Thiruvathira 2026: ഇന്ന് ധനുമാസത്തിലെ തിരുവാതിര; ശിവപാർവ്വതി ക്ഷേത്രങ്ങളിൽ ഇന്ന് പ്രത്യേക പൂജകളും വഴിപാടുകളും നടക്കും
Thiruvathira 2026: ശിവന്റെ ജന്മം നക്ഷത്രമായ തിരുവാതിര ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നത് വളരെ നല്ലതായി...
ധനുമാസത്തിലെ തിരുവാതിര ഇന്ന്. കേരളത്തിൽ പ്രധാനമായും ആഘോഷിക്കപ്പെടുന്ന ഒരു ഉത്സവമാണ് ധനുമാസത്തിലെ തിരുവാതിര. ശിവന്റെ ജന്മം നക്ഷത്രമായ തിരുവാതിര ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നത് വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. ഇന്ന് വിവിധ ശിവക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും നടക്കുന്നതായിരിക്കും.
കേരളത്തിലെ ചില പ്രമുഖ ശിവപാർവ്വതി ക്ഷേത്രങ്ങളിൽ വിവിധ കലാപരിപാടികളോട് കൂടിയും ധനുമാസത്തിലെ തിരുവാതിര ആഘോഷിക്കപ്പെടാറുണ്ട്. അവയിൽ പ്രധാനപ്പെട്ടത് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം,ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം,വൈക്കം മഹാദേവ ക്ഷേത്രം,ചെന്നല്ലൂർ ശ്രീ മഹാദേവ ക്ഷേത്രം,തൃക്കടീരി ശ്രീ മൂന്നുമൂർത്തി ക്ഷേത്രം,കടമ്പുഴ ഭഗവതി ക്ഷേത്രം എന്നിവയാണ്.
പ്രധാനമായും സ്ത്രീകൾ അനുഷ്ഠിക്കുന്ന വ്രതമാണ് തിരുവാതിര. ഭർത്താവിന്റെ ആയുരാരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടിയാണ് ഈ വ്രതം ആചരിക്കുന്നത്. പാർവതി ദേവി ആദ്യമായി അനുഷ്ഠിച്ച വ്രതമാണ് തിരുവാതിര എന്നും വിശ്വാസം. തിരുവാതിരയുമായി ബന്ധപ്പെട്ട പലതരത്തിലുള്ള ഐതിഹ്യങ്ങളാണ് നിലനില്കുന്നത്.
പരമശിവനിൽ ആകൃഷ്ടയായ പാർവതി ദേവി അദ്ദേഹത്തെ തന്റെ ഭർത്താവായി ലഭിക്കുന്നതിന് വേണ്ടി തിരുവാതിര ദിനത്തിൽ കഠിനമായ വ്രതവും തപസ്സും അനുഷ്ഠിച്ചു എന്നാണ് വിശ്വാസം. പാർവ്വതി ദേവിയുടെ ഈ ഭക്തിയിൽ പ്രീതനായ ഭഗവാൻ ശിവൻ ധനുമാസത്തിലെ തിരുവാതിര നാളിൽ ദേവിയെ പത്നിയായി സ്വീകരിച്ചു എന്നും ഐതീഹ്യങ്ങൾ നിലനിൽക്കുന്നു. ഇതിന്റെ സ്മരണാർത്ഥമാണ് തിരുവാതിര ആചരിക്കുന്നത് തുടങ്ങീ തിരുവാതിരയ്ക്കു പിന്നിൽ വിശ്വാസങ്ങൾ പലതാണ്.
തിരുവാതിര വ്രതം അനുഷ്ടിക്കുന്നവർ ജപിക്കേണ്ട മന്ത്രങ്ങൾ
പഞ്ചാക്ഷര മന്ത്രം
ഓം നമഃ ശിവായ
മഹാ മൃത്യുഞ്ജയ മന്ത്രം
ഓം ത്ര്യംബകം യജാമഹേ സുഗന്ധിം പുഷ്ടിവർധനം ഉർവ്വാരുകമിവ ബന്ധനാൽ മൃത്യോർ മുക്ഷീയ മാമൃതാത്
ശിവ ഗായത്രി മന്ത്രം
ഓം തത്പുരുഷായ വിദ്മഹേ മഹാദേവായ ധീമഹി തന്നോ രുദ്രഃ പ്രചോദയാത്
പ്രാർത്ഥനകൾ
ഓം ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശം വിശ്വാധാരം ഗഗനസദൃശം മേഘവർണ്ണം ശുഭാംഗം ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗമ്യം വന്ദേ വിഷ്ണും ഭവഭയഹരം സർവ്വലോകൈകനാഥം