History Of Easter Eggs: ബണ്ണിയെന്ന മുയലും മുട്ടകളും; ഈസ്റ്റർ മുട്ടയ്ക്ക് പിന്നിലെ ചരിത്രം അറിയുമോ?
History Of Easter Eggs In Christianity: ഏതൊരു ആഘോഷത്തിനും പലനാടുകളിൽ പല വിശ്വാസമാണ് നിലനിൽക്കുന്നത്. അതുപോലെ ഈസ്റ്റർ മുട്ടയുമായി ബന്ധപ്പെട്ടും പലതരം കഥകളുണ്ട്. പലതരം വരകളും നിറങ്ങളിലും കിട്ടുന്ന ഈ മനോഹരമായ മുട്ടകളുടെ പിന്നിലെ കഥ എന്താണെന്ന് നിങ്ങൾക്ക് അറിയാമോ?

കുരിശിലേറിയ യേശു ഉയർത്തെഴുന്നേറ്റതിൻ്റെ ഓർമപുതുക്കി വിശ്വാസികൾ ആഘോഷിക്കുന്ന ദിവസമാണ് ഈസ്റ്റർ. നന്മയുടെയും ഐശ്വര്യത്തിൻ്റെ ഉയർത്തെഴുന്നേല്പാണ് ഈസ്റ്റർ. ലോകത്തിലുള്ള എല്ലാവരും ഒന്നാകെ ആഘോഷമാക്കുന്ന ഈസ്റ്ററിന് വിവിധതരം ആഹാരങ്ങളും തയ്യാറാക്കിയും പല ആഘോഷങ്ങൾ കൊണ്ടാടിയും അരങ്ങേറുന്നു. ഈസ്റ്റർ അപ്പം, ഈസ്റ്റർ മുട്ടകൾ എന്നിവയാണ് അന്നത്തെ പ്രധാനികൾ. അതിൽ ഏറ്റവും പ്രധാനമാണ് മുട്ടകൾ. നിരത്തുകളിലും, കടകളിലുമെല്ലാം ഈസ്റ്റർ മുട്ടകൾ കിട്ടാറുണ്ട്. പലതരം വരകളും നിറങ്ങളിലും കിട്ടുന്ന ഈ മനോഹരമായ മുട്ടകളുടെ പിന്നിലെ കഥ എന്താണെന്ന് നിങ്ങൾക്ക് അറിയാമോ? (History behind Easter Eggs).
ഈസ്റ്റർ മുട്ടകളുടെ ചരിത്രം എന്താണ്?
ഏതൊരു ആഘോഷത്തിനും പലനാടുകളിൽ പല വിശ്വാസമാണ് നിലനിൽക്കുന്നത്. അതുപോലെ ഈസ്റ്റർ മുട്ടയുമായി ബന്ധപ്പെട്ടും പലതരം കഥകളുണ്ട്. പുരാതന കാലത്തെ ആസ്പദമാക്കിയാണ് ഒരു കഥ. മൊസപ്പൊട്ടോമിയയിലെ ക്രിസ്തീയ വിശ്വാസികളുടെ ഇടയിലാണ് ഈസ്റ്റർ മുട്ടകൾ ആചാരമായി തുടക്കമിട്ടത്. പിന്നീടുള്ള കാലങ്ങളിൽ അതു മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ആയിരക്കണക്കിന് വർഷം മുമ്പ് വസന്തകാല ആഘോഷങ്ങളുടെ ഭാഗമായി മുട്ടത്തോടുകൾ അലങ്കരിക്കുന്നത് പതിവായിരുന്നു. വസന്തകാലത്ത് നടക്കുന്ന ആഘോഷമായതിനാൽ ഇത് പിന്നീട് ഈസ്റ്റർ ആഘോഷത്തിനും ഉപയോഗിച്ച് തുടങ്ങി.
അമേരിക്കയിലും കാനഡയിലും കുട്ടികൾക്കിടയിൽ ഈസ്റ്റർ മുട്ടകളുമായി ബന്ധപ്പെട്ട് കൗതുകക്കഥ പ്രചാരത്തിലുണ്ട്. ഈസ്റ്റർ ബണ്ണിയെന്ന മുയലുകളാണ് ഈ മുട്ട കൊണ്ടുവരുന്നതെന്നാണ് ഈ വിശ്വാസം. ബ്രിട്ടനിൽ 15 ാം നൂറ്റാണ്ടു മുതൽ തന്നെ ഈസ്റ്റർ ദിവസം രാവിലെ അരിമാവു കൊണ്ടും പഞ്ചസാരകൊണ്ടും മുട്ടകൾ തയ്യാറാക്കുന്നു. ഈ മുട്ടകൾ രാവിലത്തെ പ്രാർത്ഥനയ്ക്കു ശേഷം വിതരണം ചെയ്യുകയും ചെയ്യുന്നു. കൂടാതെ കുട്ടികൾക്ക് വേണ്ടി ഈസ്റ്റർ ദിനത്തിൽ രാവിലെ വീട്ടുകാർ മുട്ടകൾ ഒളിപ്പിച്ചുവയ്ക്കുന്നു. ഇങ്ങനെ പല നാടുകളിൽ പല രീതിയിൽ മുട്ടകൾകൊണ്ട് ആഘോഷമാക്കാറുണ്ട്.
ഈസ്റ്റർ മുട്ടകൾ തയാറാക്കുന്നത് ഇങ്ങനെ
രണ്ടു വിധത്തിൽ ഈസ്റ്റർ മുട്ടകൾ തയ്യാറാക്കാറുണ്ട്. കോഴിയുടെയോ താറാവിന്റെയോ മുട്ട തിളപ്പിച്ചു പുറന്തോടിൽ ചായങ്ങൾ പൂശി ആകർഷകമാക്കിയെടുക്കുന്നതാണ് പരമ്പരാഗത രീതി. പിന്നീട് ചോക്ലേറ്റ് മുട്ടകളും പ്ലാസ്റ്റിക് മുട്ടകളും ഒക്കെ വിപണിയിൽ പ്രചാരത്തിൽ വന്നു. അതിനകത്ത് മിഠായികളോ ചോക്ലേറ്റുകളോ നിറച്ചു ഭംഗിയുള്ള വർണക്കടലാസുകളിൽ പൊതിഞ്ഞ് സമ്മാനങ്ങളായി നൽകാറുമുണ്ട്.
എന്തിനാണ് ഈസ്റ്റർ മുട്ടകൾക്ക് നിറം നൽകുന്നത്?
മെസൊപ്പൊട്ടേമിയയിൽ ആദ്യകാലത്ത് ക്രിസ്ത്യാനികളാണ് ഈസ്റ്റർ മുട്ടകൾക്ക് നിറം നൽകുന്ന ആചാരത്തിന് തുടക്കം കുറിച്ചത്. തുടക്കത്തിൽ, കുരിശിലേറിയ യേശുക്രിസ്തുവിന്റെ രക്തത്തെ പ്രതിനിധീകരിക്കാൻ മുട്ടകൾക്ക് ചുവപ്പ് നിറമാണ് നൽകിയത്. കാലക്രമേണ, ഈ പാരമ്പര്യം കിഴക്കൻ ഓർത്തഡോക്സ് പള്ളികളിലുടനീളം വ്യാപിച്ചു, ഒടുവിൽ യൂറോപ്പിലെ കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് പള്ളികളിലും എത്തി.