Chanakya Niti: ജീവിതത്തിൽ വിജയിക്കണോ? എങ്കിൽ ഇക്കാര്യങ്ങൾ ആരോടും പറയല്ലേ…
Chanakya Niti Life Lesson: നമ്മുടെ ജീവിതത്തിൽ സന്തോഷമായാലും വിഷമമായാലും നമ്മൾ ഏറ്റവും ആദ്യം ഓടിയെത്തുന്നത് കുടുംബാംഗങ്ങളുടെ അടുത്തേക്കാണ്. എന്നാൽ, ചാണക്യന്റെ അഭിപ്രായത്തിൽ, എത്ര അടുപ്പമുള്ളവരാണെങ്കിലും ചില വ്യക്തിപരമായ കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ് ഉചിതം. അത്തരം 5 പ്രധാന കാര്യങ്ങൾ അറിഞ്ഞോളൂ....

പ്രതീകാത്മക ചിത്രം
കൗടില്യൻ, വിഷ്ണുഗുപ്തൻ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന പണ്ഡിതനും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. ഭരണതന്ത്രം, സാമ്പത്തികശാസ്ത്രം, സൈനിക തന്ത്രങ്ങൾ, നിയമങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം രചിച്ച ‘അർത്ഥശാസ്ത്രം’ ലോകപ്രശസ്തമായ ഒരു ഗ്രന്ഥമാണ്. ഒരു വ്യക്തിയുടെ ജീവിത വിജയത്തിന് അദ്ദേഹം നൽകിയ ഉപദേശങ്ങളുടെ സമാഹാരമാണ് ‘ചാണക്യ നീതി’.
നമ്മുടെ ജീവിതത്തിൽ സന്തോഷമായാലും വിഷമമായാലും നമ്മൾ ഏറ്റവും ആദ്യം ഓടിയെത്തുന്നത് കുടുംബാംഗങ്ങളുടെ അടുത്തേക്കാണ്. എന്നാൽ, ചാണക്യന്റെ അഭിപ്രായത്തിൽ, എത്ര അടുപ്പമുള്ളവരാണെങ്കിലും ചില വ്യക്തിപരമായ കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ് ഉചിതം. അത്തരം 5 പ്രധാന കാര്യങ്ങൾ അറിഞ്ഞോളൂ….
സാമ്പത്തിക പ്രതിസന്ധികൾ
ബിസിനസ്സിലെ നഷ്ടം, പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ഞെരുക്കം അല്ലെങ്കിൽ വർദ്ധിച്ചുവരുന്ന കടങ്ങൾ എന്നിവയെക്കുറിച്ച് എപ്പോഴും ചർച്ച ചെയ്യാതിരിക്കുക. ഇത്തരം സാമ്പത്തിക ബാധ്യതകൾ നിരന്തരം സംസാരിക്കുന്നത് കുടുംബാംഗങ്ങളിൽ അനാവശ്യ ആശങ്കയും ഭയവും ഉണ്ടാക്കും. അനിവാര്യമായ ഘട്ടങ്ങളിൽ മാത്രം കുടുംബത്തിന്റെ സഹായം തേടുക.
ALSO READ: കണ്ണുണ്ടെങ്കിലും കാണുന്നില്ല! നിങ്ങളുടെ ഈ സ്വഭാവം അപകടമാണേ…
ദമ്പതികൾ തമ്മിലുള്ള തർക്കങ്ങളും സ്വകാര്യതകളും
ഭാര്യയും ഭർത്താവും തമ്മിലുള്ള ചെറിയ അഭിപ്രായവ്യത്യാസങ്ങളും വ്യക്തിപരമായ പ്രശ്നങ്ങളും മറ്റ് കുടുംബാംഗങ്ങളുടെയോ ബന്ധുക്കളുടെയോ മുന്നിൽ പരസ്യമാക്കരുത്. ദാമ്പത്യപ്രശ്നങ്ങൾ പുറത്തറിയുമ്പോൾ മറ്റുള്ളവർ ഇടപെടുകയും അത് തർക്കങ്ങൾ കൂടുതൽ വഷളാക്കുകയും ചെയ്യും. ദമ്പതികൾ തന്നെ അത് സംസാരിച്ച് തീർക്കുന്നതാണ് ഉചിതം.
പുറത്തുനിന്നുമുണ്ടാകുന്ന അപമാനങ്ങൾ
ജോലിസ്ഥലത്തോ സമൂഹത്തിലോ ആരുടെയെങ്കിലും ഭാഗത്തുനിന്ന് നിങ്ങൾക്ക് അപമാനമോ അവഗണനയോ നേരിടേണ്ടി വന്നാൽ, ആ വിഷമം വീട്ടിലെത്തി എല്ലാവരോടും പറഞ്ഞ് പരത്തേണ്ടതില്ല. ഇത്തരം അനുഭവങ്ങളെ ലഘുവായി കാണുകയും അതിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോവുകയും ചെയ്യുക.
സ്വന്തം ദൗർബല്യങ്ങളും ഭയങ്ങളും
ഓരോ വ്യക്തിക്കും അവരുടേതായ ദൗർബല്യങ്ങളും ഭയങ്ങളും ഉണ്ടാകാം. എന്നാൽ നിങ്ങളുടെ പ്രധാന ദൗർബല്യങ്ങൾ മറ്റുള്ളവരുടെ മുന്നിൽ തുറന്നുകാട്ടാതിരിക്കുക. ഭാവിയിൽ സന്ദർഭവശാൽ ഈ ദൗർബല്യങ്ങൾ നിങ്ങൾക്ക് എതിരായി ഉപയോഗിക്കപ്പെടാനോ നിങ്ങളുടെ തീരുമാനങ്ങളെ സ്വാധീനിക്കാനോ സാധ്യതയുണ്ട്.
ഭാവി പദ്ധതികളും വലിയ ലക്ഷ്യങ്ങളും
പുതിയൊരു സംരംഭം തുടങ്ങുക, വലിയ നിക്ഷേപങ്ങൾ നടത്തുക അല്ലെങ്കിൽ കരിയറുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ എടുക്കുക എന്നിവ പൂർത്തിയാകുന്നതുവരെ രഹസ്യമായി സൂക്ഷിക്കുക. ലക്ഷ്യം നേടുന്നതിന് മുൻപ് പദ്ധതികൾ വെളിപ്പെടുത്തിയാൽ അനാവശ്യ സംശയങ്ങളും തടസ്സങ്ങളും നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിച്ചേക്കാം.
(നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെയും വിശ്വാസത്തെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല)
English Summary:
According to Chanakya Niti, there are five things that people should avoid sharing unnecessarily, even with close family members. These include financial problems and money losses, personal disagreements between husband and wife, humiliating experiences faced outside the home, personal weaknesses and fears, and future plans or major ambitions.