Attukal Pongala 2025: ആറ്റുകാല്‍ പൊങ്കാല ഇടേണ്ടത് എങ്ങനെ? വ്രതമെടുക്കുന്നത് മുതല്‍ അടുപ്പില്‍ തീകൂട്ടുന്നത് വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം
Attukal Pongala Significance: ഒരു നേരം അരിയാഹാരം കഴിച്ച് ബാക്കി സമയങ്ങളില്‍ വിശക്കുകയാണെങ്കില്‍ ഫലവര്‍ഗങ്ങള്‍ കഴിച്ചുമാണ് വ്രതമെടുക്കേണ്ടത്. മത്സ്യം, മാംസം, ലഹരി എന്നിവ പൂര്‍ണമായും ത്യജിക്കണം. കൂടാതെ ബ്രഹ്‌മചര്യം അനുഷ്ഠിക്കുകയും ദേവീ സ്‌തോത്രനാമാദികള്‍ ചൊല്ലുകയും ക്ഷേത്ര ദര്‍ശനം നടത്തുകയും വേണം.

ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല സമര്‍പ്പിക്കാനുള്ള സുദിനം വന്നെത്തിയിരിക്കുകയാണ്. ജാതിഭേദമന്യേ ആര്‍ക്കും പൊങ്കാലയിടാവുന്നതാണ്. എന്നാല്‍ അങ്ങനെ ഓടിച്ചെന്ന് പൊങ്കാല സമര്‍പ്പിക്കാനും പാടില്ല. പൊങ്കാലയിടുന്നവര്‍ ആരുമായിക്കൊള്ളട്ടെ അവര്‍ വ്രതം അനുഷ്ഠിക്കണം. അത് മാത്രമല്ല വേറെയും ഒട്ടനവധി കാര്യങ്ങളുണ്ട് ശ്രദ്ധിക്കാനായി.
പൊങ്കാല വ്രതം
ആറ്റുകാല്‍ പൊങ്കാല ഇടുന്നതിനായി ഒന്‍പത് ദിവസത്തെ വ്രതമാണ് അനുഷ്ഠിക്കേണ്ടത്. എന്നാല്‍ ഏഴ്, അഞ്ച്, മൂന്ന് എന്നിങ്ങനെയുള്ള ദിവസങ്ങള്‍ വ്രതമെടുത്ത് പൊങ്കാലയിടുന്നവരുമുണ്ട്.
ഒരു നേരം അരിയാഹാരം കഴിച്ച് ബാക്കി സമയങ്ങളില്‍ വിശക്കുകയാണെങ്കില്‍ ഫലവര്‍ഗങ്ങള്‍ കഴിച്ചുമാണ് വ്രതമെടുക്കേണ്ടത്. മത്സ്യം, മാംസം, ലഹരി എന്നിവ പൂര്‍ണമായും ത്യജിക്കണം. കൂടാതെ ബ്രഹ്‌മചര്യം അനുഷ്ഠിക്കുകയും ദേവീ സ്‌തോത്രനാമാദികള്‍ ചൊല്ലുകയും ക്ഷേത്ര ദര്‍ശനം നടത്തുകയും വേണം.




ശരീരത്തിന്റെയും മനസിന്റെയും ശുദ്ധി പ്രധാനമാണ്. വാക്കുകള്‍, ചിന്ത, പ്രവൃത്തി എന്നിവയിലെല്ലാം നല്ലത് മാത്രം നിറയണം. മാസമുറയായ സ്ത്രീകള്‍ പൊങ്കാലയിടേണ്ടത് ഏഴ് ദിവസത്തിന് ശേഷമാണ്. പുല, വാലായ്മ എന്നിവയുള്ളവര്‍ പൊങ്കാലയിടരുത്. പ്രസവിച്ച സ്ത്രീകള്‍ 90 ദിവസമോ ആറുമാസമോ കഴിഞ്ഞതിന് ശേഷമേ പൊങ്കാലയിടാന്‍ പാടുള്ളൂ.
വ്രതമെടുക്കുന്ന ഓരോ ദിവസവും സര്‍വ്വ ദുരിതവും മാറ്റിത്തരണേ, അനുഗ്രഹം ചൊരിയണേ, നവഗ്രഹ ദുരിതങ്ങള്‍ മാറ്റിത്തരണേ, ദൃഷ്ടിദോഷം, വിളിദോഷം, ശാപദോശം എന്നിവ മാറ്റി തരണേയെന്ന് ദേവിയെ വിളിച്ച് പ്രാര്‍ത്ഥിക്കുക.
പൊങ്കാല ദിവസം
പൊങ്കാലയിടുമ്പോള്‍ പുത്തന്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഉത്തമം. അതില്ലെങ്കില്‍ അലക്കി വൃത്തിയാക്കിയ കോട്ടണ്‍ വസ്ത്രങ്ങളും ഉപയോഗിക്കാം. പുത്തന്‍ കലം വേണം പൊങ്കാലയിടുന്നതിനായി ഉപയോഗിക്കാന്‍. ഉണക്കല്ലരി, നാളികേരം, ശര്‍ക്കര, ചെറുപഴം, തേന്‍, നെയ്യ്, പഞ്ചസാര, കല്‍ക്കണ്ടം, ഉണക്കമുന്തിരി, ചെറുപയര്‍, കശുവണ്ടി പരിപ്പ്, എള്ള് എന്നിവയാണ് പൊങ്കാലയിടുന്നതിനായി വേണ്ടത്.
പൊങ്കാല അടുപ്പിന് തീ പകരുന്നതിന് മുമ്പായി അടുപ്പിന് മുമ്പില്‍ വിളക്ക്, നിറനാഴി എന്നിവ വെക്കണം. ദേവതാ സാന്നിധ്യ സങ്കല്‍പ്പമാണ് ഇതിന് പിന്നാലെ ഐതിഹ്യം. കുടുംബ പരദേവതയെയും പരേതാത്മാക്കളെയും സങ്കല്‍പ്പിക്കുകയും ദുരിതമോചനവും ഐശ്വര്യവര്‍ധനവും വാസ്തു സംബന്ധമായ ദുരിതങ്ങളും തീര്‍ത്തുതരണേ എന്ന് പ്രാര്‍ത്ഥിച്ചും കൊണ്ടാണ് നിലവിളക്കും നിറനാഴിയും വെക്കേണ്ടത്.
പൊങ്കാല തിളച്ച് വരുന്നത് വരെ ഒന്നും കഴിക്കാന്‍ പാടില്ല. പണ്ട് നേദിച്ച ശേഷമായിരുന്നു ആളുകള്‍ ഭക്ഷണം കഴിച്ചിരുന്നത്. എന്നാല്‍ ഭക്തരുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് നിവേദ്യം തയാറായതിന് ശേഷം കരിക്ക്, പാല്‍, പഴം എന്നിവ കഴിച്ച് ഉപവാസം അവസാനിപ്പിക്കാവുന്നതാണ്.
നിവേദ്യം കലത്തില്‍ നിന്ന് തിളച്ച് തൂകുന്നതാണ് ഉത്തമം. തിളച്ചുമറിയുന്നത് വരാനിരിക്കുന്ന അഭിവൃദ്ധിയെ പ്രതിനിധാനം ചെയ്യുന്നു. കിഴക്കോട്ടാണ് തൂകുന്നതെങ്കില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ഉടന്‍ നടക്കും. വടക്കോട്ട് ആണെങ്കില്‍ എല്ലാത്തിനും അല്‍പം കാലതാമസം വരും. പടിഞ്ഞാറോ തെക്കോ ആണെങ്കില്‍ ദുരിതം മാറിയിട്ടില്ലെന്ന് അര്‍ത്ഥം.
പൊങ്കാല കഴിഞ്ഞ് ക്ഷേത്രദര്‍ശനം നടത്തിയതിന് ശേഷം അന്നേ ദിവസം പിന്നെ കുളിക്കരുത്. ദേവീചൈതന്യം നിങ്ങളില്‍ കുടിയിരിക്കുന്നതിനാലാണ് ഇത്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)