R Ashwin: ‘ഇന്ത്യൻ ക്രിക്കറ്റിൽ എല്ലാം നടക്കുന്നത് പരോക്ഷമായാണ്’; അതിഗുരുതര ആരോപണമുയർത്തി അശ്വിൻ
R Ashwin Against Agarkar: മുഖ്യ സെലക്ടർ അജിത് അഗാർക്കറിനെതിരെ ആർ അശ്വിൻ. മുഹമ്മദ് ഷമിയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് അശ്വിൻ്റെ വിമർശനം.

അതിഗുരുതര ആരോപണവുമായി അശ്വിൻ. ഇന്ത്യൻ ക്രിക്കറ്റിൽ എല്ലാം നടക്കുന്നത് പരോക്ഷമായാണെന്നാണ് അശ്വിൻ തൻ്റെ യൂട്യൂബ് ചാനലിലൂടെ ആരോപിച്ചു. മുഹമ്മദ് ഷമിയുമായി ബന്ധപ്പെട്ട അജിത് അഗാർക്കറിൻ്റെ പ്രസ്താവനയ്ക്കെതിരെയാണ് അശ്വിൻ്റെ പ്രതികരണം. (Image Credits - PTI)

"ഒരുകാര്യം ഞാൻ തുറന്നുപറയാം. ഇന്ത്യൻ ക്രിക്കറ്റിൽ എല്ലാം നടക്കുന്നത് പരോക്ഷ സംഭാഷണങ്ങളിലൂടെയാണ്. അത് മാറ്റണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. അത് താരങ്ങളുടെ ഭാഗത്തുനിന്നും ഭരണാധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്."- അശ്വിൻ പ്രതികരിച്ചു.

"പരോക്ഷമായി എന്തെങ്കിലും പറഞ്ഞാൽ അത് വാർത്തയാവുമെന്നത് ഞാൻ ശ്രദ്ധിച്ചു. അതുകൊണ്ട് തന്നെ ഒരാളോട് പോയി താൻ ഈ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് പറയാൻ താരങ്ങൾക്ക് അത്ര ആത്മവിശ്വാസമില്ല. ഷമി പറഞ്ഞത് തന്നെ ഇതിൻ്റെ ഉദാഹരണമാണ്."

"ഷമി നല്ല പ്രകടനം നടത്തിയിട്ട് വാർത്താസമ്മേളനത്തിൽ കാര്യം പറഞ്ഞു. അതൊരു തെറ്റല്ല. പക്ഷേ, എന്തുകൊണ്ട് അദ്ദേഹം ഇതൊക്കെ പറയുന്നു? അദ്ദേഹത്തിന് വ്യക്തത വന്നിട്ടില്ല. ഷമിക്ക് വ്യക്തത ലഭിച്ചിരുന്നെങ്കിൽ ഒരുപക്ഷേ, ഇത് സംഭവിക്കില്ലായിരുന്നു."- അശ്വിൻ കൂട്ടിച്ചേർത്തു.

താൻ ദുലീപ് ട്രോഫി കളിച്ചെന്നും ഇപ്പോൾ രഞ്ജി കളിക്കുന്നുണ്ടെന്നുമായിരുന്നു ഷമിയുടെ വെളിപ്പെടുത്തൽ. റെഡ് ബോൾ ക്രിക്കറ്റ് കളിക്കുന്ന തനിക്ക് ഏകദിനത്തിൽ കളിക്കാൻ ഫിറ്റ്നസുണ്ട് എന്നും ഷമി പറഞ്ഞു. എന്നാൽ, ഷമിയ്ക്ക് മാച്ച് ഫിറ്റ്നസില്ലെന്നായിരുന്നു അഗാർക്കറിൻ്റെ പ്രതികരണം.