Sanju Samson: സഞ്ജു ബാക്കപ്പ് വിക്കറ്റ് കീപ്പർ മാത്രം; ഏകദിന ടീമിലേക്ക് തിലക് വർമ്മയെയും പരിഗണിക്കുന്നു
Sanju Samson Against Australia: ഓസ്ട്രേലിയക്കെതിരെ സഞ്ജു സാംസൺ ബാക്കപ്പ് വിക്കറ്റ് കീപ്പർ. തിലക് വർമ്മ ടീമിൽ ഇടം പിടിച്ചേക്കും.

ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമിലേക്ക് തിലക് വർമ്മയെയും പരിഗണിക്കുന്നു. മലയാളി താരം സഞ്ജു സാംസൺ ബാക്കപ്പ് വിക്കറ്റ് കീപ്പറായാവും ടീമിലെത്തുക. അതുകൊണ്ട് തന്നെ താരത്തിന് ഫൈനൽ ഇലവനിൽ ഇടം ലഭിക്കാനുള്ള സാധ്യതതകൾ വളരെ കുറവാണ്. (Image Credits- PTI)

ഏഷ്യാ കപ്പിലെയും ഓസ്ട്രേലിയ എയ്ക്കെതിരായ ഏകദിനത്തിലും നടത്തിയ പ്രകടനങ്ങളാണ് തിലക് വർമ്മയ്ക്ക് തുണയായത്. ഏഷ്യാ കപ്പ് ഫൈനലിൽ ടീമിനെ വിജയത്തിലേക്ക് നയിച്ച ഇന്നിംഗ്സ്. ഫൈനലിൽ പുറത്താവാതെ 69 റൺസ് നേടി തിലക് ടീമിനെ വിജയിപ്പിച്ചിരുന്നു.

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലെ പ്രകടനവും തിലകിനെ ടീമിലേക്ക് പരിഗണിക്കുന്നതിൽ നിർണായകമാവും. അതിസമ്മർദ്ദ ഘട്ടത്തിൽ 122 പന്തുകൾ നേരിട്ട തിലക് 94 റൺസ് നേടിയാണ് പുറത്തായത്. തിലകിൻ്റെ മികവിൽ ഇന്ത്യ 246 റൺസ് നേടി ഓൾ ഔട്ടായി.

ഇതോടെ സഞ്ജുവിൻ്റെ സ്ഥാനത്തേക്ക് തിലക് വർമ്മയെ പരിഗണിച്ചേക്കുമെന്ന് സൂചനകളുണ്ട്. കെഎൽ രാഹുലാവും പ്രധാന വിക്കറ്റ് കീപ്പർ. രാഹുലിൻ്റെ ബാക്കപ്പ് കീപ്പർ സ്ഥാനം മാത്രമാവും സഞ്ജുവിന് ഉണ്ടാവുക. അതുകൊണ്ട് തന്നെ ഫൈനലിൽ ഇലവനിൽ സഞ്ജു ഇടം പിടിച്ചേക്കില്ല.

ഏഷ്യാ കപ്പിൽ സഞ്ജുവും നിർണായക പ്രകടനങ്ങൾ നടത്തിയിരുന്നു. ഇന്ത്യക്കായി ഏറ്റവുമധികം റൺസ് നേടിയ താരങ്ങളിൽ സഞ്ജു മൂന്നാം സ്ഥാനത്തായിരുന്നു. എന്നാൽ, തകർച്ചയുടെ സമയത്ത് മാച്ച് വിന്നിങ് ഇന്നിങ്സുകൾ കളിക്കാനുള്ള കഴിവാണ് തിലകിനെ വേറിട്ട് നിർത്തുന്നത്.