Temple for eye problems: കണ്ണിനെ കാക്കുന്ന ദൈവമുണ്ട്… വെള്ളീശ്വരരെപ്പറ്റി കേട്ടിട്ടുണ്ടോ?
Velleeswarar temple: വൈദ്യ ചികിത്സകൾ ഒന്നും ഇവിടില്ല. പ്രർത്ഥന മാത്രമേ ഉള്ളൂ. ഇതൊരു വിശ്വാസത്തിന്റെ പുറത്ത് ചെയ്യുന്നതാണെന്നു പ്രത്യേകം ഓർക്കണം.
ചെന്നൈ: കാഴ്ച മങ്ങുമ്പോഴും തിമിരം പോലുള്ള നേത്രരോഗങ്ങൾ ബാധിക്കുമ്പോഴും ആശുപത്രിയിലെത്തി ചികിത്സ ചെയ്യും എന്നല്ലാതെ അമ്പലത്തിൽ പോകുന്ന പതിവ് നമുക്ക് കുറവാണ്. എന്നാൽ കേവലം കണ്ണട വെയ്പിനോ ചികിത്സയ്‌ക്കോ അപ്പുറത്തേക്ക് കാഴ്ച മങ്ങിയാലോ… അത്തരം രോഗങ്ങൾ വരുമ്പോഴാണ് കാഴ്ച ഒരു വരമാണെന്ന് നാം തിരിച്ചറിയുക. ആ വരം തന്ന ദൈവത്തെ നാം തേടുക.
നേത്ര രോഗങ്ങൾക്ക് പലരും എത്തുന്ന ഒരു ക്ഷേത്രം തെക്കേ ഇന്ത്യയിൽ നമ്മുടെ തൊട്ട്അയൽ സംസ്ഥാനത്ത് ഉണ്ടെന്ന് അറിയാവുന്നവർ എത്രപേരുണ്ട്.. വളരെ പുരാതനമായ ചെന്നൈയിലെ മൈലാപൂരുള്ള വെള്ളീശ്വരക്ഷേത്രമാണ് ഇത്. ഈ ക്ഷേത്രത്തിലാണ് നേത്രപ്രശ്‌നങ്ങൾക്ക് പരിഹാരത്തിനായി പലരും എത്തുന്നത്. വൈദ്യ ചികിത്സകൾ ഒന്നും ഇവിടില്ല. പ്രർത്ഥന മാത്രമേ ഉള്ളൂ. ഇതൊരു വിശ്വാസത്തിന്റെ പുറത്ത് ചെയ്യുന്നതാണെന്നു പ്രത്യേകം ഓർക്കണം.
ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. വെള്ളീശ്വരരൂപത്തിലുള്ള ശിവന് സമീപം ഭാര്യ പാർവ്വതിയെ കാമാക്ഷീ രൂപത്തിലും പ്രതിഷ്ഠിച്ചിട്ടുണ്ട്. നേത്ര രോഗങ്ങളുള്ളവർക്കു പുറമേ ശുക്രദോഷവുമായും ഇവിടം ബന്ധപ്പെട്ടിരിക്കുന്നു. ശുക്ര ദോഷ പരിഹാരത്തിനുള്ള വഴിപാടുകൾ നടത്താനും ഇവിടെ ആളുകളെത്തുന്നുണ്ട്. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടു രസകരമായ ഒരു പുരാണ കഥയുണ്ട്. പണ്ട് അസുര ഗുരുവായ ശുക്രാചാര്യർ വാമന അവതാരമെടുത്തപ്പോൾ കാഴ്ച നഷ്ടപ്പെട്ടിരുന്നു.
ദുഃഖത്താൽ വലഞ്ഞ അദ്ദേഹം ശിവനെ പ്രാർത്ഥിച്ച്, കാഴ്ച വീണ്ടെടുക്കാൻ മൈലാപ്പൂരിലെ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കഠിനമായ തപസ്സു ചെയ്തു. അദ്ദേഹത്തിന്റെ ഭക്തിയിൽ സന്തുഷ്ടനായ ശിവൻ ശുക്രാചാര്യർക്ക് കാഴ്ച തിരികെ നൽകി. അങ്ങനെ, ശിവൻ വെള്ളി എന്ന ശുക്രാചാര്യന്റെ ഈശ്വരർ വെള്ളീശ്വരരായി.
ക്ലാസിക് ദ്രാവിഡ ശൈലിയിലുള്ള ഈ ക്ഷേത്രത്തിൽ ആകർഷകമായ വാസ്തുവിദ്യയാണ് ഉള്ളത്. സങ്കീർണ്ണമായ കൊത്തുപണികളാൽ അലങ്കരിച്ച ഒരു പ്രമുഖ കവാട ഗോപുരവും ഈ ക്ഷേത്രത്തിന്റെ പ്രധാന സവിശേഷത തന്നെ.