Guruvayoor Temple Online Scam: ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്! ഓൺലൈൻ തട്ടിപ്പ് വ്യാപകം, ദേവസ്വത്തിന്റെ ജാഗ്രതാ നിർദേശം
Guruvayur Temple Devaswom Warns Pilgrims of Online Scams: ദേവസ്വത്തിന്റെ ഐഡികളോട് സാമ്യമുള്ള ഇമെയിൽ ഐഡികളും ഓൺലൈൻ വിലാസങ്ങളും ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തിൽ ഒട്ടേറെ ഐഡികൾ നിലവിലുള്ളതായി ദേവസ്വത്തിന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തജനങ്ങളിൽ നിന്നും പണം തട്ടുന്ന ഓൺലൈൻ തട്ടിപ്പ് മാഫിയ സജീവം. നിരവധി പരാതികൾ ഉയർന്ന സാഹചര്യം കണക്കിലെടുത്ത് ഗുരുവായൂർ ദേവസ്വം തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയും ഭക്തർക്ക് ജാഗ്രതാ നിർദേശം നൽകുകയും ചെയ്തു.
ക്ഷേത്രം സന്ദർശിക്കാൻ എത്തുന്ന ഭക്തരിൽ നിന്ന് പണം വാങ്ങി ദർശനം ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കാൻ ഇടനിലക്കാരായി നിൽക്കുന്ന ലോബികൾ ഇവിടെ സജീവമാണ്. ഇത്തരം തട്ടിപ്പുകാരെ ഇതിനു മുമ്പും നിരവധി തവണ പിടികൂടിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളും വ്യാപകമായിരിക്കുന്നത്.
ദേവസ്വത്തിന്റെ ഐഡികളോട് സാമ്യമുള്ള ഇമെയിൽ ഐഡികളും ഓൺലൈൻ വിലാസങ്ങളും ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തിൽ ഒട്ടേറെ ഐഡികൾ നിലവിലുള്ളതായി ദേവസ്വത്തിന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ദർശനം, വഴിപാട് എന്നിവയ്ക്ക് സൗകര്യമൊരുക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഓൺലൈനിലൂടെയും വാട്സാപ്പിലൂടെയും ഇവർ പണം കൈപ്പറ്റും. ഇതിന് പിന്നിൽ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ അറിയിച്ചു.
ALSO READ: രാമായണ മാസത്തിൽ സന്ദർശിക്കേണ്ട പ്രധാന ക്ഷേത്രങ്ങൾ ഏതെല്ലാം?
ഇത്തരത്തിൽ തട്ടിപ്പിനിരയായവരിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഭക്തർക്ക് മുന്നറിയിപ്പ് നൽകാൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചത്. ക്ഷേത്രത്തിലെ കാര്യങ്ങൾക്കായി ഒരു ഏജൻസിയെയും ദേവസ്വം ചുമതലപ്പെടുത്തിയിട്ടില്ല എന്ന് ഡോ. വിജയൻ വ്യക്തമാക്കി. തട്ടിപ്പുകാർക്കെതിരെ പരാതി നൽകാൻ ഭക്തർ മടിക്കരുതെന്നും, ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.