗ്യയാക്കപ്പെട്ടത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായെങ്കിലും ഗോദയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയേറ്റി അമൻ സെഹ്‌രാവത് അവസാന നാലിലെത്തി. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈലിൽ അൽബേനിയയുടെ മുൻ ലോക ജേതാവ് സെലിംഖാൻ അബകറോവിനെ വീഴ്ത്തിയാണ് അമൻ്റെ സെമി പ്രവേശം. ഇന്ന് രാത്രി 9.45ന് നടക്കുന്ന സെമിയിൽ ജപ്പാൻ്റെ റെയ് ഹിഗൂച്ചിയാണ് അമൻ്റെ എതിരാളി.

സ്റ്റീപ്പിൾചേസിൽ ഫൈനലിൽ കടന്ന് ചരിത്രം കുറിച്ചെങ്കിലും അവിനാഷ് സാബ്‌ലെയ്ക്ക് ഫൈനലിൽ ആ മികവ് പുലർത്താനായില്ല. താരം 11മനായാണ് ഫിനിഷ് ചെയ്തത്.