Olympics 2024 : ഇനി കളി പാരീസിൽ; ഇത്തവണ ഒളിമ്പിക്സിൽ മത്സരിക്കാത്ത ഇന്ത്യൻ താരങ്ങൾ ഇവർ
Olympics 2024 Paris : ഈ മാസം 26ന് ആരംഭിക്കുന്ന പാരിസ് ഒളിമ്പിക്സിൽ ചില പ്രധാനപ്പെട്ട ഇന്ത്യൻ താരങ്ങൾ പങ്കെടുക്കില്ല. യോഗ്യത നേടാനാവാത്തതും പരിക്കുമൊക്കെ കാരണമാണ് ഇവർക്ക് പാരിസിലേക്ക് പറക്കാനാവാത്തത്. മലയാളി താരം മുരളി ശ്രീശങ്കർ അടക്കമുള്ള താരങ്ങൾ പട്ടികയിലുണ്ട്.

പാരിസ് ഒളിമ്പിക്സ് ഈ മാസം 26നാണ് ആരംഭിക്കുക. വിവിധ രാജ്യങ്ങളിൽ നിന്നായി ആയിരക്കണക്കിന് കായികതാരങ്ങൾ ഒളിമ്പിക്സിൽ പങ്കെടുക്കാനെത്തും. ഇന്ത്യയിൽ നിന്നും നിരവധി താരങ്ങൾ രാജ്യാന്തര വേദിയിൽ മാറ്റുരക്കും. 2021 ടോക്യോ ഒളിമ്പിക്സിൽ, ജാവലിൻ ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്ര അടക്കമുള്ളവർ പാരിസിലെ ഗെയിംസ് വില്ലേജിൽ രാജ്യത്തിൻ്റെ അഭിമാനം ഉയർത്തിപ്പിടിക്കാൻ കളത്തിലിറങ്ങും. എന്നാൽ ഇത്തവണ ഒളിമ്പിക്സിൽ മത്സരിക്കാൻ കഴിയാത്ത ചില താരങ്ങളുണ്ട്. അവർ ആരൊക്കെയെന്ന് നോക്കാം.

പ്രണതി നായക് (ജിംനാസ്റ്റിക്സ്)- കഴിഞ്ഞ ഒളിമ്പിക്സിൽ മത്സരിച്ച പ്രണതിക്ക് ഇത്തവണ ഒളിമ്പിക്സ് യോഗ്യത നേടാനായില്ല. എഫ്ഐജി അപ്പാരറ്റസ് വേൾഡ് കപ്പ് 2024 സീരീസിലേക്കുള്ള യോഗ്യതയായിരുന്നു ഒളിമ്പിക്സിനും വേണ്ടിയിരുന്നത്. ഇത് നേടാൻ താരത്തിനു കഴിഞ്ഞില്ല.

രവി ദഹിയ (ഗുസ്തി) - കഴിഞ്ഞ ഒളിമ്പിക്സിൽ വെള്ളിമെഡൽ ജേതാവായ രവി ദഹിയയ്ക്ക് ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ്റെ പിടിപ്പുകേട് മൂലമാണ് പാരിസ് ഒളിമ്പിസിലേക്ക് യോഗ്യത നേടാൻ കഴിയാതെ പോയത്. ഫൈനൽ ട്രയൽസ് നടത്താതെ മാർച്ചിൽ നടത്തിയ ട്രയൽസിൽ വിജയിച്ച താരങ്ങളെ ഒളിക്സിനയക്കാൻ ഫെഡറേഷൻ തീരുമാനിക്കുകയായിരുന്നു.

മുരളി ശ്രീശങ്കർ (ലോംഗ് ജമ്പ്)- കോമൺവെൽത്തിലും ഏഷ്യൻ ഗെയിംസിലും വെള്ളി നേടിയ മലയാളി താരം മുരളി ശ്രീശങ്കറിന് പരിക്കാണ് വിനയായത്. പരിശീലനത്തിനിടെ പരിക്കേറ്റ താരം ഒളിമ്പിക്സിൽ നിന്ന് പിന്മാറുകയായിരുന്നു.

വനിതാ ഹോക്കി ടീം - കഴിഞ്ഞ ഒളിമ്പിക്സിൽ നാലാം സ്ഥാനത്തെത്തി ചരിത്രം കുറിച്ച ഇന്ത്യൻ വനിതാ ഹോക്കി ടീമിന് ഇത്തവണ ഒളിമ്പിക്സ് യോഗ്യത ലഭിച്ചില്ല.

മിക്സഡ് ഡബിൾസ് ടേബിൾ ടെന്നീസ് ടീം, മിക്സഡ് 4*400 റിലേ ടീം, വാൾപ്പയറ്റ് താരം ഭവാനി ദേവി തുടങ്ങിയവരും ഇത്തവണ ഒളിമ്പിക്സിനുണ്ടാവില്ല.