Silver Price: വെള്ളി വില നാല് ലക്ഷത്തിലേക്ക്… പാദസരം വാങ്ങാൻ എത്ര നൽകണം?
Silver Price Forecast: ട്രംപിന്റെ നയങ്ങൾ സ്വർണം, വെള്ളി മുതലായ ലോഹങ്ങളുടെ വിലയെ സ്വാധീനിക്കുന്നുണ്ട്. വ്യവസായ മേഖലയിലെ വർദ്ധിച്ച ആവശ്യവും വിതരണത്തിലെ കുറവുമാണ് വെള്ളി വില വർദ്ധനവിന് മറ്റൊരു കാരണം.

മലയാളികളുടെ പ്രിയപ്പെട്ട ലോഹങ്ങളാണ് സ്വർണവും വെള്ളിയും. സ്വർണം ഒന്നേക്കാൽ ലക്ഷത്തിലേക്ക് കുതിക്കുമ്പോൾ താനും ഒട്ടുംപിന്നിലല്ലെന്ന് തെളിയിക്കുകയാണ് വെള്ളിയും. ഒരു കിലോ വെള്ളി നാല് ലക്ഷത്തിലേക്ക് കടക്കുകയാണ്. നിലവിൽ കേരളത്തിൽ വെള്ളിയുടെ വില ഗ്രാമിന് 360.10 രൂപയും കിലോഗ്രാമിന് 3,60,100 രൂപയുമാണ്.

ഈ മാസം തുടക്കത്തിൽ ഒരു കിലോയ്ക്ക് 2,56,000 ആയിരുന്ന വെള്ളി വിലയാണ് ഇപ്പോൾ 3.60 ലക്ഷം കടന്നിരിക്കുന്നത്. ഏകദേശം 40% വർദ്ധനവാണ് ജനുവരിയിൽ മാത്രം ഉണ്ടായത്. വരുംദിവസങ്ങളിൽ വില കുതിക്കാനാണ് സാധ്യതയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ മുന്നേറ്റം തുടർന്നാൽ വൈകാതെ തന്നെ വെള്ളി വില നാല് ലക്ഷം കടക്കും.

ജിഎസ്ടി ഉൾപ്പെടെ കുട്ടികൾക്ക് ഒരു ജോടി പാദസരം വാങ്ങണമെങ്കിൽ ഏകദേശം 4,500 - 8,500 രൂപ വരെ ചെലവാകും. 80 - 150 ഗ്രാമിന് 34,000 - 65,000 രൂപ വരെ നൽകേണ്ടി വരും. പണിക്കൂലി ഓരോ ജ്വല്ലറിയിലും ഡിസൈനിന്റെ പ്രത്യേകത അനുസരിച്ചും വ്യത്യാസപ്പെടാം.

ട്രംപിന്റെ നയങ്ങൾ സ്വർണം, വെള്ളി മുതലായ ലോഹങ്ങളുടെ വിലയെ സ്വാധീനിക്കുന്നുണ്ട്. താരിഫ് ഭീഷണികളും ഗ്രീൻലാൻഡുമായി ബന്ധപ്പെട്ട തർക്കങ്ങളും ആഗോളതലത്തിൽ വലിയ പിരിമുറുക്കങ്ങൾക്ക് കാരണമായി. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വെള്ളിയുടെ ഡിമാൻഡ് വർദ്ധിച്ചു.

വ്യവസായ മേഖലയിലെ വർദ്ധിച്ച ആവശ്യവും വിതരണത്തിലെ കുറവുമാണ് മറ്റൊരു കാരണം. വെള്ളിയുടെ ഖനനം കുറയുകയും എന്നാൽ ആവശ്യക്കാരുടെ എണ്ണം കൂടുകയും ചെയ്യുന്നത് വിലക്കയറ്റത്തിന് വഴിയൊരുക്കുന്നു. മെക്സിക്കോ, പെറു തുടങ്ങിയ പ്രധാന ഖനന രാജ്യങ്ങളിലെ ഉൽപാദന തടസ്സങ്ങളും വിലയെ ബാധിക്കാറുണ്ട്. (Image Credit: Getty Images)