Makara Vilakku 2026: പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ശരണം വിളികളാൽ മുഖരിതമായി സന്നിധാനം
Makara Vilakku 2026: ശരണം വിളികളോടെ കൈകൾകൂപ്പി അയ്യപ്പഭക്തർ മകരജ്യോതി ദർശിച്ചു...

Makara Vilakku
ഭക്തലക്ഷങ്ങൾക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ശരണമന്ത്രങ്ങളോടെ മുഖരിതമായി സന്നിധാനം. ശരണം വിളികളോടെ കൈകൾകൂപ്പി അയ്യപ്പഭക്തർ മകരജ്യോതി ദർശിച്ചു. ദീപാരാധനയ്ക്കിടെ ആകാശത്ത് ഉത്രം നക്ഷത്രം തെളിഞ്ഞതും ഭക്തർക്ക് സായൂജ്യമായി. ആകാശത്ത് മറ്റു നക്ഷത്രങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഉത്രം നക്ഷത്രത്തോടൊപ്പം മകരവിളക്കിന്റെ ദർശനം ലഭിച്ചതിന്റെ സായൂജ്യത്തിലാണ് ഭക്തജനങ്ങൾ. പന്തളം കൊട്ടാരത്തിൽ നിന്നും കൊണ്ടുവന്ന തിരുവാഭരണങ്ങൾ ചാർത്തി സർവാഭരണ വിഭൂഷിതനായ അയ്യപ്പന്റെ ദിവ്യദർശനം ലഭിച്ചതിന്റെ സായൂജ്യത്തിലാണ് ഭക്തർ. അച്ഛൻ കൊടുത്തു വിട്ട ആഭരണങ്ങളും ആയുധങ്ങളും ഏന്തി മണികണ്ഠനായി നിൽക്കുന്ന അയ്യപ്പന്റെ ദർശനമാണ് ഭക്തജനങ്ങൾക്ക് ലഭിച്ചത്.
മകരവിളക്ക് മഹോത്സവത്തിനായി ശുദ്ധിക്രിയകൾ ഉൾപ്പെടെ സന്നിധാനത്ത് പൂർത്തിയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2.50 നാണ് മകര സംക്രമ പൂജകൾക്കു വേണ്ടി നട അടച്ചത്. ഉച്ചകഴിഞ്ഞ് 3.08ന് സംക്രമാഭിഷേകം നടന്നിരുന്നു. ഒരേ മനസ്സോടെ ശരണം വിളികളുമായി കാത്തിരുന്ന അയ്യപ്പഭക്തർക്ക് ആണ് ഇപ്പോൾ പൊന്നമ്പലമേട്ടിലെ ദിവ്യ ജ്യോതിയുടെ ദർശനം ലഭിച്ചത്. നട തുറന്നതിന് തൊട്ടു പുറകെ പൊന്നമ്പമേട്ടിൽ മകരജ്യോതി തെളിഞ്ഞതോടെ സന്നിധാനത്തു നിന്നും ശരണവിളികൾ ഉയർന്നു മുഴങ്ങി.
ALSO READ:മകരവിളക്കും മകരജ്യോതിയും ഒന്നല്ല! വ്യത്യാസം അറിയാം
പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ഘോഷയാത്ര പരമ്പരാഗത പാതയിലൂടെ വൈകുന്നേരം അഞ്ചരയോടെയാണ് ശരംകുത്തിയിൽ എത്തിച്ചേർന്നത്. തുടർന്ന് 6:20 ഓടെ ഘോഷയാത്ര സന്നിധാനത്ത് എത്തിച്ചേർന്നു. വൈകിട്ട് 6.40നാണ് ദീപാരാധന നടന്നത്. ഈ സമയത്താണ് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞത്.
പ്രധാനമായും സന്നിധാനം, പാണ്ടിത്താവളം, ശരംകുത്തി, മരക്കൂട്ടം, പുല്‍മേട്, ഹില്‍ടോപ്പ്, നീലിമല, ചാലക്കയം, അട്ടത്തോട് എന്നിങ്ങനെ 9 സ്ഥലങ്ങളില്‍ നിന്ന് മകരവിളക്ക് ഭക്തര്‍ക്ക് ദര്‍ശനം ലഭിക്കുക.