Astrological Remedies for Saturday: ഏഴരശ്ശനി, കണ്ടകശ്ശനി: ദോഷശാന്തിക്കായി ശനീശ്വരന്റെ അനുഗ്രഹത്തിനായി ശനിയാഴ്ച ചെയ്യേണ്ട കാര്യങ്ങൾ
Remedies to please Lord Shani: ഏഴരശ്ശനി കണ്ടകശ്ശനി തുടങ്ങിയ ദോഷങ്ങൾ ഉള്ളവർക്ക് ദോഷ ശാന്തി വരുത്തുന്നതിനും അല്ലാത്തവർക്ക് ശനി പ്രീതിയിലൂടെ ജീവിതത്തിൽ സമാധാനവും ഐശ്വര്യവും ലഭിക്കുന്നതിനും ശനിയാഴ്ചകളിൽ ചില പ്രത്യേക പരിഹാരങ്ങൾ ചെയ്യാവുന്നതാണ്

Saturday Astro Remedies
ജ്യോതിഷം അനുസരിച്ച് ശനിയാഴ്ച ദിവസം ശനിദേവന് ( ശനീശ്വരൻ ) പ്രാധാന്യമുള്ളതാണ്. ഏഴരശ്ശനി കണ്ടകശ്ശനി തുടങ്ങിയ ദോഷങ്ങൾ ഉള്ളവർക്ക് ദോഷ ശാന്തി വരുത്തുന്നതിനും അല്ലാത്തവർക്ക് ശനി പ്രീതിയിലൂടെ ജീവിതത്തിൽ സമാധാനവും ഐശ്വര്യവും ലഭിക്കുന്നതിനും ശനിയാഴ്ചകളിൽ ചില പ്രത്യേക പരിഹാരങ്ങൾ ചെയ്യാവുന്നതാണ്.
ശനിയാഴ്ച ചെയ്യേണ്ട പ്രധാന പരിഹാരങ്ങൾ
ആരാധനയും വഴിപാടുകളും: ശനിയുടെ അധിദേവതയായി കണക്കാക്കുന്നത് ശാസ്താവിനെയാണ്. ശനിയാഴ്ചകളിൽ അയ്യപ്പക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് ശനിദോഷത്തിന് ഉത്തമമാണ്.
നീരാഞ്ചനം: ശാസ്താവിന് നീരാഞ്ചനം( എണ്ണയിൽ എള്ളു ചേർത്ത് തിരി ) കത്തിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കുന്നു.
എള്ള് പായസം : അയ്യപ്പന് എള്ള് പായസം വഴിപാടായി സമർപ്പിക്കുന്നത് അഭീഷ്ട സിദ്ധിക്കും പാപശാന്തിക്കും നല്ലതാണ്.
ശനി ക്ഷേത്രം: ശനിയാഴ്ച ദിവസങ്ങളിൽ ശനി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ പോയി വിളക്ക് കത്തിച്ചു പ്രാർത്ഥിക്കാം. കറുത്ത എള്ളും കടുകെണ്ണയും ശനിദേവന് സമർപ്പിക്കുന്നത് ഉത്തമമാണ്.
ഹനുമാൻ ഭജനം: ശനിയാഴ്ച ദിവസങ്ങളിൽ ഹനുമാൻ സ്വാമിയെ പൂജിക്കുന്നതും ഹനുമാൻ ചാലിസ ജപിക്കുന്നതും ശനിദോഷം അകറ്റുമെന്നാണ് വിശ്വാസം.
ശനിയാഴ്ച വ്രതം: ശനിപ്രീതി നേടുന്നതിനായി ശനിയാഴ്ച ദിവസങ്ങളിൽ വ്രതങ്ങൾ അനുഷ്ടിക്കുന്നത് നല്ലതാണ്. അതിനായി ഒരിക്കലൂണോടെ (ഒരു നേരം മാത്രം ഭക്ഷണം കഴിക്കുക) വ്രതം അനുഷ്ഠിക്കാം. ഇത്തരത്തിൽ 12 ശനിയാഴ്ച തുടർച്ചയായി അനുഷ്ഠിച്ചാൽ ശനി ഭഗവാന്റെ അനുഗ്രഹം നേടാനാകുമെന്നും ദോഷങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം.
ശനിദോഷശാന്തി നേടുന്നതിനും ശനി ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിനും താഴെക്കൊടുക്കുന്ന ശനീശ്വര മന്ത്രം പ്രഭാതത്തിൽ ശുദ്ധിയോടെ 108 തവണ ജപിക്കുന്നത് ഉത്തമമാണ്
“നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം
ഛായാ മാര്‍ത്താണ്ഡ സംഭൂതം തം നമാമി ശനൈശ്ചരം”
(ഈ മന്ത്രത്തിന്റെ അർത്ഥം ഇങ്ങനെ: നീലാഞ്ജനക്കല്ലിന്റെ ശോഭയുള്ളവനും, സൂര്യന്റെ പുത്രനും, യമന്റെ ജ്യേഷ്ഠനും, ഛായാദേവിയുടെയും സൂര്യന്റെയും പുത്രനുമായ ശനിഭഗവാനെ ഞാൻ നമസ്കരിക്കുന്നു.)
ശനിയാഴ്ച്ചകളിൽ ദാനധർമ്മങ്ങൾ ചെയ്യുക: ശനിയാഴ്ച ദിവസങ്ങളിൽ എന്തെങ്കിലും ദാനധർമ്മങ്ങൾ ചെയ്യുന്നത് ശനിദേവനെ പ്രീതിപ്പെടുത്താൻ സഹായിക്കും. പ്രധാനമായും കറുത്ത തുണി, കറുത്ത എള്ള്, എണ്ണ (കടുകെണ്ണ/നല്ലെണ്ണ), ഇരുമ്പ് കൊണ്ട് നിർമ്മിച്ച വസ്തുക്കൾ, ഉഴുന്ന് തുടങ്ങിയവ ദാനം ചെയ്യുന്നതാണ് അത്യുത്തമം.
കാക്കകൾക്ക് അന്ന നൽകുക: ശനിദേവന്റെ വാഹനം കാക്കയാണ്. കാക്കകൾക്ക് അന്നം, എള്ള്, അല്ലെങ്കിൽ പച്ചരി എന്നിവ നൽകുന്നത് ശനിദോഷം മാറുമെന്നാണ് വിശ്വാസം.