UEFA Europa League Final: 2008ന് ശേഷം ടോട്ടനത്തിന് ആദ്യ കിരീടമധുരം; യൂറോപ്പ ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി
Tottenham Hotspur Wins Europa League: 2008ന് ശേഷം ഇതാദ്യമായി ടോട്ടനം ഹോട്സ്പറിന് കിരീടമധുമരം. യുവേഫ യൂറോപ്പ ലീഗാണ് ടോട്ടനം സ്വന്തമാക്കിയത്.

17 വർഷങ്ങൾക്ക് ശേഷം ടോട്ടനം ഹോട്സ്പറിന് ഒരു കിരീടം. യുവേഫ യൂറോപ്പ ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് 2008ന് ശേഷം ഇതാദ്യമായി ടോട്ടനം ഒരു പ്രധാന കിരീടം നേടുന്നത്. 1984ന് ശേഷം ഇതാദ്യമായി ഒരു യൂറോപ്യൻ കിരീടവും ഇതോടെ അവർ സ്വന്തമാക്കി. (Image Courtesy - Social Media)

സ്പാനിഷ് ക്ലബ് അത്‌ലറ്റികോ ബിൽബാവോയുടെ ഹോം ഗ്രൗണ്ടായ സാൻ മെയിംസിൽ നടന്ന മത്സരത്തിൽ 42ആം മിനിട്ടിലാണ് വിജയഗോൾ പിറന്നത്. വെയിൽസ് താരമായ ബ്രെണ്ണൻ ജോൺസൺ വിജയഗോൾ കുറിച്ചു. പാപെ മാറ്ററിൻ്റെ ഒരു ക്രോസിൽ നിന്ന് ക്ലോസ് റേഞ്ചിൽ ജോൺസൺ യുണൈറ്റഡ് ഗോൾ കീപ്പർ ആന്ദ്രേ ഒനാനയെ മറികടന്നു.

തിരിച്ചടിയ്ക്കാൻ യുണൈറ്റഡ് കിണഞ്ഞുശ്രമിച്ചെങ്കിലും ഫൈനൽ തേർഡിൽ സ്പർസ് പ്രതിരോധം മറികടക്കാൻ സാധിച്ചില്ല. റാസ്മസ് ഹോയ്‌ലൻഡ്, ലൂക്ക് ഷാ തുടങ്ങിയവർക്കൊക്കെ അവസരം ലഭിച്ചെങ്കിലും ടോട്ടനം പ്രതിരോധവും ഗോൾ കീപ്പർ ഗുഗ്ലിയെൽമോ വികാരിയോയും ഉറച്ചുനിന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വളരെ മോശം പ്രകടനങ്ങളാണ് ഓസ്ട്രേലിയൻ പരിശീലകൻ ആഞ്ജ് പോസ്റ്റേകോഗ്ലൂവിന് കീഴിൽ ടോട്ടനം നടത്തിയത്. കേവലം 38 പോയിൻ്റുമായി 17ആം സ്ഥാനത്താണ് ടോട്ടനം. ഈ കിരീടത്തോടെ പരിശീലകൻ്റെ സ്ഥാനം തെറിക്കാനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആവട്ടെ 39 പോയിൻ്റുമായി 16ആം സ്ഥാനത്താണ്. പോർച്ചുഗീസ് പരിശീലകനായ റൂബൻ അമോറിന് കീഴിൽയുണൈറ്റഡിന് മറക്കാനാഗ്രഹിക്കുന്ന ഒരു സീസണായി ഇത് മാറി. ആരാധകരും മാനേജ്മെൻ്റും എതിർപ്പറിയിച്ചാൽ താൻ ക്ലബ് വിടുമെന്ന് അമോറിം പറഞ്ഞു.