Womens ODI World Cup 2025: വേണ്ടത് വെറും 12 റൺസ്; സ്മൃതി മന്ദനയെ കാത്തിരിക്കുന്നത് എക്കാലത്തെയും മികച്ച റെക്കോർഡ്
Smriti Mandhana Record: വനിതാ ക്രിക്കറ്റിൽ സവിശേഷകരമായ റെക്കോർഡിലേക്ക് സ്മൃതി മന്ദന. വെറും 12 റൺസ് മാത്രം നേടിയാൽ താരം ഈ റെക്കോർഡിലെത്തും.

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന ലോകകപ്പിൽ സ്മൃതി മന്ദനയെ കാത്തിരിക്കുന്നത് എക്കാലത്തെയും മികച്ച റെക്കോർഡ്. ഇന്ന് നടക്കുന്ന മത്സരത്തിൽ കേവലം 12 റൺസ് നേടാനായാൽ വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഒരു റെക്കോർഡ് സ്മൃതി സ്വന്തമാക്കും. (Image Credits- PTI)

വനിതാ ഏകദിനത്തിൽ ഒരു വർഷം ഏറ്റവുമധികം റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റനെ കാത്തിരിക്കുന്നത്. ഓസ്ട്രേലിയൻ ഇതിഹാസതാരമായ ബെലിൻഡ ക്ലാർക്കിനെ മറികടക്കാൻ സ്മൃതി മന്ദനയ്ക്ക് വേണ്ടത് വെറും 12 റൺസ് മാത്രമാണ്.

ഈ വർഷം 16 ഇന്നിംഗ്സിൽ നിന്ന് 959 റൺസാണ് സ്മൃതി അടിച്ചുകൂട്ടിയത്. 60 ശരാശരിയും 113 സ്ട്രൈക്ക് റേറ്റും ഇക്കൊല്ലം താരത്തിനുണ്ട്. നാല് സെഞ്ചുറിയും മൂന്ന് ഫിഫ്റ്റിയും 2025ൽ സ്മൃതിയുടെ പേരിലുണ്ട്. ഈ ലോകകപ്പിൽ 8, 23 എന്നിങ്ങനെയാണ് സ്മൃതിയുടെ സ്കോറുകൾ.

1997ലാണ് ബെലിൻഡ ക്ലാർക്ക് റെക്കോർഡ് സ്ഥാപിച്ചത്. രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ ഇരട്ടസെഞ്ചുറിയ്ക്കൊപ്പം മൂന്ന് സെഞ്ചുറിയും നാല് ഫിഫ്റ്റിയും നേടിയ ബെലിൻഡ ആകെ 14 ഇന്നിംഗ്സിൽ നിന്ന് നേടിയത് 970 റൺസ്. 81 ആയിരുന്നു ശരാശരി. സ്ട്രൈക്ക് റേറ്റ് 98.11

ഈ ലോകകപ്പിൽ ഇതുവരെ സ്മൃതി നിരാശപ്പെടുത്തിയെങ്കിലും ഇനി വരുന്ന മത്സരങ്ങളിൽ ഫോമിലേക്കെത്തുമെന്നാണ് പ്രതീക്ഷ. ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിന് ശേഷം ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ.